Meditation

19th Sunday_അൽപവിശ്വാസിയുടെ കൗതുകം (മത്താ 14: 22-33)

അവർക്കറിയാം ഏകാന്തതയിൽ പ്രാർത്ഥിക്കുന്നവന് തങ്ങളെക്കുറിച്ചും വിചാരമുണ്ടെന്ന കാര്യം...

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ

ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്ക് പോകാൻ ശിഷ്യന്മാരെ നിർബന്ധിക്കുന്ന യേശു. ഹൃദയസ്പർശിയായ ഒരു വചന ഭാഗമാണിത്. അപ്പം ഭക്ഷിച്ച് തൃപ്തരായതിനുശേഷവും ജനങ്ങൾ അവനോടൊപ്പം നിൽക്കുന്നു. അവനോ, അവരെ വിട്ടുപോകാൻ പാടുപെടുന്നു. ഓരോരുത്തരെയും അവൻ വ്യക്തിപരമായി അഭിവാദനം ചെയ്യുന്നുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഭവനത്തിൽ നിന്ന് അത്താഴം കഴിച്ചതിനുശേഷം അവിടെ നിന്നും ഇറങ്ങി പുറപ്പെടാൻ പാടുപെടുന്നതുപോലെയുള്ള ഒരു അനുഭവമാണ് വചനം വരികളുടെയിടയിലൂടെ ചിത്രീകരിക്കുന്നത്.

അഞ്ചപ്പം അയ്യായിരം പേർക്കായി ഭാഗിച്ചു നൽകിയ ആ ദിനം ഒരു പ്രത്യേക ദിവസമായിരുന്നു. നവലോകത്തിനായുള്ള ആദ്യ പരീക്ഷണമായിരുന്നു അത്. അന്ന് എല്ലാവരുടെയും കണ്ണുകളിൽ ഒരു പ്രത്യേക തീക്ഷ്ണതയുണ്ടായിരുന്നു. ഓരോരുത്തരുടെയും വിശപ്പ് ശമിപ്പിക്കാനായി കരങ്ങളും ഹൃദയവും ആർദ്രതയാൽ പെറ്റുപെരുകിയ ദിവസമായിരുന്നു അത്. സ്വർഗ്ഗം കൊണ്ടുവന്നവന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിനം ആയിരുന്നു അത്.

ഇപ്പോഴിതാ, അവൻ എല്ലാവരെയും ആലിംഗനം ചെയ്ത് അവരവരുടെ വീടുകളിലേക്ക് പറഞ്ഞുവിടുന്നു. ഇനി അവന് വേണ്ടത് തന്റെ പിതാവുമായുള്ള ഏകാന്തമായ നിമിഷങ്ങളാണ്. അവൻ മലമുകളിലേക്ക് തനിയെ കയറുന്നു. പ്രാർത്ഥനയിൽ പിതാവുമായി തന്റെ സന്തോഷം പങ്കിടുന്നു. അവന്റെ ഉള്ളം നിറയെ സന്തോഷമാണ്. കാരണം, ജനങ്ങൾ പരസ്പരം അപ്പം പങ്കിടാൻ തുടങ്ങിയിരിക്കുന്നു. അതെ, സ്വർഗ്ഗരാജ്യം ഭൂമിയിലും സാധ്യമാണ്. ആ ആനന്ദഭാഷണം ഏതാണ്ട് നേരം പുലരുന്നത് വരെ നീണ്ടുനിന്നുവെന്നാണ് സുവിശേഷകൻ പറയുന്നത്. എന്നിട്ടവൻ തിരികെ ശിഷ്യന്മാരെ തേടിയിറങ്ങുന്നു. പിതാവിന്റെ ആലിംഗനത്തിൽ നിന്നും ശിഷ്യരുടെ ആലിംഗനത്തിലേക്കുള്ള ഒരു യാത്രയാണത്.

ശിഷ്യന്മാർ ഇപ്പോഴും കടലിന് മധ്യേ തന്നെയാണ്. പ്രതികൂലമായ കാറ്റും, തിരമാലകളിൽ ഉലയുന്ന വഞ്ചിയും. ജീവിതസംഘർഷത്തിന്റെ പ്രതീകങ്ങൾ. വൈകുന്നേരം മുതൽ രാത്രിയുടെ നാലാം യാമം വരെയുള്ള സംഘർഷം. ആശ്വാസമാകേണ്ടവൻ മലമുകളിൽ ഇരുന്നു പ്രാർത്ഥിക്കുന്നു. വേണമെങ്കിൽ അവർക്ക് തിരികെ പോരാമായിരുന്നു. പക്ഷേ ഗുരു പറഞ്ഞിരിക്കുന്നത് മറുകരയിലേക്ക് പോകാനാണ്. കാറ്റും തിരമാലയും അല്ല, അവന്റെ വാക്കാണ് വലുത്. അവർ മുന്നിലേക്ക് തന്നെ തുഴയുന്നു. അവർക്കറിയാം ഏകാന്തതയിൽ പ്രാർത്ഥിക്കുന്നവന് തങ്ങളെക്കുറിച്ചും വിചാരമുണ്ടെന്ന കാര്യം. അതാ, രാത്രിയുടെ നാലാം യാമത്തിൽ കടലിൻമീതേ യേശു നടന്നുവരുന്നു. ആദ്യം ഭയമായിരുന്നു അവർക്ക്. പിന്നീടതൊരു കൗതുകമായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പത്രോസ് പറയുന്നുണ്ട്; “കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതെകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കൽപ്പിക്കുക. വരൂ, അവൻ പറഞ്ഞു”.

പത്രോസിന്റെ വാക്കുകളിൽ പ്രലോഭനത്തിന്റെ ഒരു ധ്വനിയില്ലേ? മരുഭൂമിയിൽ വച്ച് പ്രലോഭകൻ ചോദിക്കുന്നതും ഏകദേശം ഇങ്ങനെയല്ലേ? പ്രലോഭകൻ പറയുന്നുണ്ട് നീ ദൈവപുത്രനാണെങ്കിൽ ഇവിടെ നിന്നും ചാടുക അപ്പോൾ മാലാഖമാർ വരുമെന്ന്. അത്ഭുതങ്ങൾ കാണിച്ച് മനുഷ്യരെ നേടുക എന്ന തന്ത്രമാണത്. കുരിശിന്റെ ഭോഷത്തത്തെ മറച്ചുവയ്ക്കുന്ന മതാത്മകതയാണത്. സമൃദ്ധിയുടെ സുവിശേഷം പ്രഘോഷിക്കുന്ന അത്ഭുത പ്രവർത്തകരും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്.

പത്രോസിന്റെ അഭ്യർത്ഥനയിൽ അവന്റെ ധൈര്യവും അശ്രദ്ധയും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. സുന്ദരമാണ് അവൻ്റെ ആഗ്രഹം: “അങ്ങയുടെ അടുത്തേക്ക് വരാൻ കൽപ്പിക്കുക”. പക്ഷേ വെള്ളത്തിന് മീതെ നടന്ന് യേശുവിന്റെ അടുത്തെത്തുവാൻ അവനു സാധിക്കുന്നില്ല. വെള്ളത്തിനുമീതേ നടക്കുക എന്നത് ഒരു ദൈവിക ഇടപെടലാണ്. പക്ഷേ പ്രചണ്ഡമായ ഈ അത്ഭുതം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? പരാജയപ്പെട്ട ഒരു ദൈവീക ഇടപെടലാണിത്. മുങ്ങിത്താഴുന്ന പത്രോസിനെ അല്പവിശ്വാസി എന്നാണ് യേശു വിളിക്കുന്നത്. തിരമാലകളെയും കാറ്റിനെയും രാത്രിയെയും ഭയന്നതു കൊണ്ടല്ല പത്രോസ് ഒരു അല്പ വിശ്വാസിയാകുന്നത്. മറിച്ച് വെള്ളത്തിനുമീതെ നടക്കണമെന്ന അപക്വമായ അവന്റെ ആഗ്രഹം കൊണ്ടുതന്നെയാണ്.

യേശുവിന്റെ അടുത്തേക്ക് പോകുക എന്ന പത്രോസിന്റെ ആഗ്രഹം ഏറ്റവും സുന്ദരമായ ആഗ്രഹമാണ്. പക്ഷേ അവന്റെ അടുത്തേക്ക് പോകേണ്ടത് വെള്ളത്തിനുമീതെയായിരിക്കരുത്, മറിച്ച് നല്ല സമരിയക്കാരനെപോലെ പാംസുലമായ വഴിയിലൂടെയായിരിക്കണം. യേശുവിന്റെ അടുത്തേക്ക് പോകുക എന്നാൽ അവനെപ്പോലെ ജീവിക്കുക എന്നതാണ്. അവനെപ്പോലെ ജനങ്ങളുടെ ഹൃദയത്തിലേക്ക് നടന്നടുക്കുക എന്നതാണ്. ജലത്തിനുമീതെ നടക്കാൻ ആഗ്രഹിക്കുന്ന സുവിശേഷത്തിലെ പത്രോസ് നമ്മുടെ എല്ലാവരുടെയും ഒരു പ്രതിനിധിയാണ്. പ്രവചനാതീതമായ അത്ഭുതങ്ങളുടെ ശക്തിയാൽ യേശുവിലേക്ക് നടക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷെ സുവിശേഷം മാതൃകയായി ചിത്രീകരിക്കുന്നത് നഗ്നമായ വിശ്വാസത്തിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ച് ദൈനംദിന ജീവിതത്തിലെ സംഘർഷത്തിലും തളരാതെ യേശുവിനെ വഞ്ചിയിലേക്ക് ക്ഷണിച്ച് അവനെ ആരാധിക്കുന്ന ശിഷ്യരെയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker