Meditation

22nd Sunday_കുരിശും പരിത്യാഗവും (മത്താ 16: 21-27)

എന്തിനാണ് നമ്മൾ യേശുവിനെ അനുഗമിക്കുന്നത്? എന്തിന് നമ്മൾ അവന്റെ പിന്നാലെ പോകണം?

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ

“ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ…” ഒരു ലളിതമായ ചരിത്രം രചിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ… ഒരു അപ്പൂപ്പൻ താടിയെപോലെ കാറ്റിന്റെ ഈണത്തോടൊപ്പം പറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ… അവനോടൊപ്പം സഞ്ചരിക്കാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിൽ…. ആരെയും നിർബന്ധിക്കുന്നില്ല, ഒന്നും അടിച്ചേൽപ്പിക്കുന്നുമില്ല. പക്ഷേ ചില വ്യവസ്ഥകളുണ്ട്. എന്താണവ? ഒന്ന്, സ്വയം പരിത്യജിക്കുക. രണ്ട്, സ്വന്തം കുരിശെടുക്കുക.

സ്വയം പരിത്യജിക്കുക. വ്യക്തമായി മനസ്സിലാക്കിയില്ലെങ്കിൽ അപകടകരമായി തീരാൻ സാധ്യതയുള്ള ഒരു ക്രിയ. സ്വയം പരിത്യജിക്കുക എന്നതിന് സ്വയം ഇല്ലാതാകുക എന്ന അർത്ഥമില്ല. നിന്റെ തനിമയെ നിഷേധിക്കുക എന്നതുമല്ല. നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിൽ നിന്നും സ്വയം പുറത്തേക്കു വരിക എന്നതാണ്. നമ്മിലല്ല നമ്മുടെ രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നത്, നമ്മെ അറിയുന്ന ദൈവത്തിലാണ്. ജീവിതത്തെ ഒരു യാത്രയായി കരുതുകയാണെങ്കിൽ അത് തുടങ്ങുന്നത് നമ്മിൽനിന്നാണ്, പക്ഷേ നമ്മൾക്കുവേണ്ടിയല്ല എന്നതാണ് അതിന്റെ വിരോധാഭാസം. തന്നെത്തന്നെ നോക്കുന്നവന് മുന്നിലെ വഴികൾ കാണാൻ സാധിക്കില്ല. മുന്നിലേക്ക് നോക്കുന്നവൻ ആത്മരതിയിൽ അഭിരമിക്കുകയുമില്ല.

സ്വന്തം കുരിശുമെടുത്ത് അവനെ അനുഗമിക്കുക. ഒരു നിശ്ചിത സമയത്തേക്കല്ല. വഴിത്താരയുടെ അവസാനം വരെയാണ്. ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വചനഭാഗമാണിത്. കുരിശ്. ഒറ്റ വാക്കാണത്. ലളിതമായ ഒരു അടയാളം കൂടിയാണത്. പറക്കുന്ന ഒരു പക്ഷിക്ക് കുരിശിന്റെ രൂപമുണ്ട്. വിരിച്ചു പിടിച്ചിരിക്കുന്ന കരങ്ങളും കുരിശാണ്. പാടത്ത് ഉഴലുന്ന കലപ്പയ്ക്കും കുരിശിന്റെ ഭാവമുണ്ട്. മരണം പോലും കുരിശിന്റെ പര്യായമാണ്. പക്ഷേ ക്രിസ്തു പറയുമ്പോൾ അതിന്റെ അർത്ഥതലം സ്വർഗ്ഗത്തിനോടാണ് ചേർന്നുനിൽക്കുന്നത്. അതൊരു പൈത്യമാണ്. സ്നേഹത്തിനുവേണ്ടിയുള്ള ആത്മഹത്യ എന്നൊക്കെ പറയാൻ പറ്റുന്ന ഒരു ഭ്രാന്ത്. ചക്രവാളത്തിന്റെ അതിരിൽ ഒരു കുരിശുമരമുണ്ട് എന്നറിഞ്ഞുകൊണ്ട് അതിനെ ഉന്നംവെച്ച് നടക്കുന്നവനോട് മാനുഷികമായ മുട്ടാപ്പോക്കുമായി പത്രോസ് കടന്നുവന്നപ്പോഴാണ് കുരിശിനോടുള്ള ഭ്രാന്തമായ അഭിനിവേശം ശിഷ്യത്വത്തിലും വേണമെന്ന് അവൻ പറയുന്നത്. ഒറ്റപ്പെട്ടാലും ചതിക്കപ്പെട്ടാലും മാഞ്ഞുപോകാത്ത ഒരു അഭിനിവേശമാണ് കുരിശിൽ അവൻ കണ്ടെത്തിയ സ്നേഹം. അവനെ സംബന്ധിച്ച് അതിനെ അവഗണിക്കുകയെന്നാൽ മരണത്തെക്കാൾ മാരകമായ അവസ്ഥയായിരിക്കും.

കുരിശെടുക്കുക. അവന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഒന്നിനെ നീയും എടുക്കുക. അതൊരു തെരഞ്ഞെടുപ്പാണ്. കുഷ്ഠരോഗികളെ സ്പർശിക്കുന്ന ആന്തരികതയും പാപിനിയെ കല്ലെറിയാൻ വന്നവരെ വെല്ലുവിളിക്കുന്ന ധീരതയും ദേവാലയത്തെ അശുദ്ധമാക്കിയവരെ പുറത്താക്കാൻ കാണിച്ച മന:സ്ഥൈര്യവും വയലിലെ കുരുവികളോടും പോലും കാണിക്കുന്ന ആർദ്രതയും ചുങ്കക്കാരുടെ അത്താഴവിരുന്നിനെ സ്നേഹിക്കുന്ന സൗഹൃദവും കുരിശെടുക്കുക എന്ന കല്പനയിലുണ്ട്. തടവുകാരനായല്ലാതെ ഒരു ശക്തന്റെയും കൊട്ടാരത്തിൽ അവൻ കയറിയിട്ടില്ല. ആരെയും വിലയ്ക്കു വാങ്ങാൻ ശ്രമിച്ചുമില്ല. ശൂന്യനായി വന്നു, ദാസനായി ജീവിച്ചു, കർത്താവ് എന്നവൻ വിളിക്കപ്പെട്ടു. ഒരു യുദ്ധവും ജയിക്കാതെ ലോകത്തെ കീഴടക്കിയ സൗമ്യതയാണവൻ. അതുകൊണ്ടാണ് അവൻ കുരിശെടുക്കാൻ പറയുന്നത്. അവന്റെ നൊമ്പരത്തോടൊപ്പം നമ്മുടെ നൊമ്പരങ്ങളും ചേർത്തുവയ്ക്കാൻ വേണ്ടിയാണത്. ഓർക്കണം, എവിടെയാണ് നമ്മുടെ ഹൃദയം, അവിടെ നമ്മുടെ നൊമ്പരങ്ങളും ഉണ്ടാകും.

എന്തിനാണ് നമ്മൾ യേശുവിനെ അനുഗമിക്കുന്നത്? എന്തിന് നമ്മൾ അവന്റെ പിന്നാലെ പോകണം? വേണമെങ്കിൽ നമുക്കും പറയാം ജറെമിയാ പ്രവാചകനെ പോലെ. കർത്താവേ, അങ്ങ് എന്നെ വശീകരിച്ചിരിക്കുന്നു എന്നോ വഞ്ചിച്ചിരിക്കുന്നു എന്നോ ഒക്കെ. എത്രയോ പ്രാവശ്യമാണ് നമ്മളും പറഞ്ഞിരിക്കുന്നത് “മതി, ദൈവവുമായി ഇനിയൊരു ബന്ധവും വേണ്ട” എന്ന്. അപ്പോഴും പ്രവാചകനെപ്പോലെ നമുക്കും അനുഭവപ്പെട്ടിട്ടുണ്ടാകും; “ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു” (ജറെ. 20:9). അതെ, ഒരു തീ നമ്മുടെ ഉള്ളിലും കത്തുന്നുണ്ട്. മുൾപടർപ്പിലെ തീനാളം പോലെയാണത്. അത് പടർന്നു തരുന്ന ഒരു വിശുദ്ധിയുണ്ട്. അതിന് ചെങ്കടലിനെ പോലും രണ്ടാക്കാൻ സാധിക്കും. ആ തീ ഇല്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവനും നേടാൻ സാധിച്ചേക്കാം, പക്ഷേ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടും. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker