Meditation

6th Sunday_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

നിയമം "പാലിക്കുന്ന" വിശുദ്ധരും കഠിനാധ്വാനികളുമായ ഹീറോകളെയല്ല, അവന് വേണ്ടത് പച്ചയായ മനുഷ്യരെയാണ്...

ആണ്ടുവട്ടത്തിലെ ആറാം ഞായർ

ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ സ്വർഗീയ ചിന്തനകളാണവ. ഇതെങ്ങനെ സാധിക്കും? ചില വ്യാഖ്യാനങ്ങളുടെ മുമ്പിൽ ആരും ഇങ്ങനെ ചോദിച്ചുപോകും. ഇതേ ചോദ്യം മറിയവും ചോദിക്കുന്നുണ്ട്. അതും ഒരു സ്വർഗ്ഗീയ കാഴ്ചപ്പാടിനോടാണ്. എന്നിട്ട് അവൾ ദൈവത്തോട് പറയുന്നുണ്ട്; “നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ. ഞാൻ മൃദുവായ ഒരു കളിമണ്ണ് മാത്രമാണ്, നിന്റെ കരസ്പർശത്താൽ എന്നെ മാറ്റിയെടുക്കുക.” അങ്ങനെയാണ് അവൾ സ്നേഹത്തിന് ജന്മം നൽകിയത്.

“പൂർവ്വികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു…” യേശു പൂർവ്വികരുടെ ധാർമികതയെ ഒരു മെച്ചപ്പെട്ട ധാർമികതയുമായി താരതമ്യം ചെയ്യുകയല്ല. മറിച്ച്, നിയമത്തിനുള്ളിൽ വസിക്കുന്ന ആത്മാവിനെ വെളിപ്പെടുത്തുകയാണ്. ധാർമികതയല്ല സുവിശേഷം, മൗലികമായ സ്വാതന്ത്ര്യമാണ്. നിയമങ്ങളുടെ അക്ഷരങ്ങളിൽ ചുരുണ്ട് കൂടേണ്ടവരല്ല നമ്മൾ, അവയുടെ ആത്മാവിനെ കണ്ടെത്തേണ്ടവരാണ്. നിയമങ്ങളോട് കാർക്കശ്യമോ അയവോ ധിക്കാരമോ അവനില്ല, ഒരു പുഷ്പത്തെയെന്നപോലെ അതിന്റെ ഇതളുകൾ വിരിയാൻ അനുവദിക്കുകയാണ്. നമ്മിലെ നന്മയെ അതിന്റെ പൂർണ്ണതയോടെ വിരിയിക്കാൻ ശ്രമിക്കുകയാണവൻ.

ബാഹ്യപരതയിലല്ല, ആന്തരികതയിലാണ് നിയമത്തിന്റെ പൂർണ്ണത. “കൊല്ലരുത് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും”. അതായത്, കോപത്തിനും പകയ്ക്കും തീറ്റ കൊടുക്കുന്നവൻ ഉള്ളിൽ ഒരു കൊലപാതകിയാണ്. യേശു ആന്തരികതയിലേക്കാണ് കടന്നു ചെല്ലുന്നത്. ഉള്ളിലേക്ക് പോകുക, അവിടെ സൗഖ്യമുണ്ടാകട്ടെ. അപ്പോൾ നമ്മുടെ പ്രവർത്തികളും ശുദ്ധമാകും. നമ്മുടെ ഉള്ളമാണ് ജീവന്റെ ഉറവിടം. ആ ആന്തരികതയെയാണ് നമ്മൾ ആദ്യം സംരക്ഷിക്കേണ്ടത്.

“ആണയിടരുത്… നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ.” നുണകളുടെ ലോകത്തിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു മാർഗ്ഗമാണിത്. ചിലപ്പോൾ ആ ലോകം നമ്മുടെ ഉള്ളം തന്നെയാകാം. ഉള്ളിലെ സൗന്ദര്യമാണ് സത്യം. അതിനെ നിലനിർത്താൻ നേരായ പദങ്ങളിലൂടെ മാത്രമേ സാധിക്കു.

വ്യക്തിബന്ധങ്ങളിലും വേണം നിയമത്തിന്റെ ആന്തരികത. “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു”. ആസക്തിയാണ് ഇവിടെ വിഷയം. മോഹങ്ങളുടെ യജമാനത്തമാണത്. മോഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ദാസന്മാരുടെ വേഷമേ ഉള്ളൂ എന്ന കാര്യം ഓർക്കണം. അവയെ ഒരിക്കലും യജമാനന്മാരാക്കരുത്. വശീകരിക്കാനും സ്വന്തമാക്കാനുമാണ് നമ്മൾ ഒരാളെ സമീപിക്കുന്നതെങ്കിൽ, നമ്മൾ അയാളെ ഒരു വസ്തുവായി ചുരുക്കുന്നതിന് തുല്യമാണ്.

വ്യഭിചാരം എന്ന പദത്തിന്റെ നിരുക്തി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും അതൊരു വക്രമായ ചരിക്കൽ മാത്രമല്ല, ഒരു വ്യക്തിയെ വികൃതമാക്കലും വ്യാജമാക്കലും കൃത്രിമമാക്കലും ദരിദ്രമാക്കലും കൂടിയാണത്. ഇതിലൂടെ നമ്മൾ തകർക്കുന്നത് ദൈവത്തിന്റെ സ്വപ്നത്തെയാണ്, മോഷ്ടിക്കുന്നത് ദൈവത്തിന്റെ പ്രതിച്ഛായയെ ആണ്. വ്യഭിചാരം ഒരു ധാർമിക നിയമം മാത്രമല്ല, അത് ഒരു വ്യക്തിയുടെ അന്തസ്സിനും ആന്തരികതയ്ക്കും എതിരെയുള്ള പാപം കൂടിയാണ്.

അപ്പോൾ എന്താണ് ധാർമിക നിയമം? പച്ച മാനുഷികതയാണത്. ജീവിതത്തിന്റെ ആന്തരികതയെ ഉൾക്കൊള്ളുന്ന മനുഷ്യത്വമാണത്. അതുകൊണ്ടാണ് പൂർവ്വികരുടെ നിയമത്തെ വളരെ റാഡിക്കലായി യേശു വ്യാഖ്യാനിക്കുന്നത്. അതിലൂടെ മനുഷ്യനെ മനുഷ്യനാക്കാനാണ് അവൻ ശ്രമിക്കുന്നത്. മനുഷ്യരെ മനുഷ്യനിൽ നിന്നും അകറ്റുന്ന ഒരു വാക്കുപോലും ഉച്ചരിക്കുന്നില്ല അവൻ. മറിച്ച്, മാനവികതയിലെ ദൈവികതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ അവൻ നിയമത്തെ തകിടം മറിക്കുകയാണെന്ന് തോന്നാം. പക്ഷേ അങ്ങനെയല്ല. ബാഹ്യപരത എന്ന നിയമത്തിന്റെ അമിതഭാരത്തെ എടുത്തുമാറ്റാൻ ശ്രമിക്കുകയാണവൻ. നിയമം “പാലിക്കുന്ന” വിശുദ്ധരും കഠിനാധ്വാനികളുമായ ഹീറോകളെയല്ല, അവന് വേണ്ടത് പച്ചയായ മനുഷ്യരെയാണ്. അതായത് ഉള്ളിൽ ആത്മാർത്ഥതയുള്ളവരെ… കാരണം, അവർക്കു മാത്രമേ മനുഷ്യത്വം എന്ന ആന്തരികതയെ മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker