Meditation

നാട്യമില്ലാത്ത സാഹോദര്യം (മത്താ 23:1-12)

ജീവിതത്തെ നിലം പരിശാക്കുന്ന ഒരു വ്യതിക്രമമാണ് അധികാരത്തിനോടുള്ള ആസക്തി...

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ

ആധികാരികമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഏതൊരുവനും അഭിമുഖീകരിക്കേണ്ട രണ്ടു ചോദ്യങ്ങളിലേക്കാണ് ഇന്നത്തെ സുവിശേഷം വാതിൽ തുറക്കുന്നത്. ഒന്ന്, നീ നീയായിരിക്കണമോ അതോ ഒരു ബാഹ്യരൂപം മാത്രമാകണമോ? രണ്ട്, എങ്ങനെയാണ് അധികാരത്തിനോടുള്ള നിന്റെ മമത?

യേശു പറയുന്നു, “അവർ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ പ്രവർത്തികൾ നിങ്ങൾ അനുകരിക്കരുത്” (v.3). കാർക്കശ്യം നിറഞ്ഞ വാക്കുകളാണിവ. പച്ചയായ ഒരു മനുഷ്യൻ തന്റെ ദൗർബല്യത്തെ മുഖാമുഖം ദർശിക്കുമ്പോൾ മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്, തന്റെ വാക്കുകൾ പക്ഷികളായി പറന്നുയരുമ്പോൾ പ്രവർത്തികൾ നിലത്തിഴയുകയാണെന്ന കാര്യം. മനുഷ്യൻ എന്ന അപൂർണ്ണതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. ആ അപൂർണ്ണതയെയല്ല യേശു നിശിതമായി എതിർക്കുന്നത്, ബോധപൂർവ്വമുള്ള ചില കപടനാട്യങ്ങളെയാണ്. നമ്മുടെ എല്ലാവരുടെയും ദൗർബല്യങ്ങളെ കണക്കിലെടുക്കുന്നവനാണ് യേശു. അവയെയൊന്നും അവൻ വിമർശിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നില്ല. മാനുഷിക കുറവുകളുടെ മുൻപിൽ അവൻ ഒരു കുശവനെ പോലെയാണ്. മൺകലം നിർമ്മിക്കുമ്പോൾ താൻ ഉദ്ദേശിച്ച രീതിയിൽ അത് ശരിയായില്ലെങ്കിൽ കുശവൻ ഒരിക്കലും ആ കളിമണ്ണ് വലിച്ചെറിഞ്ഞു കളയില്ല. മറിച്ച്, ഉദ്ദേശിച്ച രീതിയിൽ ഒരു കലം രൂപപ്പെടുന്നതുവരെ അവൻ വീണ്ടും വീണ്ടും ശ്രമിക്കും.

കപടനാട്യക്കാരെ യേശു ഒരിക്കലും സഹിക്കില്ല. ധാർമികതയുടെ പേരിൽ കഠിനമായ നിയമങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നവരാണവർ. ഇങ്ങനെയുള്ളവർ ഇന്നലെയുടെ അവശേഷിപ്പുകളാണ് എന്ന് കരുതരുത്, അവർ ഇന്നിന്റെയും അടയാളങ്ങൾ കൂടിയാണ്. മാനുഷികതയുടെ മുകളിൽ സദാചാരം പ്രസംഗിക്കുന്ന ഇവർ സ്വയം നീതിമാനും വിശുദ്ധനുമാണെന്ന മൂഢ സ്വർഗ്ഗത്തിൽ വസിക്കുന്നവരാണ്. അവർ വാക്കുകൾ കൊണ്ട് അമ്മാനമാടി അനുയായികളെ സൃഷ്ടിക്കുകയും സ്വന്തം താല്പര്യത്തിനായി എല്ലാം വളച്ചൊടിക്കുകയും ചെയ്യും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സദാചാരത്തിന്റെ വിഷം ചീറ്റുന്ന ഇവർ താൻ ഒരു പാപിയാണെന്ന് ഒരിക്കലും അംഗീകരിക്കില്ല. നല്ലവരായി അഭിനയിക്കും. അവസാനം മറ്റുള്ളവരുടെ മുമ്പിൽ അവർ പ്രദർശിപ്പിക്കുന്ന കപടമായ ചില പുണ്യങ്ങൾ തന്നെ അവരുടെ ജീവിതത്തിന്റെ ആധികാരികതയെ നശിപ്പിക്കും.

ജീവിതത്തെ നിലം പരിശാക്കുന്ന ഒരു വ്യതിക്രമമാണ് അധികാരത്തിനോടുള്ള ആസക്തി. മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ആരോ ആണ് എന്ന് പ്രദർശിപ്പിക്കാനുള്ള വ്യഗ്രതയാണിത്. യേശു പറയുന്നു; നമ്മളാരും ഗുരുവോ പിതാവോ നേതാവോ ഒന്നും തന്നെയല്ല, എല്ലാവരും സഹോദരങ്ങളാണ്. സാഹോദര്യത്തിൽ വലിയവനോ ചെറിയവനോ ഇല്ല. കാരണം സാഹോദര്യം ബന്ധിച്ചിരിക്കുന്നത് സ്നേഹത്തിന്റെ ചരടുകൾ കൊണ്ടാണ്. എങ്കിലും അവസാനം യേശു എല്ലാം ഒന്ന് കീഴ്മേലാക്കുന്നുണ്ട്: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം” (v.11).

ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവനാണ് ഏറ്റവും വലിയവൻ. ഇന്നത്തെ ലോകത്തിന് വേണ്ടത് പൂവണിഞ്ഞുള്ള സമ്പത്തല്ല, സ്നേഹമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ലോകത്തിലെ ഏറ്റവും വലിയവർ ചിലപ്പോൾ നമ്മുടെ വീടുകളുടെ നാലു ചുവരുകളിൽ മാത്രം ഒതുങ്ങി നിശബ്ദമായി ജോലി ചെയ്യുന്ന നമ്മുടെ അമ്മമാരാകാം, അന്തിവെയിലോളം പണിയെടുക്കുന്ന അപ്പന്മാരാകാം. അല്ലെങ്കിൽ ഇതു വായിക്കുന്ന നിങ്ങൾ തന്നെയാകാം. അതുമല്ലെങ്കിൽ നിങ്ങളുടെ ഇടതും വലതുമുള്ള അവനോ അവളോ ആകാം. ആരായാലും സ്നേഹിക്കുന്നവന് മാത്രമേ വലിയവനാകാൻ സാധിക്കു. ഓർക്കുക, ഒരു അധികാരവും നിന്നെ വലിയവനാക്കില്ല. സ്നേഹിക്കാൻ കഴിയുന്ന വലിയൊരു ഹൃദയം നിനക്കുണ്ടോ? എങ്കിൽ, നിനക്കും വലിയവനാകാം.

സ്നേഹം ദൈവികമായ ഒരു ഉന്മാദാവസ്ഥയിലെത്തുമ്പോൾ ശുശ്രൂഷയായി മാറും. അങ്ങനെയാണ് ചിലർ അവരുടെ മാനുഷിക ദൗർബല്യങ്ങൾ മനസ്സിലാക്കികൊണ്ട് സ്നേഹത്തിന്റെ വക്താക്കളാകുന്നതും ശുശ്രൂഷയുടെ പാത പിന്തുടരുന്നതും. അതുകൊണ്ടാണ് യേശു പറഞ്ഞത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് ഞാൻ വന്നതെന്ന്. ഇതാണ് യേശുവിന്റെ മഹനീയമായ നവീനത. ദൈവം ഈ ലോകത്തെ തന്റെ കാൽക്കീഴിൽ വയ്ക്കുന്നില്ല, എല്ലാവരുടെയും കാൽക്കീഴിൽ തന്നെത്തന്നെ വയ്ക്കുകയാണ്. അവൻ ആരെയും ഭരിക്കുന്നില്ല, ശുശ്രൂഷിക്കുകയാണ്. ഓർക്കുക, ശുശ്രൂഷ എന്നത് ദൈവത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു പേരാണ്. ഇതുതന്നെയായിരിക്കണം ഇനി നമ്മുടെയും പേരുകൾ. അപ്പോൾ നാട്യങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ഒരു സംസ്കാരം തനിയെ ഉദയം കൊള്ളും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker