Articles

എന്താണ് വചന പ്രഘോഷണം (Homily) ?

ഹോമിലി (വചന പ്രഘോഷണം) ആരാധനാ കർമ്മ ക്രമത്തിന്റെ ഭാഗമാണ്; ബെനെഡിക്ട് പതിനാറാമൻ പാപ്പാ

ജോസ് മാർട്ടിൻ

കഴിഞ്ഞ ദിവസം ഒരു അല്മായൻ ദിവ്യബലി മധ്യേ താൻ വചന പ്രഘോഷണം നൽകുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ പങ്കുവച്ചത് കാണാനിടയായി. അല്മായനെ ദിവ്യബലി മധ്യേയുള്ള വചന പ്രഘോഷണത്തിന് സഭ അനുവദിച്ചിട്ടുണ്ടോ?

ആരാധനാ ക്രമത്തിലെ ഓരോഭാഗവും സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുക്കര്‍മ്മ ഭാഗങ്ങളാണ്. അത് ക്രിസ്തുവിന്റെ പ്രവൃത്തിയെന്നതുപോലെ സഭയുടേയും കൂട്ടായ പ്രവൃത്തിയാണ്. ഓരോ തിരുകർമ്മങ്ങൾക്കും പാലിക്കപ്പെടേണ്ട വ്യക്തമായ നിർദേശങ്ങൾ പരിശുദ്ധ കത്തോലിക്കാ സഭ നൽകിയിട്ടുണ്ട്. എങ്കിലും അതിൽ പലതും പലപ്പോഴും പലയിടങ്ങളിലും അറിഞ്ഞോ അറിയാതെയോ പാലിക്കപ്പെടാറില്ല അല്ലെങ്കിൽ അവഗണിക്കപ്പെടുന്നുണ്ട്.

എന്താണ് വചന പ്രഘോഷണമെന്നും ദിവ്യബലിയർപ്പണത്തിൽ അതിന്റെ പ്രാധാന്യമെന്തെന്നും അതിന് സഭ നൽകുന്ന സ്ഥാനമെന്തെന്നും മനസ്സിലാക്കാത്തത് കൊണ്ടാണോ “അപ്പംമുറിക്കൽ” പോലെ പരമപ്രധാനമായ “വചനംമുറിക്കൽ” ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത്!

ചരിത്രം:
യഹൂദ പാരമ്പര്യത്തിൽ നിന്നും തുടർന്നു വന്ന ആരാധനാ കർമ്മ രീതിയാണ് വചന പ്രഘോഷണം (യഹൂദരുടെ സിനഗോകളിലും, ദേവാലയത്തിലും വചന പ്രഘോഷണവും വചന വ്യാഖ്യാനവും നടത്തിയിരുന്നു).

ക്രിസ്തുസഭയിൽ വചന പ്രഘോഷണവും വചന പ്രഭാഷണവും നിർവഹിക്കാനുള്ള അധികാരം ആദ്യ കാലങ്ങളിൽ അപ്പൊസ്ഥലൻന്മാരുടെ പിൻഗാമികളായ മെത്രാന്മാരിൽ മാത്രം നിക്ഷിപ്തമായിരുന്നു (വചന പ്രഘോഷണവും വ്യഖ്യാനവും അപ്പസ്തോലന്മാർ നിർവഹിച്ചിരുന്നുവെന്നും ബൈബിളിലെ പല ഭാഗങ്ങളും അപ്പൊസ്തോലന്മാർ നല്കിയ വ്യാഖ്യാനങ്ങളാണെന്നുമാണ് വി.ജസ്റ്റിൻ തന്റെ അപ്പളോജിയ പ്രീമ (Apologia Prima) എന്ന പുസ്തകത്തിൽ വചന പ്രഘോഷണത്തെയും വചന വ്യാഖ്യാനത്തെയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്).

കാലക്രമത്തിൽ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർക്കും ഡീക്കൻമാർക്കും കൃത്യമായ ദൈവശാസ്ത്ര-ബൈബിൾ പഠനങ്ങൾക്ക് ശേഷം ഔദ്യോഗികമായി വചന പ്രഘോഷണം നിർവഹിക്കാനുള്ള അധികാരം നൽകി.

ദിവ്യബലി മധ്യേ ആർക്കൊക്കെയാണ് വചന പ്രഘോഷണം നൽകാൻ തിരുസഭ അനുവാദം നൽകിയിട്ടുള്ളത്?

സുവിശേഷ പ്രസംഗം ആരാധന ക്രമത്തിന്റെ (ദിവ്യബലിയുടെ) ഭാഗമാണ്. അതുകൊണ്ട് തന്നെ തിരുപ്പട്ടം സ്വീകരിച്ചവർക്കും ഡീക്കൻ പട്ടം സ്വീകരിച്ചവർക്കും മാത്രമേ വചന പ്രസംഗം നടത്താൻ അനുവാദമുള്ളൂ. ദിവ്യപൂജാഗ്രന്ഥത്തിന്റെ പൊതുനിർദേശത്തിൽ ഇങ്ങനെ പറയുന്നു: ‘സാധാരണഗതിയിൽ കാർമികനാണ് വചനപ്രഘോഷണം നടത്തേണ്ടത്. പ്രധാന കാർമികന് വേണമെങ്കിൽ സഹകാർമ്മികനെ വചന പ്രഘോഷണം ഏല്പിക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡീക്കനെയും ഇതിനായി നിയോഗിക്കാവുന്നതാണ്’. അതേസമയം, ഒരിക്കലും അല്മായനെ ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണത്തിന് നിയോഗിക്കരുതെന്ന് സഭ ശക്തമായ നിർദേശങ്ങൾ നൽകുന്നുണ്ട് (കാനോൻ നിയമം 767 ഉം General Instructions of Roman Missal 66). എന്നാൽ, അല്മായർക്ക് പള്ളികളിൽ ദിവ്യബലിയുടെ മധ്യേ അല്ലാതെ വചനം പ്രഘോഷിക്കുവാനുള്ള അനുവാദം സഭ നൽകുന്നുമുണ്ട് (ClC 766).

വചന പ്രഘോഷണം എവിടെ എപ്പോഴൊക്കെ എങ്ങിനെ നടത്തണം?

വചനപീഠമാണ് വചന പ്രഘോഷണത്തിനുള്ള ഏറ്റവും യോജിച്ച സ്ഥലം. അല്ലെങ്കിൽ പ്രധാന കാർമ്മികന്റെ ഇരിപ്പിടത്തിൽനിന്ന് (Presidential chair) വചന പ്രഘോഷണം നടത്താം. അതും അല്ലെങ്കിൽ, ജനങ്ങളെ മുഖാമുഖം കാണാൻ സാധിക്കുന്ന വിധം ഏതെങ്കിലുമൊരു സ്ഥലത്തുനിന്ന് വചന പ്രഘോഷണം നടത്താവുന്നതാണ്.

പക്ഷേ, ഒരിക്കലും വചന പ്രഘോഷണം അൾത്താരയിൽ നിന്നുകൊണ്ട് നടത്തുവാൻ സഭ അനുവദിക്കുന്നില്ല കാരണം, അത് ബലിയർപ്പണ സ്ഥലമാണ്. അതുപോലെതന്നെ, ജനങ്ങളുടെ ഇടയിൽ നടന്നുകൊണ്ട് വചന പ്രഘോഷണം നടത്തുന്നതും അനുവദനീയമല്ല (ദിവ്യപൂജാഗ്രന്ഥത്തിന്റെ പൊതുനിർദേശം നമ്പർ 136).

എല്ലാ ഞായറാഴ്ചകളിലും, തിരുനാളുകളിലും, മഹോത്സവങ്ങളിലും വചന പ്രഘോഷണം നിർബന്ധമാണ്. ഗൗരവമുള്ള കാരണങ്ങളില്ലാത്ത ഈ സമയങ്ങളിൽ വചന പ്രഘോഷണം നടത്താതിരിക്കാൻ പാടില്ല (ദിവ്യബലിയുടെ വായനയുടെ പൊതുനിർദേശം നമ്പർ 25).

ദിവ്യബലിയിൽ മൂന്നു തരത്തിലാണ് ദൈവം സംസാരിക്കുന്നത്. പ്രവാചകന്മാരും അപ്പസ്തോലന്മാരും സംസാരിച്ച വചനത്തിലൂടെ (സുവിശേഷമൊഴികേയുള്ള വചനത്തിലൂടെ), സുവിശേഷത്തിലൂടെയുള്ള ക്രിസ്തുവിന്റെ വചനത്തിലൂടെ, ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നവരുടെ വചനപ്രഘോഷണത്തിലൂടെ. സഭയുടെ വ്യക്തിത്വത്തിലും (In persona ecclesiae) ക്രിസ്തുവിന്റെ വ്യക്തിത്വത്തിലും (In persona Christi) ആണ് പുരോഹിതൻ ദിവ്യബലിയർപ്പിക്കുന്നതും, വചനപ്രഘോഷണം നിർവഹിക്കുന്നതും. അതുകൊണ്ടുതന്നെ, സഭയുടെയും ക്രിസ്തുവിന്റെയും സുവിശേഷമൂല്യങ്ങളാണ് പ്രഘോഷിക്കപ്പെടേണ്ടത്; അല്ലാതെ പുരോഹിതന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിനുള്ള വേദിയല്ല വചനപീഠം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker