Kerala

കക്കുകളി എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനം; കെ.സി.ബി.സി.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാല്‍ പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം വിസ്മരിക്കരുത്...

ജോസ് മാർട്ടിൻ

കൊച്ചി: കക്കുകളി എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. മാർച്ച് 09 വ്യാഴാഴ്ച കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ മെത്രാന്മാരുടെ പ്രതിനിധികൾ, കെ.സി.ബി.സി.കമ്മീഷന്‍ പ്രതിനിധികള്‍, സന്യാസ സമൂഹങ്ങളുടെ മേലധികാരികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ നടന്ന യോഗത്തിലാണ് “കക്കുകളി” എന്ന നാടകത്തിലെ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കത്തെയും അവഹേളനങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും അത്തരമൊരു നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും, സാംസ്‌കാരിക കേരളത്തിന് പ്രസ്തുത നാടകാവതരണം അപമാനകരമാണെന്ന് വിലയിരുത്തുകയും ചെയ്തത്.

ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയില്‍ വികലവും വാസ്തവ വിരുദ്ധവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങള്‍ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി ഉപേക്ഷിക്കണം. വാസ്തവം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും, ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്‌കാരിക സമൂഹം തയ്യാറാകണമെന്നും, അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടതായി കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

നാടകത്തിനും സാഹിത്യരചനകള്‍ക്കും എക്കാലവും വ്യക്തമായ സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍, ആ ചരിത്രത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. നാടകത്തിലൂടെ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കാനും അവര്‍ക്ക് നീതി നടത്തിക്കൊടുക്കാനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സാദ്ധ്യതകള്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ടെന്നും, ഉപേക്ഷിക്കപ്പെട്ടവരെയും ദുര്‍ബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങള്‍ക്കുളളതെന്നും ഇപ്പോഴും കേരള സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാല്‍ പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നും യോഗം ഓർമ്മിപ്പിച്ചു.

ഇത്തരത്തില്‍ കേരളത്തില്‍ അതുല്യമായ സേവന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മാർത്ഥതയ്ക്കും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അന്തര്‍ദേശീയ നാടക മേളയില്‍ ഉള്‍പ്പെടെ സ്ഥാനം ലഭിച്ചത് അപലപനീയമാണെന്നും, കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നല്‍കിക്കൊണ്ടിരിക്കുന്നത് അത്യന്തം പ്രതിക്ഷേധാർഹമാണെന്നും കെ.സി.ബി.സി. പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker