Meditation

5th Sunday of Lent_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ. 11:1-44)

ജീവനല്ല മരണത്തിന്റെ യഥാർത്ഥ ശത്രു, സ്നേഹമാണ്...

തപസ്സുകാലം അഞ്ചാം ഞായർ

യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ ഹൃദയങ്ങളെയും പിടിച്ചുലയ്ക്കുന്ന രണ്ട് ശക്തികളാണവ. സ്നേഹത്തെ പ്രതിയുള്ള കണ്ണീരുകൾ, പരിഭവങ്ങൾ, വികാരവിസ്ഫോടനങ്ങൾ, വിതുമ്പലുകൾ… അതിലുപരി വിശ്വാസത്തിന്റെ വിസ്മനീയമായ ഏറ്റുപറച്ചിലുകൾ കാണാൻ സാധിക്കുന്ന സുവിശേഷങ്ങളിലെ ഏക ഏടാണ് ലാസറിനെ ഉയിർപ്പിക്കുന്ന രംഗം. ലാസറിനെക്കുറിച്ച് നമുക്ക് ആകെ അറിയാവുന്നത് അവൻ മർത്തായുടെയും മറിയത്തിന്റെയും സഹോദരനായിരുന്നുവെന്നും യേശുവിന്റെ സ്നേഹിതനായിരുന്നു എന്നുമാണ്. അതെ, യേശുവിനെ സുഹൃത്തായി ലഭിച്ചവനായിരുന്നു ലാസർ. ഓർക്കുക, ദൈവം ഒരു ചങ്ങാതി കൂടിയാണ്.

തന്റെ സുഹൃത്തായ ലാസറിനു വേണ്ടിയാണ് യേശു പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വചനം ഉരുവിടുന്നത്: “ഞാനാണ് പുനരുത്ഥാനവും ജീവനും” (v.25). ഞാനായിരിക്കും ജീവൻ എന്നല്ല അവൻ പറയുന്നത്. അവ്യക്തമായ നാളെയെ കുറിച്ചുമല്ല അവൻ സൂചിപ്പിക്കുന്നത്, ഇന്നിനെ കുറിച്ചാണ്, വർത്തമാനതലത്തെ കുറിച്ചാണ്. ഈ വചനത്തിലെ ആ രണ്ടു വാക്കുകളുടെ ക്രമീകരണം ഒന്ന് ശ്രദ്ധിക്കുക; ആദ്യം വരുന്നത് പുനരുത്ഥാനമാണ്. അതിനുശേഷമാണ് ജീവൻ. നമ്മളെല്ലാവരും കർത്താവിൽ ഉത്ഥിതരാണ്. യേശുവിനെ കണ്ടുമുട്ടിയ നാൾ മുതൽ അണഞ്ഞതും സ്നേഹരഹിതവുമായിരുന്ന ഒരു ജീവിതത്തിൽ നിന്നും ഉത്ഥിതരായവരാണ് നമ്മൾ. ഈ ഉത്ഥാനമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇത് അനുഭവിച്ചാൽ മാത്രമേ ഓരോ ജീവനും മരണത്തെ അതിജീവിക്കാൻ സാധിക്കു.

എന്താണ് പുനരുത്ഥാനത്തിന് പിന്നിലുള്ള രഹസ്യം? സ്നേഹം. ജീവനല്ല മരണത്തിന്റെ യഥാർത്ഥ ശത്രു, സ്നേഹമാണ്. “സ്നേഹം മരണത്തെപ്പോലെ ശക്തമാണ്” (ഉത്തമ 8:6). ഒരിക്കൽ നമ്മൾ എല്ലാവരും ഉയർപ്പിക്കപ്പെടും. കാരണം യേശു നമ്മുടെയും സ്നേഹിതനാണ്. യേശുവിന്റെ സ്നേഹം തേങ്ങലായി മാറിയപ്പോൾ ലാസർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതുപോലെ ഇരുട്ടിന്റെ കല്ലറകളിൽ നിന്നും അവന്റെ സ്നേഹം നമ്മെയും തിരിച്ചുകൊണ്ടുവരും. സത്യം പറഞ്ഞാൽ ലാസറിനോട് അസൂയ തോന്നുകയാണ്. അവൻ മരണത്തിന്റെ കരങ്ങളിൽ നിന്നും രക്ഷപ്പെട്ടത് കൊണ്ടല്ല, അവനു ചുറ്റും ഒരു സ്നേഹവലയം സൃഷ്ടിച്ച് ഒത്തിരി പേർ ഉണ്ടായിരുന്നു എന്നോർത്താണ്. സൗഹൃദം ഒരു അനുഗ്രഹമായി അവനുണ്ടായിരുന്നുവെങ്കിലും സ്നേഹത്തിന്റെ നിറവിൽ അവന്റെ ജീവിതം വിശുദ്ധമായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.

സ്നേഹിതൻ കല്ലറയുടെ മുമ്പിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു: “ലാസറേ, പുറത്തു വരുക”. അപ്പോൾ ലാസർ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ ഒരു നവജാത ശിശുവെന്ന പോലെ പുറത്തുവന്നു. സത്യമാണ്, അവൻ വീണ്ടും മരിക്കും. പക്ഷേ അത് മരണത്തിനേക്കാൾ ശക്തനായ ഒരു സ്നേഹിതൻ എനിക്കുണ്ട് എന്ന ശക്തമായ പ്രത്യാശയിലേക്ക് വാതിലുകൾ തുറന്നിട്ടു കൊണ്ടായിരിക്കും.

“അവന്റെ കെട്ടുകളഴിക്കുവിൻ, അവൻ പോകട്ടെ” (v.44). കല്ലറയുടെ ഇരുളും മരണത്തിന്റെ ദുർഗന്ധവും അനുഭവിച്ചവന് കൊടുക്കാവുന്ന ഏറ്റവും വലിയ നന്മയാണത്. ഈ വാക്കുകൾ നമ്മളോടും ആവർത്തിക്കപ്പെടുന്നുണ്ട്. നിന്റേതായ ആ ഇടുങ്ങിയ ഇടങ്ങളിൽ നിന്നും പുറത്തേക്ക് വരുക, നിന്നെ പൊതിഞ്ഞിരിക്കുന്ന ആ നാടകളിൽ നിന്നും നീ സ്വതന്ത്രനാകുക, നിന്നിലെ ഭയത്തിന്റെ കുരുക്കുകൾ അഴിഞ്ഞു വീഴട്ടെ. വസന്തം വിരിയുന്ന പൂന്തോട്ടമാണ് ജീവിതം. ആ ഇടത്തിൽ സ്വസ്ഥമായി നടക്കുവാൻ നിനക്ക് തടസ്സമാകുന്ന കുരുക്കുകളിൽ നിന്നും നീ പുറത്ത് കടക്കുക. ഒരു വഴി വെട്ടിത്തെളിക്കുക. ഒരു ചക്രവാളം നീ തുറന്നിടുക. നിനക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടിയും.

നാലുനാൾ കല്ലറയിൽ ആയിരുന്ന തന്റെ സ്നേഹിതന് യേശു ചില ആദേശകങ്ങളും നൽകുന്നുണ്ട്. “പുറത്തു വരുക”, “കെട്ടുകളഴിക്കുക”, “പോകുക” എന്നിവയാണവ. ഈ മൂന്ന് കൽപ്പനകളും യേശുവിന്റെ സ്നേഹിതരായ നമുക്കും കൂടിയുള്ളതാണ്. നമ്മളും ഒന്ന് വിചിന്തനം ചെയ്യണം; എത്രയോ പ്രാവശ്യമാണ് നമ്മൾ ചത്തതിനൊക്കുമെ ജീവിച്ചത്, നമുക്കു ചുറ്റുമായി ഒരു കല്ലറ നാം പണിതത്, ആരോടും ഒരു ബന്ധവുമില്ലാതെ അടച്ചുപൂട്ടിയ ഒരു ജീവിതം നാം നയിച്ചത്. നമ്മുടെ ചെരാതിലും എണ്ണ വറ്റിയ നാളുകൾ നമുക്കുണ്ടായിട്ടില്ലേ? സ്നേഹിക്കാനും ജീവിക്കാനും ഉള്ള ആഗ്രഹം നമ്മളിൽ നിന്നും പറന്നകന്ന ദിനങ്ങൾ ഉണ്ടായിട്ടില്ലേ? ചില നിമിഷങ്ങളിൽ ആത്മാവിന്റെ ഗഹ്വരമായ ഇടങ്ങളിൽ നിന്നും ചില ചോദ്യങ്ങൾ നമ്മളും ശ്രവിച്ചിട്ടുണ്ടാകാം: എന്തിനാണീ ജീവിതം? എവിടെ ദൈവം? എവിടെ സ്നേഹം? പക്ഷേ അതിനുശേഷം നമ്മൾ അനുഭവിച്ചിട്ടുണ്ട് എവിടെനിന്നോ എങ്ങനെയൊക്കെയോ ഒരു രേതസ് നമ്മുടെ ഉള്ളിൽ തളിർക്കുന്നത്, ഒരു വലിയ പാറക്കഷണം ഛിന്നഭിന്നമാകുന്നത്, ഒരു സൂര്യരശ്മി ഉള്ളിലേക്ക് തുളച്ചുകയറുന്നത്, എല്ലാ നിശബ്ദതയും തകർത്തുകൊണ്ട് ഒരു സ്നേഹിതന്റെ ഉച്ചത്തിലുള്ള സ്വരം നമ്മുടെ ഭ്രാന്തമായ ചിന്തകളെ തകർത്തെറിഞ്ഞത്, നമ്മുടെ മുറിവുകളിൽ വീണ ചില സ്നേഹക്കണ്ണീരുകളുടെ ഊഷ്മളതയും, ചുടുചുംബനങ്ങളുടെ ആത്മാർത്ഥതയും. ഇതെല്ലാം നമ്മൾ അനുഭവിച്ചത് രഹസ്യവും ഗൂഢവുമായ തലത്തിലായിരുന്നു. അതെല്ലാം നമ്മിലെ സ്നേഹത്തിന്റെ ഇളകി മറിയുന്ന മേഖലകളായിരുന്നു. അവിടെ ദൈവം നമ്മോടു കൂടെയുണ്ടായിരുന്നു. അതെ, മരണത്തെക്കാൾ ശക്തമായ ആ സ്നേഹം നമ്മോടു കൂടെയുണ്ടായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker