Articles

അനുരജ്ഞിതരായ് തീർന്നീടാം, നവമൊരു പീഠമൊരുക്കീടാം

നിങ്ങൾ വിഷം കൊടുത്ത് വളർത്തിയവർ ദേവാലയത്തിനുള്ളിൽ ബലിയർപ്പണവേളയിൽ പരസ്പരം കടിച്ചുകീറുന്നത് എന്തറിഞ്ഞിട്ടാണ്?...

ഫാ.തോമസ് (ബേബി) കരിന്തോളിൽ
പ്രൊക്കുറേറ്റർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി വടവാതൂർ

ക്രിസ്തുവിന്റെ പ്രതിപുരുഷൻമാരും ബലിയർപ്പകരുമായ എന്റെ സഹോദര വൈദികർക്ക് പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കർത്താവിന്റെ കബറിടവും വിശുദ്ധീകരണത്തിന്റെ ഇടവുമായ വിശുദ്ധ ബലിപീഠത്തിനിരുവശവും നിന്ന് പരസ്പരം കടിച്ചുകീറാനൊരുങ്ങുന്ന ദൈവജനത്തിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ഇന്നലെ രണ്ട് മനസ്സോടെ ആലപിച്ചത് “അനുരജ്ഞിതരായ് തീർന്നീടാം നവമൊരു പീഠമൊരുക്കീടാം” എന്നായിരുന്നല്ലോ. ‘ഇത് എന്റ ഓർമ്മയ്ക്കായ് ചെയ്യുവിൻ’ എന്നരുളിച്ചെയ്തവനെ അക്ഷരംപ്രതി അനുസരിക്കാൻ തിരക്കുകൂട്ടിയ നിങ്ങൾ മറന്നു പോയ ഒരു തിരുവചനമുണ്ട്. “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്ന് കാഴ്ചയർപ്പിക്കുക” (മത്തായി 5:23-24). അനുരജ്ഞനത്തിന്റെ പവിത്രവേദിയെ നിങ്ങളിന്നലെ സമര വേദിയാക്കിയത് ബഫർ സോണിനെതിരെയോ ലഹരി മാഫിയയ്‌ക്കെതിരെയോ പാളം തെറ്റുന്ന മൂല്യബോധങ്ങൾക്കെതിരെയോ അല്ലായിരുന്നു. മറിച്ച്, യഥാർത്ഥമായ ആരാധന എവിടെയാണെന്ന് ആരാഞ്ഞ സമരിയാക്കാരിയോട് ‘ഈ മലയിലോ ജെറുസലേമിലോ അല്ല സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്’ (യോഹന്നാൻ 4:22-24) എന്ന് പറഞ്ഞ ക്രിസ്തുവിനെതിരേയാണ്. നമ്മെ സൃഷ്ടിക്കാനും പരിപാലിക്കാനും കരുത്തുള്ള ദൈവത്തെ എങ്ങിനെയാണ് പ്രസാദിപ്പിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് നിങ്ങൾ ബലിയർപ്പിച്ച് കലഹിച്ചത്. ദൈവത്തെ ഇപ്രകാരം പ്രസാദിപ്പിക്കാൻ കഴിയുമെന്ന് ആധികാരികതയോടെ പറയാൻ നാം ആരാണ്? കർത്താവിന് എന്താണ് സമർപ്പിക്കേണ്ടതെന്ന് അവിടെ ചെന്നെത്തും വരെ ഞങ്ങൾക്ക് അറിഞ്ഞുകൂടാ (പുറപ്പാട് 10:26) എന്ന് പറയാനുള്ള നിഷ്കളങ്കത നമ്മുടെ പൗരോഹിത്യം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്.

പരിശുദ്ധാത്മാവിന്റെ പ്രേരണയ്ക്ക് വിധേയമായി സഭ നൂറ്റാണ്ടുകളിലൂടെ ധ്യാനിച്ച് ദൈവവചനത്തിന്റെ പശ്ചാത്തലത്തിൽ സൂനഹദോസുകകളുടെ കൂട്ടായ്മയിൽ ചിട്ടപ്പെടുത്തിയതാണ് ആരാധനാ സമ്പ്രദായങ്ങൾ. അതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും ചർച്ചകൾക്കും ക്രിസ്തീയമായ പരിധികൾ ആവശ്യമില്ലേ? ഈ കറുത്തദിനങ്ങളും കടന്നുപോകുമെന്ന് നമുക്ക് വെറുതേ പ്രത്യാശിക്കാം. പക്ഷേ നിങ്ങൾ രണ്ടുപക്ഷത്തിന്റെയും കോലാഹലങ്ങൾക്കിടയിൽ സ്വരം നഷ്ടപ്പെട്ട ഒരു നിഷ്പക്ഷഭൂരിപക്ഷത്തിന്റെ ദൈവജനത്തിന്റെ ഹൃദയത്തിൽ നിങ്ങൾ ഏല്പിച്ചുകൊണ്ടിരിക്കുന്ന മുറിവുകൾ നിത്യമായി അവശേഷിക്കും. നിങ്ങൾ വിഷം കൊടുത്ത് വളർത്തിയവർ ദേവാലയത്തിനുള്ളിൽ ബലിയർപ്പണവേളയിൽ പരസ്പരം കടിച്ചുകീറുന്നത് എന്തറിഞ്ഞിട്ടാണ്? എന്തിന് വേണ്ടിയാണ്? ‘നമ്മൾ തമ്മിലും നമ്മുടെ ഇടയൻമാർ തമ്മിലും കലഹമുണ്ടാകരുത് കാരണം നമ്മൾ സഹോദരങ്ങളാണ്’ (ഉത്പത്തി 13:8) എന്ന് പറഞ്ഞ അബ്രാഹത്തിന്റെ മനസ്സ് നമുക്ക് എവിടെയാണ് നഷ്ടമായത്.

കൊറോണ അടച്ചുപൂട്ടിയ ദേവാലയങ്ങളെ എത്ര പ്രതീക്ഷകളോടെയാണ് നാം വീണ്ടും തുറന്നത്. അതിലും വലിയ രോഗാണുക്കൾ നിങ്ങളിലെ സാഹോദര്യഭാവങ്ങളെ തിന്നുതീർത്തോ? “നീ പീഡിപ്പിക്കുന്ന ഈശോയാണ് ഞാൻ” (അപ്പ പ്രവ. 9:5) എന്ന് ബലിവേദിയെ മലിനീകരിച്ച നിങ്ങളെ നോക്കി അവിടുന്ന് അരുൾ ചെയ്യുന്നുണ്ട്. താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അവൻ ആരോടും കലഹിച്ചില്ല പരിഭവിച്ചില്ല പകരം മേലങ്കി മാറ്റി അവൻ കച്ചയും വെള്ളവും കാലു കഴുകാനെടുത്തു. ആ കച്ചയും വെള്ളവും അവഗണിച്ച് വിദ്വേഷത്തിന്റെയും വാശിയുടെയും പുറത്ത് നിങ്ങൾ എന്താണർപ്പിച്ചത്? വെറും വീഞ്ഞു കുടിക്കാനും അപ്പം തിന്നാനും കലഹിക്കാനും ജയിക്കാനുമാണ് നിങ്ങൾ വിശുദ്ധ മദ്ബഹയിൽ നിൽക്കുന്നതെങ്കിൽ “തിന്നാനും കുടിക്കാനും നിങ്ങൾക്ക് വീടുകളില്ലേ?” (1കോറി 11:21) എന്ന വി. പൗലോസിന്റെ വാക്കുകൾ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട് – നിങ്ങൾ ഒന്നിച്ചുകൂടുമ്പോൾ കർത്താവിന്റെ അത്താഴമല്ല നിങ്ങൾ ഭക്ഷിക്കുന്നത് (1കോറി 11:17).

വിശ്വാസത്തിന് രക്‌തം കൊണ്ട് സാക്ഷ്യം നൽകിയ ആദിമ ക്രൈസ്തവരിൽ നിന്നും ഇന്നുവരെ ജീവിച്ച് കടന്നു പോയവരേക്കാൾ എന്ത് ദൈവശാസ്ത്ര രഹസ്യങ്ങളാണ് നിങ്ങൾക്ക് മാത്രം വെളിപ്പെട്ടുകിട്ടിയത്. സത്യത്തിന്റെ ആൾ രൂപമായിരുന്നിട്ടും സത്യമെന്തെന്ന പീലാത്തോസിന്റെ ചോദ്യത്തിനുമുൻപിൽ മൗനം പാലിച്ച ക്രിസ്തുവിനെക്കാൾ ഉപരിയായാണോ നിങ്ങൾ നിങ്ങളുടെ പിടിവാശികൾക്ക് ദൈവശാസ്ത്ര ഭാഷ്യങ്ങൾ തീർക്കുന്നത്? “ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്” (മത്തായി 9:13) എന്ന് കർത്താവ് പറയുമ്പോൾ “അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമെന്ന്” (1സാമുവൽ 15:22) വീണ്ടും ഓർമ്മിപ്പിക്കുമ്പോൾ നിങ്ങളുടെ നിലപാടുകളെകുറിച്ച് നിങ്ങൾക്കെന്താണ് ദൈവത്തെ ബോധിപ്പിക്കാനുള്ളത്? ദൈവത്തെയോർത്ത് നിങ്ങളുടെ ദൈവശാസ്ത്രം ആവശ്യമില്ലാത്ത ദൈവജനത്തെയോർത്ത് ഈ ദൈവനിന്ദാശ്രമങ്ങൾ അവസാനിപ്പിക്കുക. ഇത് തീർച്ചയായും ദൈവനിന്ദയാണ് ഇത് ബലിയർപ്പണമല്ല. ഇത് സഹോദരനിന്ദയാണ് കാലം ഒരിക്കലും പൊറുത്തുതരാത്ത മഹാപരാധമാണ്.

വൈദിക പരിശീലനകാലത്ത് ഒരു പതിവാക്കിയിരുന്ന ആത്മശോധനയെ ഇരുകൂട്ടരും ഒന്നുകൂടി പൊടിതട്ടിയെടുക്കണം. ആത്മപരിശോധനയുടെ കുമ്പസാരക്കൂട്ടിൽ നിങ്ങളെ നിർത്തി സ്വയം ചോദിക്കണം “ഞാൻ ആരെയാണ് തോൽപിച്ചുകൊണ്ടിരിക്കുന്നത്?”

ധർമ്മാധർമ്മങ്ങൾക്ക് രക്തം കൊണ്ട് വിധിന്യായമെഴുതാൻ ശ്രമിച്ച കുരുക്ഷേത്രഭൂമിയിൽ മഹായുദ്ധത്തിന്റ പതിനേഴാംനാൾ കൗരവമാതാവായ ഗാന്ധാരി എത്തി. എങ്ങും ചിതറിക്കിടക്കുന്ന മക്കളുടെയും ബന്ധുജനത്തിന്റെയും മൃതശരീരങ്ങൾ കണ്ട് ഗാന്ധാരി കൃഷ്ണഭഗവാനോട് ഇപ്രകാരം ചോദിച്ചത്രേ “ഭഗവാനേ ആരാണ് ജയിച്ചത്?” ത്രികാലജ്ഞാനിയായ ഭഗവാൻ മൗനം പാലിച്ചതേയുള്ളൂ. ആരും ജയിക്കുന്നില്ല അവനവന്റ പിടിവാശികളിൽ സ്വയം പരാജിതനാവുന്നതേയുള്ളൂ. തിന്മ അതിന്റെ സർവ്വ ഭീകരഭാവങ്ങളുമണിഞ്ഞ് താണ്ഡവമാടുമ്പോൾ നിശ്ശബ്ദത പുലർത്തുന്നത് അതിലും കൊടിയ തിന്മയാണെ ബോധ്യത്തിലാണ് ഇത്രയുമെഴുതിയത്.

11 വർഷം എന്നെ പരിശീലിപ്പിച്ച സെമിനാരികൾ ഈ ബലിയല്ല എന്നെ പഠിപ്പിച്ചത്. ഇത്തരം ബലിവേദികളിൽ നിന്ന് ഓടിയകലാനാണ് 19 വർഷം നീണ്ട പൗരോഹിത്യം എന്നെ പഠിപ്പിച്ചത്.

ഭൂമിയെ സ്വർഗ്ഗത്തോട് അനുരജ്ഞിപ്പിക്കാൻ ദൈവത്വം വരെ ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങി വന്നവന്റെ പിറവിത്തിരുന്നാൾ മംഗളങ്ങൾ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker