Meditation

All Saints’ Day_ദൈവത്തിന്റെ ചങ്ങാതിക്കൂട്ടം (മത്താ 5:1-12)

സുവിശേഷഭാഗ്യങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാൽ അവയിൽ യേശുവിന്റെ ഛായാചിത്രം കാണാൻ സാധിക്കും...

സകല വിശുദ്ധരുടെയും തിരുനാൾ

വിശുദ്ധരും പാപികളും ജീവിതത്തിന്റെ അപാരമായ തീർത്ഥാടനത്തിലേക്ക് പരസ്പരം കൈകോർക്കുന്ന അനുപമ ദിനം. സന്തോഷത്തിന് തുല്യമാണ് വിശുദ്ധിയെന്ന തിരിച്ചറിവിന്റെ ദിനം.

വിശുദ്ധരുടെ ഛായാചിത്രങ്ങളാണ് സുവിശേഷഭാഗ്യങ്ങൾ അടയാളപ്പെടുത്തുന്നത്. ആരുടെയും മുഖത്ത് മ്ലാനതയോ വൈഷമ്യമോ വിദ്വേഷമോ ഇല്ല. മറിച്ച് അവർ അനുഭവിച്ച മനുഷ്യത്വത്തിന്റെ ശാന്തതയും സന്തോഷവും സൗന്ദര്യവുമാണുള്ളത്.

സുവിശേഷഭാഗ്യങ്ങൾക്ക് മതപരമായ മനോഭാവവുമായി നേരിട്ട് ഒരു ബന്ധവുമില്ല. അനുഗൃഹീതർ അഥവാ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന ഓരോ വാക്യവും മാനവികതയുടെ വ്യത്യസ്ത മുഖത്തെയാണ് ചിത്രീകരിക്കുന്നത്. അതിൽ ദൈവം ഒരു കഥാപാത്രമായി കടന്നുവരുന്നില്ല. അവിടെ നിറഞ്ഞു നിൽക്കുന്നത് ദരിദ്രരും വിലപിക്കുന്നവരും ശാന്തശീലരും വിശക്കുന്നവരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും പീഡിതരും മാത്രമാണ്. മനുഷ്യാവസ്ഥയുടെ വ്യത്യസ്ത ഭാവങ്ങളാണത്. മാനുഷിക മനോഭാവം കൂടിയാണത്. തെരുവുകളിലും വീടുകളിലും ദൈനംദിന ജീവിതത്തിലും നിറയുന്ന വിശുദ്ധിയുടെ ചിത്രമാണത്. അപ്പോൾ എവിടെ ദൈവം? അവൻ ഒഴിവാക്കപ്പെട്ടുവോ? ഇല്ല. അവനുണ്ട് എല്ലാ സുവിശേഷഭാഗ്യങ്ങളുടെയും രണ്ടാം ഭാഗത്തിൽ. അവനാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഗ്യാരണ്ടിയും പ്രതിഫലവും. അവനാണ് ദരിദ്രരുടെ സ്വർഗ്ഗരാജ്യം, വിലപിക്കുന്നവരുടെ ആശ്വാസം, ശാന്തരുടെ അവകാശം, വിശക്കുന്നവരുടെ സംതൃപ്തി, നിർഭാഗ്യരുടെ ആർദ്രത, ഹൃദയശുദ്ധതയുടെ ദർശനം. അവനാണ് അവരുടെ ജീവിതത്തിന്റെ നിത്യത. അവനാണ് അവരുടെ വർത്തമാനവും ഭാവിയും. ആ സാന്നിധ്യം തകർക്കാനാവാത്ത ഒരു ജീവിതം തന്നെയാണ്. ആ ഭാഗ്യവും ആ പ്രതിഫലവും ഒരു വ്യക്തിഗത പറുദീസയല്ല, ലോകത്തിന്റെ ഭാവിയുടെ ഉറപ്പാണ്.

“ശാന്തശീലർ ഭാഗ്യവാന്മാർ, അവർ ഭൂമി അവകാശമാക്കും” (v.5). പ്രത്യേകം ധ്യാനിക്കേണ്ട ഒരു സുവിശേഷഭാഗ്യമാണിത്. വിശുദ്ധിയെന്നത് മണ്ണിനോട് ചേർന്ന് നിൽക്കുന്ന യാഥാർത്ഥ്യമാണ്. അത് അനുഭവിക്കേണ്ടത് ഭൂമിയിലാണ്, മനുഷ്യരുടെ ഇടയിലാണ്. മണ്ണിൽ വേരുറപ്പിക്കാത്ത, മനുഷ്യരുടെ ഭാഷ സംസാരിക്കാത്ത, തെരുവുകളുടെ സ്പന്ദനം അറിയാത്ത ജീവിതരീതിയെ വിശുദ്ധമെന്ന് കരുതരുത്.

സുവിശേഷഭാഗ്യങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാൽ അവയിൽ യേശുവിന്റെ ഛായാചിത്രം കാണാൻ സാധിക്കും. അവൻ അവനെക്കുറിച്ച് തന്നെയല്ലേ ഈ പറയുന്നത് എന്ന് തോന്നും. അത് ശരിയാണ്. അങ്ങനെ വരുമ്പോൾ വിശുദ്ധി എന്നത് എല്ലാം പെരുപ്പിച്ചു കാണിക്കുന്ന ശക്തിയും ശുദ്ധിയും ഒന്നുമല്ല, ക്രിസ്തുവിന്റെ പ്രതിഫലനമാണത്. ക്രിസ്തുവിനെ വാക്കിലും ചിന്തയിലും പ്രവർത്തിയിലും പ്രകാശിപ്പിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ക്രിസ്തുചിത്രം വരയ്ക്കാൻ സാധിക്കാതെ വരുന്നതാണ് ക്രൈസ്തവ ജീവിതത്തിന്റെ ദുരന്തം.

എല്ലാ വിശുദ്ധ ജീവിതങ്ങൾക്കും ഒരു രഹസ്യമുണ്ട്. അതൊരു നിഗൂഢതയല്ല. അത് അവരുടെ ഇച്ഛാശക്തിയുടെ കാര്യവുമല്ല. ആ രഹസ്യം അവർ ദൈവത്തിന്റെ സുഹൃത്തുക്കളാണ് എന്നതാണ്. അങ്ങനെയുള്ളവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. അതെ, ദൈവത്തിന്റെ സുഹൃത്തുക്കൾ നമ്മുടെ ഇടയിൽ വസിക്കുന്നുണ്ട്. കണ്ണുള്ളവർ മാത്രം അവരെ കാണുന്നു.

വിശുദ്ധരാകാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. കയ്യെത്തും ദൂരത്തുള്ള നന്മയാണത്. സന്തോഷിക്കാനുള്ള വിളിയാണത്. ഇതിന്റെ മുൻപിൽ വേറൊരു ഓപ്ഷനുമില്ല എന്ന കാര്യം ഓർക്കണം. അതുപോലെതന്നെ സദ്ഗുണവാനായിരിക്കുക എന്നതുമല്ല വിശുദ്ധി എന്ന കാര്യവും. പുണ്യം നിന്നെ വിശുദ്ധനാക്കും എന്ന് വിചാരിക്കരുത്. യോഗ്യതകൾ കൊണ്ട് ആരും വിശുദ്ധരാകുന്നില്ല. കാരണം, പുണ്യങ്ങൾക്കും അപ്പുറത്താണ് സുവിശേഷഭാഗ്യങ്ങൾ.

വിശുദ്ധിയെന്നത് ആന്തരികമായ ഒരു തള്ളലാണ്. ഹൃദയത്തിന്റെ ശുദ്ധീകരിക്കപ്പെട്ട സഹജാവബോധമാണത്. ആനന്ദമാണ് അതിന്റെ മന്ത്രം. ഇളംതെന്നലിലെ കർത്താവിന്റെ സാന്നിധ്യം പോലെ നമ്മുടെ ഉള്ളിലെ ക്രിസ്തുസാന്നിധ്യമാണത്. ആ സാന്നിധ്യം നമ്മെ സുവിശേഷ ഭാഗ്യങ്ങളിലൂടെ കൈപിടിച്ചു നടത്തും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker