Meditation

12th Sunday_Ordinary Time_2023_ഭയപ്പെടേണ്ട (വി.മത്തായി 10: 26-33)

സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ട്, അത് ഒന്നിനെയും നിസ്സാരമായി കരുതുകയില്ല...

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ

“ഭയപ്പെടേണ്ട”. ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള രാത്രിയിൽ അവൻ ശിഷ്യന്മാരോട് ചോദിക്കുന്നുണ്ട് എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്, വിശ്വാസമില്ലേയെന്ന് (മർക്കോ 4:4). അവനറിയാം, ഭയം ഉള്ളിൽ കടന്നാൽ അത് ജീവിതത്തെ തിന്ന് തീർക്കുമെന്ന്. എന്നിട്ടും ഭയത്തിന് വിപരീതമായി ധൈര്യത്തെ അല്ല അവൻ എടുത്തു കാണിക്കുന്നത്, വിശ്വാസത്തെയാണ്. അതെ, ഭയത്തിന്റെ എതിരാളി ധൈര്യമല്ല, വിശ്വാസമാണ്. ധീരത കൊണ്ടല്ല ഭയത്തെ നേരിടേണ്ടത്, വിശ്വാസം കൊണ്ടാണ്. ധീരരാകാൻ വേണ്ടിയുമല്ല അവൻ നമ്മെ വിളിക്കുന്നത്, വിശ്വാസികളാകാനാണ്. ഒരു കുരുവി പോലും ദൈവ പിതാവ് അറിയാതെ നിലം പതിക്കുകയില്ല എന്ന വ്യക്തമായ വിശ്വാസത്തിലേക്ക്.

അങ്ങനെയെങ്കിൽ ഓരോ വീഴ്ചയും ദൈവഹിതമാണോ? പലരുടെയും ചിറകുകൾ അരിയപ്പെട്ടതും കരളോടു ചേർന്നുനിന്നവർ കയ്യെത്താ ദൂരത്തേക്ക് നടന്നുപോയതും ദൈവഹിതമാണോ? സുവിശേഷം ഒരു ഉത്തരവും നൽകുന്നില്ല. പക്ഷേ മറ്റൊരു രീതിയിൽ അതൊരു സത്യം വെളിപ്പെടുത്തുന്നുണ്ട്. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. അവന്റെ കരങ്ങളിൽ അല്ലാതെ ആരും മരിക്കുന്നുമില്ല. കാൽവരിയിലെ കുരിശിൽ കിടക്കുന്നവന്റെ അതേ മുഖം തന്നെയാണ് സങ്കടക്കടലിൽ കിടക്കുന്നവനും. ശ്വാസം എടുക്കാൻ സാധിക്കാതെ വരുന്ന ആ നിമിഷത്തിൽ കുരിശിൽ കിടന്നവന്റെ അതേ അവസ്ഥയിലൂടെ തന്നെയാണ് നമ്മളും കടന്നുപോകുന്നത്. ആ നിമിഷമാണ് യേശു ആത്മാവിനെ സമർപ്പിച്ചതെന്ന് സുവിശേഷകൻ പറയുന്നുണ്ട് (യോഹ 19:30). ഒറ്റനോട്ടത്തിൽ കുരിശിൽ കിടക്കുന്നവന്റെ ചിറകുകൾ മുറിക്കപ്പെട്ടതായി തോന്നാം, പക്ഷേ അവനോടൊപ്പം പിതാവും തറയ്ക്കപ്പെട്ടിട്ടുണ്ട്. അവിടെ നിശ്വാസം ഇല്ലാതാകുന്നില്ല, ദൈവത്തിന്റെ ശ്വാസം രൂപപ്പെടുകയാണ്. അത് ആത്മാവാണ്. ഓർക്കുക, കുരുവികളുടെ ചിറകുകൾ ഒടിക്കുന്നവനല്ല ദൈവം, അവയുടെ നീളം കൂട്ടുന്നവനാണ്. വീഴ്ത്തുന്നവനല്ല, താങ്ങുന്നവനാണ്. അഥവാ വീണാൽ കൂടെ നിൽക്കുന്നവനാണ് ദൈവം.

ചില സദ് വാർത്തകളുണ്ട്. അവ നമ്മൾ പുരമുകളിൽ നിന്നും പ്രഘോഷിക്കണം. അതുപോലെയുള്ള ഒരു വചനമാണ് “ഭയപ്പെടേണ്ട, നിങ്ങൾ അനേകം കുരുവികളേക്കാൾ വിലപ്പെട്ടവരാണ്” എന്ന യേശു വചനം. നമ്മുടെ കൂട് ദൈവ കരങ്ങളിലാണ്. “വിലപ്പെട്ടവർ” (διαφέρετε) എത്ര സുന്ദരമായ പദമാണിത്. ദൈവം നിന്നെ വിലപ്പെട്ടവനായി കരുതുന്നു! കുരുവികളേക്കാളും വയലിലെ ലില്ലികളെക്കാളും ദൈവത്തിന് വിലപ്പെട്ടവൻ നീ തന്നെയാണ്. ഇനി ഭയമരുത്. നീ ചിന്തിക്കുന്നതിനേക്കാൾ വലുതാണ് അവന് നിന്നെക്കുറിച്ചുള്ള പ്രതീക്ഷകൾ. നിന്റെ കണക്കുകൂട്ടലുകളിൽ അവ ഒതുങ്ങില്ല. നിന്റെ മുടിയിഴകൾ പോലും അവൻ എണ്ണിയിട്ടുണ്ട്.

സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ട്, അത് ഒന്നിനെയും നിസ്സാരമായി കരുതുകയില്ല. സ്നേഹം ഒന്നിനേയും നിർവികാരമായി സമീപിക്കുകയുമില്ല. നിന്റെ ജീവിതം ഒരു കുരുവിയെ പോലെ ചെറുതാണെങ്കിലും, ഒരു മുടി പോലെ ദുർബലമാണെങ്കിലും ദൈവത്തിന് അത് അത്രയ്ക്കും വിലപ്പെട്ടതാണ്. സ്നേഹം നിന്റെ പുഞ്ചിരി മാത്രമാണ് ആഗ്രഹിക്കുന്നത്. നീ ധീരനോ വിജയിയോ ആയതുകൊണ്ടല്ല അവൻ നിന്നെ സ്നേഹിക്കുന്നത്. കുരുവികളെ പോലെയുള്ള നിന്റെ നിസ്സഹായവസ്ഥയേയും മുടി പോലെയുള്ള നിന്റെ ദുർബലതയെയുമാണ് അവൻ എന്നും പരിഗണിക്കുന്നത്.

ഭയപ്പെടേണ്ട, ദൈവകരങ്ങളിലാണ് നമ്മൾ കൂടുകൂട്ടിയിരിക്കുന്നത്. ആ കരങ്ങളിൽ നിന്നാണ് നമ്മൾ പുതിയ ചക്രവാളങ്ങൾ തേടി പറക്കുന്നത്. ആ കരങ്ങളിൽ തന്നെയായിരിക്കും നമ്മുടെ ഓരോ പലായനവും അവസാനിക്കുക. കാരണം, ദൈവം അറിയാതെ നമ്മിൽ ഒന്നും സംഭവിക്കുന്നില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker