Meditation

15th Sunday_Ordinary Time_വിളവിന്റെ ഉപമ (മത്താ 13:1-23)

വിളവു നൽകി എന്നതാണ് ഉപമയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിയ...

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ഉപമകളിലൂടെ സംസാരിക്കുന്ന ഗുരുനാഥൻ. അവയുടെ മുൻപിൽ വിഷണ്ണരായി നിൽക്കുന്ന ശിഷ്യർ. എല്ലാവരും കാണുന്ന കാഴ്ചകൾക്കുള്ളിൽ അവൻ തിരുകിക്കയറ്റുന്ന ദർശനങ്ങൾ ഗ്രഹിക്കാനാവാതെ വലയുകയാണ് അവർ. പ്രവർത്തീപഥങ്ങൾ ഒളിച്ചു വച്ചിട്ടുള്ള കഥകളായാണ് അവൻ ആ കാഴ്ചയെ വിവരിക്കുന്നത്. ആ കഥകളാണ് ഉപമകൾ. ശ്രദ്ധയുള്ളവർക്ക് അതിനുള്ളിലെ ആജ്ഞയെ തിരിച്ചറിയാൻ സാധിക്കും. അവയെ ശ്രവിക്കുകയെന്നാൽ വസന്തത്തിന്റെ കളാരവം കേൾക്കുന്നതു പോലെയാണ്. അവ നമ്മുടെ മനസ്സിന് കുളിർമ നൽകും. ശുദ്ധമായ ഭാഷയുടെ സങ്കലനമാണവ. പ്രകൃതിയാണ് അതിലെ ലിപികൾ. അതിൽ മനുഷ്യരോടൊപ്പം തടാകവും ഗോതമ്പും വയലുകളും കതിരുകളും പക്ഷികളും നിലവും മണ്ണും കടലും തീരവും എല്ലാം കഥാപാത്രങ്ങളാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ലളിത ജീവിതത്തെയാണ് അവൻ ഉപമകളായി ചിത്രീകരിക്കുന്നത്. ചില ജീവിതങ്ങളെ കടമെടുത്ത് ദൈവ കഥകളാക്കി മാറ്റുകയാണവൻ. ദൈവവചനത്തിന്റെ ലിപികളെ എല്ലായിടത്തും വിതയ്ക്കുകയാണവൻ.

വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. ആ വിതയ്ക്കലിൽ എല്ലാമുണ്ട്. ചരിത്രവും സൃഷ്ടിയും രാജ്യവും… വിത്തുകൾ കാറ്റിൽ പറക്കുന്നു. മണ്ണിലും ഹൃദയത്തിലും വീഴുന്നു. ചിലതൊക്കെ മുളയ്ക്കുന്നുണ്ട്. ചിലതൊക്കെ പാകമാകുകയും ചെയ്യുന്നുണ്ട്. ഓരോ വിത്തിലും ഒരു വസന്തം അടങ്ങിയിരിക്കുന്നത് പോലെ ജീവിതവും വിതയ്ക്കപ്പെടുന്നു. വിതക്കാരൻ വിതയ്ക്കുന്നു, ഭൂമി വിളവു നൽകുന്നു. വിത്തുകൾ കല്ലുകളിലും മുൾപടർപ്പുകളിലും വഴിയരികിലുമാണ് വീഴുന്നത്. ഒരു വിവേചനവും കാണിക്കാത്ത വിതക്കാരൻ. അതെ, ദൈവത്തിൽ നിന്നും ആരും ഒഴിവാക്കപ്പെടുന്നില്ല. ഒരു ഹൃദയത്തിനെയും അവൻ ഒഴിവാക്കുന്നില്ല. കല്ലുപോലെയുള്ള കഠിനരിലും മുള്ളുകളാൽ മുറിവേറ്റവരിലും വഴിയാധാരമായ അശരണരിലും വിത്തുകൾ വീണിട്ടുണ്ട്. നല്ലനിലം മാത്രമല്ല ഈ ലോകം, അപൂർണ്ണരുടെയും ഇടമാണിത്.

ജൈവികതയെയും തളിരിടലിനെയും എതിർക്കുന്ന ശക്തികൾ എല്ലാ മേഖലയിലുമുണ്ട്. നമ്മുടെ ഉള്ളിലുമുണ്ട്. ചില പക്ഷികൾ, ചില മുൾച്ചെടികൾ, ചില പാറക്കൂട്ടങ്ങൾ… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഉപമ വിശദീകരിക്കുന്നില്ല. വിതക്കാരൻ വിതയ്ക്കുന്നതിനു മുമ്പും ശേഷവും നിലമൊരുക്കുകയോ കളകൾ പറിക്കുകയോ കല്ലുകൾ നീക്കം ചെയ്യുകയോ പക്ഷികളെ ഓടിക്കുകയോ ചെയ്യുന്നില്ല. വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു എന്ന് മാത്രമേ ഉപമ പറയുന്നുള്ളൂ. അവൻ വിതച്ച വിത്തുകൾ നമ്മുടെ മണ്ണിലും ഹൃദയത്തിലും വളരുന്നുണ്ടോ എന്നത് മാത്രമാണ് ഇവിടെ ചോദ്യം. ആരുടെയെങ്കിലും വിശപ്പടക്കാൻ സാധിക്കുന്ന തരത്തിലുള്ള വിളകൾ നമ്മുടെ ഉള്ളിലുണ്ടോ?

വിളവു നൽകി എന്നതാണ് ഉപമയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിയ. ഒരാൾക്ക് നൂറു മേനി വരെ വിളവ് നൽകാൻ സാധിക്കും എന്നത് ഒരു അതിശയോക്തിയായി കരുതരുത്. വയലിൽ ഒന്നു പോകുക. ഒരു കതിരിൽ എത്ര മണികളുണ്ടെന്ന് എണ്ണി നോക്കുക. ചിലപ്പോൾ ഒരു കൈപ്പിടിയേക്കാൾ കൂടുതൽ അതിൽ നിന്നും കിട്ടും. ചിലപ്പോൾ ഒന്നോ രണ്ടോ മാത്രം. പറഞ്ഞുവരുന്നത് സുവിശേഷ ധാർമികതയെ കുറിച്ചാണ്. അതിനെ പൂർണ്ണതയുടെ വയലുകളായി കരുതരുത്. ഫലം നൽകുന്ന വയലുകളാണത്. നമ്മുടെ ദൗർബല്യങ്ങളിലോ കല്ലുകളിലോ മുൾച്ചെടികളിലോ അല്ല ദൈവത്തിന് താല്പര്യം. ഇത്തിരിയോളമെങ്കിലും വിളവു നൽകാൻ സാധിക്കുന്ന ആ തളിരുകളിലാണ്.

നൂറും അറുപതും മുപ്പതും മേനി വിളവു നൽകുന്ന ഒരു നല്ല നിലമായി ഹൃദയത്തെ മാറ്റണമേ എന്നത് മാത്രമായിരിക്കണം നമ്മുടെ പ്രാർത്ഥന. ഒരു കൊയ്ത്തുകാരനായിട്ടല്ല യേശു ദൈവത്തെ ഇവിടെ ചിത്രീകരിക്കുന്നത്. അവൻ വിതക്കാരനാണ്. മുഖം നോക്കാതെ നന്മകൾ മാത്രം വിതയ്ക്കുന്നവൻ. ഇതാണ് നമ്മുടെ ബന്ധങ്ങളിലും നമ്മൾ സൂക്ഷിക്കേണ്ട ദൈവീക ലാവണ്യം. എന്തു കൊയ്യാം എന്നതല്ല, എന്ത് വിതയ്ക്കാം എന്നതായിരിക്കണം നമ്മുടെ ചിന്ത. കൊയ്യുവാനും ഹൃദയം കവരുവാനും എളുപ്പമാണ്. വരണ്ട നിലങ്ങളിൽ പോലും നന്മ വിതയ്ക്കാൻ സാധിക്കുന്നവർക്ക് മാത്രമേ സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ക്ഷണിക്കാൻ സാധിക്കു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker