Kerala

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

രൂപതാമെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത്...

ജോസ് മാർട്ടിൻ

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാൻസിസ് പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ നിയമിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സീറോ-മലബാർ സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു.

തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസട്രേറ്ററുടെ ചുമതലകൂടി നിർവ്വഹിക്കുന്നത്.

പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പർ കാനൻ അനുസരിച്ച് നൽകിയ സേദേ പ്ലേന (Sede Plena ഒരു അതിരൂപതാ മേജർ ആർച്ചു ബിഷപ്പ് തുടരുമ്പോൾത്തന്നെ പാപ്പ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമാണ് സേദേ പ്ലേന) യിൽ ആർച്ച് ബിഷപ്പ് ആഡ്രൂസ് താഴത്തിന് നൽകിയിരിക്കുന്ന നിയമനപത്രത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്വങ്ങളും, അവകാശങ്ങളും കൃത്യമായി നിർണയിച്ചിട്ടുണ്ട്.

ഒരു രൂപതാമെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത്. മേജർ ആർച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിർവ്വഹണത്തിൽ പരിശുദ്ധ സിംഹാസനത്തോടാണ് അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളിൽ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവുനൽകുന്നതിനെക്കുറിച്ചും നിയമനപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രി നൽകിയിരിക്കുന്നത്.

അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡൽഹിയിൽ നിന്ന് അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജില്ലി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker