Sunday Homilies

1st Sunday_Advent_കള്ളനെപ്പോലെ ഒരു ദൈവം (മത്താ 24:37-44)

ഉപരിപ്ലവതയുടെ ദിനങ്ങളായിരുന്നു നോഹയുടെ നാളുകൾ. ഇതുതന്നെയാണ് നമ്മുടെ യുഗത്തിന്റെയും ദോഷം...

ആഗമനകാലം ഒന്നാം ഞായർ

ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ ആഴമായ ചോദനകൾ എന്നീ യാഥാർത്ഥ്യങ്ങളുമായി ചേർത്തു വായിക്കുന്ന ദിനരാത്രങ്ങൾ. പാതകളുടെ കാലമാണ് ആഗമനം. സങ്കീർത്തകനെ പോലെ ദൈവത്തിന്റെ വചനത്തിനെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാക്കുന്ന ദിനങ്ങൾ (119:105). ദൈവത്തിന്റെ കാൽപ്പാടുകൾ തേടുന്ന ദിനങ്ങൾ. ഏറ്റവും അവസാനത്തെ ദരിദ്രനിലും കുഞ്ഞുങ്ങളുടെ കണ്ണുകളിലും കരയുന്നവരുടെ കണ്ണീരുകളിലും ചിരിക്കുന്നവരുടെ കവിളുകളിലും ദൈവത്തെ കണ്ടെത്തുന്ന ദിനങ്ങൾ.

“നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍, നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞുപോന്നു” (vv.37-38). ജാഗ്രതയുടെ സമയമാണ് ആഗമനം. തിന്നുക, കുടിക്കുക, വിവാഹം ചെയ്യുക, ചെയ്തു കൊടുക്കുക തുടങ്ങിയവ സാധാരണതയെ സൂചിപ്പിക്കുന്ന ക്രിയകളാണ്. അവ തന്നെയാണ് ജീവിത തിരക്കിനെയും സൂചിപ്പിക്കുന്നത്. ദിനചര്യകളുടെയുള്ളിൽ അപകടം ഒന്നും നമ്മൾ കാണുന്നില്ല. അത് നമ്മൾ ശ്രദ്ധിക്കുന്നില്ല. അതിലേക്കാണ് നോഹയുടെ കാലത്ത് പ്രളയം കടന്നുവരുന്നത്. ഇന്നിതാ, നമ്മിലേക്ക് ഒരു ജീവിതാവസരം സുവിശേഷം വച്ചു നീട്ടുന്നു. ദൈനംദിനതയുടെയുള്ളിലെ ദൈവിക രഹസ്യത്തെ തിരിച്ചറിയുക. ഓർക്കുക, പരിചിതമായവയ്ക്ക് പിന്നിൽ അസാധാരണമായത് ഉണ്ട്, അനുദിനമായതിനുള്ളിൽ വിശദീകരിക്കാനാവാത്തതും ഉണ്ട്. ശീലം എന്ന് നീ കരുതുന്നത് തന്നെയായിരിക്കാം നിന്നെ ഏറ്റവും വിഷമിപ്പിക്കുക.

ഉപരിപ്ലവതയുടെ ദിനങ്ങളായിരുന്നു നോഹയുടെ നാളുകൾ. ഇതുതന്നെയാണ് നമ്മുടെ യുഗത്തിന്റെയും ദോഷം. ബാഹ്യപരതയല്ല, അതിർത്തിയിലെ പടയാളികളെ പോലെയുള്ള ജാഗ്രതയാണ് ഇനി നമുക്ക് വേണ്ടത്. എങ്കിൽ മാത്രമേ അടിച്ചമർത്തിയ നൊമ്പരങ്ങളെയും സഹായത്തിനായി ഉയരുന്ന കരങ്ങളെയും ആരെയോ തേടുന്ന കണ്ണുകളെയും എന്തൊക്കെയോ പറയാൻ വിതുമ്പുന്ന ചുണ്ടുകളെയും നിശബ്ദമായ കണ്ണുനീരുകളെയും നമുക്ക് മനസ്സിലാക്കാൻ സാധിക്കു. ഓരോ സൂര്യോദയവും നമ്മിൽ എത്രമാത്രം ദൈവിക നന്മകളാണ് അവശേഷിപ്പിക്കുന്നത്! ജാഗ്രതയുണ്ടെങ്കിൽ അവയേയും നമ്മൾ തിരിച്ചറിയും.

“കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന്‌ ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍…” (v.43). ദൈവം ഒരു കള്ളനെ പോലെ വരുന്നു. ആരെയും അസ്വസ്ഥമാക്കുന്ന ഒരു രൂപകമാണിത്. ആകാശത്ത് നക്ഷത്രങ്ങളുള്ളപ്പോൾ, നിശബ്ദനായി, ആരവങ്ങളും ബഹളവമില്ലാതെ അവൻ വരുന്നു. കള്ളനാണ് ഇവിടെ കഥാപാത്രം. “കള്ളന്മാർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും, പക്ഷേ ന്യായാധിപനായ ക്രിസ്തു എപ്പോഴും ഉണ്ടായിരിക്കുകയില്ല”. ദരിദ്രരെക്കുറിച്ചുള്ള യേശുവിന്റെ പ്രശസ്തമായ ഒരു വാചകത്തിന് ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ രാഷ്ട്രീയക്കാരുടെ അഴിമതിയെ പരിഹസിക്കുന്നതാണിത്. വിപരീത ധ്രുവങ്ങളുടെ പ്രതിനിധികളാണ് കള്ളനും ന്യായാധിപനും. ഇന്നത്തെ സുവിശേഷത്തിൽ ഇവ രണ്ടും ഒന്നായി മാറുന്നു. കള്ളനായി വരുന്ന ന്യായാധിപൻ! അതാണ് ഈ സുവിശേഷ ഭാഗത്തിലെ യേശു ചിത്രം.

ഇരുളിൽ വരുന്നവൻ സ്നേഹിതനും വിധിയാളനുമാണ്. ഉണർന്നിരിക്കുന്നവർ അവനെ തിരിച്ചറിയുന്നു. കാരണം, അവർ തങ്ങളുടെ ഹൃദയത്തിന്റെ കോണിൽ എന്നും ഒരു തിരി തെളിച്ച് വച്ചിട്ടുണ്ട്. വരുന്നവൻ നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ സഞ്ചരിക്കുന്നവനും ഹൃദയങ്ങളെ കാണുന്നവനുമാണ്. സുതാര്യമായ കണ്ണുകളുള്ള അവൻ നൊമ്പരങ്ങളുടെ ആഴവും സ്നേഹത്തിന്റെ തീവ്രതയും തിരിച്ചറിയും. ആ ദൈവത്തെ കാത്തിരിക്കുന്ന കാലം കൂടിയാണ് ആഗമനം. അതെ, കാത്തിരിപ്പ് എന്നാൽ സ്നേഹം എന്ന ക്രിയയുടെ രൂപഭേദനിർവ്വചനം കൂടിയാണ്. കാത്തിരിപ്പ് സമം സ്നേഹം തന്നെയാണല്ലോ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker