Kerala

കോട്ടപ്പുറം മെത്രാഭിഷേകം – ഗായകസംഘത്തെ ജെറി അമൽദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും

ഒരു ഗായക സംഘത്തിന്റെ വിജയം അവരോട് ചേർന്ന് വിശ്വാസീ സമൂഹവും പാടുമ്പോഴാണ്; ജെറി അമൽദേവ്

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോൺ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ 20-ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ സംഗീത സംവിധായകൻ ജെറി അമൽദേവും ഫാ.വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നൂറു പേരാണ് ഇതിനായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ പാരിഷ് ഹാളിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആരാധനക്രമത്തിൽ ജനങ്ങളുടെ സജീവപങ്കാളിത്തം യാഥാർത്ഥ്യമാക്കാൻ രൂപതയിൽ നിലവിൽ ഉപയോഗത്തിലുള്ള ആരാധനക്രമ ഗീതങ്ങളാണ് പ്രധാനമായും മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഒരു ഗായക സംഘത്തിൻറെ വിജയം അവരോട് ചേർന്ന് വിശ്വാസീ സമൂഹവും പാടുമ്പോഴാണെന്ന് ജെറി അമൽദേവ് പരിശീലനത്തിനിടയിൽ പലപ്പോഴും ഗായകക സംഘാംഗങ്ങളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സെബി തുരുത്തിപ്പുറം, ഫ്രാൻസിസ് കൂട്ടുകാട്, റെൽസ് കോട്ടപ്പുറം, സ്റ്റൈൻ കുട്ടനല്ലൂർ, ജെറോമിയ ഡേവിഡ് തുടങ്ങി രൂപതയിൽ നിന്നുള്ള കഴിവുറ്റ ഗായകസംഘാംഗങ്ങൾ ഇതോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.ലിറ്റർജി കമ്മീഷൻ ചെയർമാൻ ഫാ.വിൻ കുരിശിങ്കൽ, കമ്മിറ്റി അംഗം ഫാ. സിജോ വേലിക്കകത്തോട്ട് , കത്തീഡ്രൽ വികാരി ഫാ.ജാക്സൻ വലിയപറമ്പിൽ, സിസ്റ്റർ ബിന്ദു ഓകാം , സിസ്റ്റർ ഫ്ളാവിയ സി.ടി.സി.എന്നിവരാണ് പരിശീലന പരിപാടികൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലുമായി ജെറി അമൽദേവിന്റെയും ഫാ.വില്യം നെല്ലിക്കലിന്റെയും നേത്യത്വത്തിൽ കോട്ടപ്പുറത്ത് പരിശീലനം മുന്നേറുകയാണ്.

‘ എച്ചേ സാച്ചേർദോസ്’ – ഇതാ മഹാപുരോഹിതൻ’ എന്നു തുടങ്ങുന്ന തിരുക്കർമ്മങ്ങളുടെ ആമുഖഗീതിയായ പരമ്പരാഗത ലത്തീൻ ഗാനം  നാല് സ്വരങ്ങളിൽ ആലപിക്കും. ‘വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ’ എന്ന ഫാ.ജോസഫ് മനക്കിൽ രചിച്ച് ജെറി അമൽദേവ് ഈണം നല്കിയ ഗാനമാണ് പ്രവേശന ഗാനം. ‘കാൽവരിക്കുന്നിൻ നിഴലിൽ കത്തും ദീപ സന്നിധിൽ ‘എന്നു തുടങ്ങുന്ന ഫാ.മൈക്കിൾ പനച്ചിക്കൽ എഴുതി ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് കാഴ്ചവയ്പ്പു ഗാനം. ‘വാവയേശുനാഥ  വാവ സ്നേഹ നാഥ’എന്ന കോട്ടപ്പുറത്തിന്റെ പുത്രൻ യശ:ശരീരനായ ഫാ.ജേക്കബ്ബ് കല്ലറക്കൽ രചിച്ച് ഈണം പകർന്ന ഗാനവും ‘ദിവ്യസക്രാരിയിൽ കൂദാശയിൽ’ എന്നാരംഭിക്കുന്ന ഫാ.ജോസഫ് മനക്കിൽ രചിച്ച് ഫ്രാൻസിസ് മനക്കിൽ ഈണം നൽകിയ ഗാനവുമാണ് ദിവ്യകാരുണ്യഗീതങ്ങൾ. കൃതജ്ഞതാഗീതം (തെദേവും ) മലയാളത്തിൽ ആയിരിക്കും ആലപിക്കുക. പരമ്പരാഗത പരിശുദ്ധാന്മ ഗീതമായ ‘വേനി ക്രിയാത്തോർ  സ്പിരിത്തു’ എന്നു  തുടങ്ങുന്ന ലത്തീൻ ഗാനവും ആലപിക്കും. വിശുദ്ധ ബർണാർഡിന്റെ ‘എത്രയും ദയയുള്ള മാതാവേ ‘ എന്ന പ്രാർത്ഥനയുടെ ഗാനരൂപമായ ഫാ.ജോസഫ് മനക്കിൽ രചിച്ച് ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് മരിയ ഗീതിയായി ആലപിക്കുക.

ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വൈകീട്ട് 3-ന് മെത്രാഭിഷേക തിരുക്കർമങ്ങൾ ആരംഭിക്കും. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യകാർമികനാകും. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ്  എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമ്മികരായിരിക്കും. കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പ്രവചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദീകരും സഹകാർമികരാകും. ആയിരങ്ങൾ പങ്കെടുക്കും.

ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി  അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയായിരിക്കും .ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി, അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ ,കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ ജിജി പുല്ലയിൽ, കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പ്രസംഗം നടത്തും. കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി. കെ.ഗീത, കൗൺസിലർമാരായ എൽസി പോൾ, വി. എം ജോണി, ഫ്രാൻസിസ് ബേക്കൺ, കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ, സിഎസ്എസ് പ്രസിഡൻറ് ജിസ്മോൻ ഫ്രാൻസിസ്, കെസിവൈഎം പ്രസിഡൻറ് പോൾ ജോസ്, കെഎൽസിഡബ്യുഎ പ്രസിഡന്റ് റാണി പ്രദീപ് കെഎൽഎം പ്രസിഡന്റ് വിൻസന്റ് ചിറയത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നും, തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടാവുമെന്നും പബ്ലിസിറ്റി & മീഡിയ കമ്മിറ്റി ചെയർമാൻ ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker