Meditation

2nd Sunday Easter_മുറിവുകളുമായി ഉത്ഥിതൻ (യോഹ. 20:19-31)

ആ മുറിവുകളാണ് സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദു...

പെസഹാക്കാലം രണ്ടാം ഞായർ

യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ ഉപേക്ഷിച്ച് ഓടിയൊളിച്ചവർ. ഇപ്പോഴിതാ, യഹൂദരെ ഭയന്ന് വാതിലടച്ചിരിക്കുന്നു. ഇവരെ ഇനി വിശ്വസിക്കാമോ? എന്നിട്ടും അവരുടെ അടുത്തേക്കാണ് അവൻ ആദ്യം വരുന്നത്. വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്ന ഇടം. വായു സഞ്ചാരമില്ലാത്ത ഒരിടം. തുറവിയില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതീകമാണത്. എന്നിട്ടും യേശു വരുന്നു, അവരുടെ മധ്യേത്തിലേക്ക്. എന്നിട്ട് പറയുന്നു: “നിങ്ങൾക്കു സമാധാനം!” ഇതൊരു അഭിവാദനമല്ല, സ്ഥിരീകരണമാണ്. ഇതാ, ഉത്ഥിതന്റെ സമാധാനം. അത് ശിഷ്യരുടെ ഉള്ളിലേക്ക് തുളച്ചുകയറുന്നു. അത് ദൈവികമാണ്. അത് നിന്റെ ഭയത്തിലേക്കും കുറ്റബോധത്തിലേക്കും പൂർത്തീകരിക്കാത്ത സ്വപ്നങ്ങളിലേക്കും മങ്ങിക്കൊണ്ടിരിക്കുന്ന അസംതൃപ്തികളിലേക്കും ആഴ്ന്നിറങ്ങും.

പക്ഷേ എല്ലാവരുമില്ല ആ മുറിയിൽ. ആരൊക്കെയോ പുറത്താണ്. രണ്ട് ശിഷ്യന്മാർ എമ്മാവൂസിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു. തോമസ് ഒരു അന്വേഷണത്തിലാണ്. അതെ, യേശുവും തോമസും പരസ്പരം അന്വേഷിക്കുന്നു.

എട്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഒരു കണ്ടുമുട്ടൽ. യേശു വീണ്ടും അവരുടെ മധ്യേത്തിലേക്ക് വരുന്നു. അവൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരെയും നിന്ദിക്കുന്നുമില്ല. അവന് കാണേണ്ടത് തോമസിനെ മാത്രമാണ്. അസംതൃപ്തനായിരുന്നു തോമസ്. കൂടെയുള്ളവരുടെ വാക്കുകൾ ഒരു കഥയായി അവന് തോന്നിയതു കൊണ്ടായിരിക്കണം യേശുവിനെ സ്പർശിക്കണം എന്ന് അവൻ വാശി പിടിച്ചത്. തന്റെ ഗുരുവിനെ കുറിച്ചുള്ള കഥയല്ല അവന് വേണ്ടത്, വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയാണ്. അതെ, ഗുരു ഇതാ, തോമസിന്റെ മുന്നിൽ വിരിച്ച കൈകളുമായി. ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. ചെറിയൊരു നിർദ്ദേശം മാത്രം. “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക… നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക.”

ഉത്ഥാനം മുറിവുകളെ ഒന്നും അടച്ചിട്ടില്ല. അവന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഇപ്പോഴും വ്യക്തമാണ്. ഉത്ഥാനം കുരിശിലെ മരണത്തെ ഇല്ലാതാക്കുന്നില്ല. അത് കുരിശിന്റെ തുടർച്ചയാണ്. അതുകൊണ്ടുതന്നെ കുരിശിലെ മുറിവുകൾ ഇനി മറക്കേണ്ട കാര്യമില്ല. അവ ഇനി മുതൽ ലജ്ജയോ ഇടർച്ചയോ അല്ല, ദൈവമഹത്വത്തിന്റെ സുന്ദരമായ അടയാളമാണ്. ആ മുറിവുകളാണ് സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദു. ആ മുറിവുകളാകുന്ന അക്ഷരമാലയിൽ രചിച്ച ഒരു സ്നേഹകാവ്യമാണ് ഉത്ഥിതന്റെ ശരീരം.

തോമസ് ആ മുറിവുകളിൽ സ്പർശിച്ചോ എന്നതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും പറയുന്നില്ല. അവനെ സംബന്ധിച്ച് ആ കണ്ടുമുട്ടൽ മാത്രം മതിയായിരുന്നു. അവനുവേണ്ടി മാത്രം ഗുരുനാഥൻ വന്നുവല്ലോ. അതെ, തീക്ഷ്ണമായി ആഗ്രഹിക്കുന്നവന്റെ മുൻപിൽ നിന്നും ദൈവം മാറിനിൽക്കില്ല. അങ്ങനെയുള്ളവരെ ദൈവം ഉപേക്ഷിക്കുകയുമില്ല. അവരെ തേടി ദൈവം വരും. അത് ദൈവത്തിന്റെ ശൈലിയാണ്. അവസാനം വരെ ഒരു അന്വേഷിയായി നിനക്ക് നടക്കേണ്ടി വരില്ല. ഒരു കരം നിന്നിലേക്കും വരും. അപ്പോൾ നീ പറയും: “എന്റെ കർത്താവേ, എന്റെ ദൈവമേ!”

“നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാർ” (20 : 29). കാണാതെ വിശ്വസിക്കുന്നവർക്കുള്ള സുവിശേഷ ഭാഗ്യമാണിത്. ഇത്തിരിയോളം ദൈവീകാനുഭവത്തിനായി ഇരുട്ടിൽ തപ്പിനടക്കുന്ന, കഷ്ടപ്പെടുന്ന നമുക്കു മാത്രമായുള്ള ഒരു ഭാഗ്യം. അതെ, അന്വേഷിക്കാനാണ് അവൻ പറയുന്നത്. ബാഹ്യ അടയാളങ്ങളുടെ അടിമകളായി മാറരുത് നമ്മൾ. തോമസിനെപ്പോലെ വ്യക്തിപരമായി അന്വേഷിക്കണം. അങ്ങനെ അന്വേഷിച്ചതിനു ശേഷം കിട്ടുന്ന ദൈവിക അനുഭവം ഉണ്ടല്ലോ, അതാണ് ഏറ്റവും സുന്ദരമായ സുവിശേഷ ഭാഗ്യം.

യേശുവിലുള്ള വിശ്വാസം ജീവിതത്തെ ആനന്ദപ്രദമാക്കുമെന്ന് കരുതരുത്. ഒരു ജീവിതവും സരളമല്ല. പക്ഷേ വിശ്വാസത്തിന് ആ ജീവിതത്തെ ഊർജ്ജസ്വലമാക്കാൻ സാധിക്കും. ജീവിതത്തിൽ മുറിവുകളുണ്ടാകും. വിശ്വാസത്തിന് മാത്രമേ മുറിവുകളെ തിളക്കമുള്ളതാക്കാൻ സാധിക്കു. അതുകൊണ്ടാണ് തിളങ്ങുന്ന മുറിവുകളുമായി നിൽക്കുന്ന യേശുവിന്റെ ചിത്രത്തോടുകൂടി സുവിശേഷം അവസാനിക്കുന്നത്. ഇവിടെ നിന്നാണ് ഇനി ശിഷ്യത്വം ആരംഭിക്കുന്നത്. മുറിവുകളെ വജ്രത്തിളക്കമാക്കി മാറ്റുന്ന പുതിയ ആൽക്കെമിയായിരിക്കും അവരുടെ പ്രഘോഷണം. അത് ഏകദേശം ഇങ്ങനെയായിരിക്കും: “യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുക അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകും” (20 : 31).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker