Meditation

ഉണർന്നിരിക്കുക (മർക്കോ 13: 33-37)

മനുഷ്യനല്ല സ്വർഗത്തിലേക്ക് കയറിയത്, ആകാശം പിളർന്ന് ദൈവമാണ് ഭൂമിയിലേക്ക് ഇറങ്ങിയത്...

ആഗമനകാലം ഒന്നാം ഞായർ

വിശാലമായ ചക്രവാളത്തിലേക്ക് തുറന്നിട്ട ഒരു വാതിൽ പോലെയാണ് ആഗമനകാലം. ഒരു പിടിവെളിച്ചം ആ വാതിലിലൂടെ നമ്മുടെ മുഖത്ത് പതിയും. നമ്മെ അത്ഭുതപ്പെടുത്താനല്ല, ഉണർത്താനാണ്. നമ്മെ സഹായിക്കാനാണ്. ഓരോ കാർമേഘത്തെയും വകഞ്ഞു മാറ്റി എല്ലാ ശക്തിയും സംഭരിച്ച് മുകളിലേക്ക് പറന്നുയരാൻ വേണ്ടിയാണ്. രാത്രിയുടെ കാളിമയ്ക്കപ്പുറം നീലിമയാർന്ന ഒരു ഇടം നമുക്കായി കാത്തിരിക്കുന്നുണ്ട് എന്ന കാഹളമാണ് ആഗമനകാലം.

ഒരു രാത്രിവർണ്ണനയാണ് ഇന്നത്തെ സുവിശേഷം. വിരസതയുടെ തലങ്ങളിലൂടെയാണ് ആ വർണ്ണന കടന്നുപോകുന്നത്. എങ്കിലും ജാഗരൂകരായിരിക്കുവാൻ മാത്രമാണ് അത് ആവശ്യപ്പെടുന്നത്. കാരണം, “ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ” (മർക്കോ13:35). ഒരു കാര്യം ഉറപ്പാണ്. അവൻ വരും. ഏശയ്യാ പ്രവാചകൻ അവന്റെ വരവിനായി ആർദ്രമായി കേഴുകയാണ്. “അങ്ങയുടെ ദാസർക്ക് വേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്ക് വേണ്ടി, അങ്ങ് തിരികെ വരണമേ” (ഏശ 63:17).

മനുഷ്യനല്ല സ്വർഗത്തിലേക്ക് കയറിയത്, ആകാശം പിളർന്ന് ദൈവമാണ് ഭൂമിയിലേക്ക് ഇറങ്ങിയത്. ഒരു ഭവനരഹിതനായി അലയുകയാണവൻ. നാടോടിയാണവൻ. സക്രാരി തേടുന്ന തീർത്ഥാടകനാണവൻ. ഹൃദയം തേടുന്ന സ്നേഹമാണവൻ. നമ്മെ തേടുന്ന പിതാവാണവൻ. ദൈവത്തെ തേടിയുള്ള ഒരു യാത്രയാണ് മാനസാന്തരമെങ്കിൽ, ഇതാ നമ്മെ തേടി ദൈവം ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാനസാന്തരം എന്ന സങ്കൽപ്പത്തിന്റെ തന്നെ തകിടംമറിച്ചിലാണിത്. ആകാശം പിളർന്ന് ഇറങ്ങി വരാൻ ദൈവത്തോട് യാചിക്കുന്ന ഏശയ്യാ പ്രവാചകന്റെ സ്വപ്നം സഫലമാകുന്ന കാലയളവും കൂടിയാണ് ആഗമനകാലം. ഇനി ദൈവാന്വേഷണമില്ല, അവനായുള്ള കാത്തിരിപ്പും ഹാർദ്ദമായ സ്വാഗതം മാത്രമാണ്. ഇതാ, അവൻ വാതിൽക്കൽ നിന്നുകൊണ്ട് മുട്ടുന്നു…

ഏറ്റവും വിലപ്പെട്ടതിനായി ഇറങ്ങിത്തിരിക്കുന്നതിനേക്കാൾ ഉത്തമം കാത്തിരിക്കുന്നതാണ്. നമുക്കും കാത്തിരിക്കാൻ സാധിക്കണം. കാത്തിരിക്കുക എന്നത് അത്ര വലിയ കാര്യമാണോ? ലളിതമായി തോന്നാം. കാരണം അതിലൊരു നിഷ്ക്രിയതയുണ്ട് എന്നാണ് നമ്മൾ വിചാരിക്കുന്നത്. നമുക്ക് ക്രിയാത്മകമാകാനും സജീവമാകാനും കാര്യങ്ങളുടെ നിലനിൽപ്പുകളെ നിർണയിക്കാനുമാണ് താല്പര്യം. എന്തൊക്കെയോ ചെയ്തുകൂട്ടിക്കഴിഞ്ഞാൽ നമ്മളും അർഹരാകും എന്ന ചിന്തയുടെ പ്രതിഫലനമാണത്. ഓർക്കണം ഒരു കാര്യം, അർഹത നോക്കിയല്ല ദൈവം നമ്മെ ചേർത്തുനിർത്തുന്നത്. കീഴടക്കലിൽ മാത്രമാണ് വിജയമെന്ന് കരുതരുത്, കാത്തിരിപ്പും വിജയമാണ്.

രണ്ടേ രണ്ട് മനോഭാവങ്ങളുടെ ആവർത്തനമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രധാന ആശയങ്ങൾ: ജാഗരൂകരായിരിക്കുക, ഉണർന്നിരിക്കുക. ജാഗ്രതയ്ക്ക് കാത്തിരിപ്പിന്റെ അത്രയും ആഴമുണ്ട്. അതൊരു പ്രവണതയാണ്. നമ്മുടെ ഏറ്റവും മോശമായ ദിനത്തിലൂടെ കടന്നുപോയി കഴിയുമ്പോൾ സ്നേഹമായി വരുന്ന ഒരാളെ കണ്ടുമുട്ടുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന പ്രത്യാശയുടെ പ്രവണത. ആ കണ്ടുമുട്ടലിൽ ബാഹ്യമായ പ്രത്യേകതകൾ ഒന്നും ഒരു പരിഗണനയാകില്ല. ആ സ്നേഹാത്മാവിന്റെ കരങ്ങളിൽ മുറുകെപ്പിടിച്ച് ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചു നടന്നു നീങ്ങുക എന്നതുമാത്രമാണ് അതിലെ ചാരിതാർത്ഥ്യം. അവിടെ ആരുടെയും ശ്രദ്ധ തെറ്റില്ല. കാരണം സ്നേഹം ശ്രദ്ധയാണ്, ജാഗ്രതയാണ്, കാത്തിരിപ്പാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രാർത്ഥനയാണ് സ്നേഹവും ശ്രദ്ധയും. അതുമാത്രമാണ് എല്ലാ ആന്തരികതയെയും മനസ്സിലാക്കാനുള്ള ആദ്യത്തെ വ്യാകരണവും.

ഉണർന്നിരിക്കാനാണ് ഗുരുനാഥൻ ആഹ്വാനം ചെയ്യുന്നത്. ഉണർന്നിരിക്കുക. നിങ്ങളെ ഉറക്കുവാനോ കീഴ്പ്പെടുത്തുവാനോ ആരെയും അനുവദിക്കരുത്. സ്വസ്ഥതയുടെ ആദ്യ കൽപ്പടവുകളിൽ ഉണർന്നിരിക്കുക. ചുറ്റുമുള്ള അന്ധകാരത്തിന്മേൽ പ്രഭാതത്തിന്റെ ഒരു കിരണം പതിയുമെന്ന പ്രതീക്ഷയോടെ ഉണർന്നിരുന്ന് നിരീക്ഷിക്കുക. വെളിച്ചം പ്രതീക്ഷിച്ച് മുളപൊട്ടി വരുന്ന ഓരോ കതിരുകൾക്കും ദൈവീകമായ കരുതലും ലാളനയും നൽകി കാത്തിരിക്കുക. കാരണം, വരും എന്ന് പറഞ്ഞവൻ ഉറപ്പായും നിന്റെ ജീവിതത്തിലേക്ക് വന്നിരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker