Articles

ആധുനിക യുഗത്തിലെ ആത്മീയ വെളിച്ചം

സുവിശേഷവൽക്കരണത്തിന് ഒരുപരിധിവരെ സോഷ്യൽ മീഡിയയും ടെക്നോളജിയും കൂടിയേ തീരൂ...

സി.ജെസ്സിൻ എൻ.എസ്., റോം.

ആധുനികയുഗത്തിൽ ഗ്ലോബലൈസേഷന്റെയും സോഷ്യൽ മീഡിയയുടെയും അത്യുജ്വലമായ വരവോടുകൂടി ലോകത്തിന്റെ തന്നെ തനിമയെ മാറ്റിമറിച്ചു കൊണ്ട് പുതിയ അവസരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആധുനിക സംവിധാനങ്ങളും നമുക്ക് മുൻപിൽ തുറക്കപ്പെട്ടു കഴിഞ്ഞു. നമുക്ക് നേരിടുന്ന പല സങ്കീർണ്ണതകളെയും ബുദ്ധിമുട്ടുകളെയും പുതിയ ടെക്നോളജികൾ ഉപയോഗിച്ചുകൊണ്ട് യഥാസമയം വിരൽത്തുമ്പിൽ കണക്ട് ചെയ്തു Easy and Instant കമ്മ്യൂണിക്കേഷൻ സാധ്യമാക്കി തരുന്ന മാന്ത്രിക ലോകം. എന്നാൽ, ഈ ലോകത്തിന്റെ, ആധുനികവൽക്കരണം വഴി പല അപകട സാധ്യതകളും നമ്മെ വേട്ടയാടുന്നു എന്നത്, അനുദിന ജീവിതത്തിലൂടെ നാം അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ഇവിടെ ലോകം അന്വേഷിക്കുന്നത് സ്വന്തം നിലനിൽപ്പും ലാഭം കൊയ്യുവാനുള്ള ആർത്തിയുമാണ്. ഈ നേട്ടത്തിനുവേണ്ടി ഏതു കുറുക്കുവഴിയും സ്വീകരിച്ചുകൊണ്ട് അപരനെ ഒറ്റിക്കൊടുക്കുവാനും ബലി കഴിക്കുവാനും, ചവിട്ടി മെതിക്കുവാനും, അങ്ങനെ സ്വാർത്ഥതയുടെ ബാബേൽ ഗോപുരം പണിതുയർത്തുവാനും വേണ്ടി മജ്ജയും മാംസവും മനുഷ്യത്വം നഷ്ടപ്പെട്ട ജഡപിടിച്ച വികൃത രൂപങ്ങളെ ചുറ്റോടും കണ്ണോടിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും.

ഈയൊരു മാറ്റം, സമർപ്പിത സമൂഹങ്ങളെയും, വ്യക്തികളെയും ഒരു പരിധിവരെ കാർന്നുതിന്നുവാൻ തുടങ്ങി എന്നത് യാഥാർത്ഥ്യം തന്നെയാണ്. അതിന്റെ ഫലമായി നാം പലപ്പോഴും പുതുമകളിലേക്കും പുരോഗതികളിലേക്കും മാറുന്നു. യാന്ത്രികമായ ഈ മാറ്റത്തിൽ സന്യാസത്തിന്റെ അടിസ്ഥാന വേരു കളെയും തായ്തണ്ടിനെയും മറന്നുപോകുന്നുണ്ടോ എന്ന് ഈ പുതുവത്സരത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ, നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത, സുവിശേഷവൽക്കരണത്തിന് (ക്ലാസ്സ്, സെമിനാർ, ബോധവൽക്കരണ ക്യാമ്പ്, etc…) ഒരുപരിധിവരെ സോഷ്യൽ മീഡിയയും ടെക്നോളജിയും കൂടിയേ തീരൂ. മാത്രവുമല്ല, ഇവയുടെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതും ആവശ്യസമയങ്ങളിൽ ഉപയോഗിക്കേണ്ടതും പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ. പുത്തൻ ഉണർവോടുകൂടെ പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോകം മഹത്വരമായി കാണുന്ന ഒന്നിനെയും സുവിശേഷത്തിന്റെ ആത്മീയത അംഗീകരിക്കുന്നില്ല എന്ന വസ്തുത ഒരിക്കൽ കൂടി ഹൃദയത്തിൽ കോറിയിടാം.

കാരണം ഈ ലോകം മാറും, ചുറ്റുപാടുകൾ മാറും, വ്യക്തികൾ മാറും, സാഹചര്യങ്ങൾ മാറും… എന്നാൽ, മാറ്റമില്ലാത്തവന്റെ… മാറ്റപ്പെടാത്തവന്റെ… വിളിക്കുള്ള ഉത്തരമാണ് എന്റെ ദൈവവിളി. യോഹ: 1:2-ൽ പറയുന്നു, “അവൻ ആദിയിൽ ദൈവത്തിന്റെ കൂടെയായിരുന്നുവെന്ന്”. അതെ, കൂടെ നടക്കുവാനും കൂട്ടിരിക്കുവാനുമായി കടന്ന് വന്ന നാം, ഇന്ന് ആധുനികയുഗത്തോടൊപ്പം അസംതൃപ്തിയുടെയും സ്വാർത്ഥതയുടെയും തീരങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്റെ ഹൃദയത്തിൽ അർപ്പിക്കുന്ന ധൂപങ്ങളാണ് എന്നെ വ്യത്യസ്തനാക്കുന്നത് എന്ന തിരിച്ചറിവോടെ, സന്യാസ തീഷ്ണതയിലേക്ക് തിരിഞ്ഞു നടക്കാം. വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു: സന്യാസ ജീവിതം “ദൈവത്തിന്റെ പ്രവർത്തി ചെയ്യുവാനുള്ള വിളിയാണെന്ന്”. അതെ, സഭയെ പടുത്തുയർത്തുവാനുള്ള സമ്മാനമാണ് എന്റെ ദൈവവിളി. പടുത്തുയർത്തണമെങ്കിൽ, ഞാൻ ചേർന്നുനിൽക്കണം ചേർന്നു നിന്നാൽ പോരാ… മറിച്ച്, ചേർത്തുപിടിക്കണം. അതിന്, ഞാൻ ആകുന്ന മതിലുകൾ തകർത്ത്, സഹോദരങ്ങളിലേക്ക് തിരിയണം. അതിന്, അപരനെ നോക്കി പുഞ്ചിരിക്കാൻ മറക്കാതെ, ആത്മാർത്ഥമായി സ്നേഹിക്കുവാൻ മറക്കാതെ, ആശ്വാസവാക്ക് പറയുവാന്‍ മറക്കാതെ, ആരെയും അപമാനിക്കാതെ, നിരാശയിലേക്ക് തള്ളിയിടാതെ, അപരനെ ചേർത്തുപിടിച്ച് മിശിഹായോടൊപ്പം യാത്ര ചെയ്യാം. അപ്പോൾ, ലോകത്തെ ഉണർത്തുവാൻ ഞാൻ നിങ്ങളെ പ്രതീക്ഷിക്കുന്നു എന്ന് സമർപ്പിതരെ നോക്കി പറഞ്ഞ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് ഉത്തരമായി, ഞാനാകുന്ന സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെ വാതിലുകൾ തുറന്ന്‌ സ്വർഗ്ഗത്തിലേക്കുള്ള കോവണിപ്പടികൾ കയറാം.

ഈ പുതുവർഷം ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker