Kerala

ജയിലുകളില്‍ മതപരമായ സേവനങ്ങൾ തുടരാനുള്ള അനുമതി പുന:സ്ഥാപിച്ചു

ജയിലുകളിലെ അന്തേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്നു...

ജോസ് മാർട്ടിൻ

കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി മതപരമായ സേവനങ്ങൾക്ക് സർക്കാരിന്റെ അനുമതി പുന:സ്ഥാപിച്ചു. കെ.സി.ബി.സി. പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കെ.സി.ബി.സി. യുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പെസഹാ ശുശ്രൂഷകൾ നടക്കും. ഇത് സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശം സംബന്ധിച്ച് വാർത്ത പുറത്തു വന്നതിനെ തുടർന്ന് കെ.എൽ.സി.എ., കത്തോലിക്കാ കോൺഗ്രസ്‌ തുടങ്ങിയ സംഘടനകൾ പ്രധിഷേധം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

കർദിനാൾ ക്ലീമിസ് ഇന്നലെ രണ്ടു വട്ടം മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ പറഞ്ഞു.

ജയിലുകളിലെ അന്തേവാസികളുടെ മന:പരിവർത്തനത്തിനും ധാർമിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. ജയിലുകളിലെ അന്തേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്നവരാണ് കെ.സി.ബി.സി. യുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയെന്നും, ഇത് വർഷങ്ങളായി നടത്തിവരുന്നതാണെന്നും അദ്ദേഹം കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker