Kerala

5th Sunday_ശുശ്രൂഷയുടെ സുവിശേഷം (മർക്കോ 1: 29-39)

ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്കെ അത്ഭുതങ്ങൾ പ്രവർത്തിക്കാനും കാണാനും സാധിക്കു...

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

സൗഖ്യം നൽകുക, പ്രാർത്ഥിക്കുക, പ്രഘോഷിക്കുക. നസ്രായന്റെ അനുദിന ജീവിത പ്രവർത്തികളാണിത്. ചുരുക്കം ചില വരികളിലാണ് സുവിശേഷകൻ അവ ചിത്രീകരിക്കുന്നത്. എങ്കിലും ആ വരികൾ അവന്റെ ജീവിത രേഖയെ പൂർണ്ണമായി ആവഹിക്കുന്നുണ്ട്. സിനഗോഗിലെ പ്രബോധനത്തിനും അവിടെയുണ്ടായിരുന്ന പിശാചുബാധിതനെ സൗഖ്യമാക്കിയതിനും ശേഷം ക്രിസ്തു നേരെ പോയത് പത്രോസിന്റെ ഭവനത്തിലേക്കാണ്. പ്രതീകാത്മകമാണ് ഈ വിവരണം. സിനഗോഗും പിശാചുബാധിതനും യഹൂദ മതത്തെയും അതിനകത്തെ തിന്മയുടെ സാന്നിധ്യത്തെയും സൂചിപ്പിക്കുമ്പോൾ പത്രോസിന്റെ ഭവനവും രോഗിണിയായ ഒരു സ്ത്രീയും സഭയെയും അതിന്റെ രോഗാവസ്ഥയെയും സൂചിപ്പിക്കുന്നു. നിയമങ്ങൾ മൂലം സ്വച്ഛന്ദത നഷ്ടപ്പെട്ട യഹൂദ മതത്തിന് സ്വാതന്ത്ര്യത്തിന്റെ പ്രകാശം ക്രിസ്തു പകർന്നു നൽകുന്നതു പോലെ രോഗാവസ്ഥയിലായ സഭയെ ശുശ്രൂഷയുടെ പാതയിലേക്ക് കൈപിടിച്ചാനയിക്കുന്നു.

സൗഖ്യമാണ് പ്രധാനം. അതിനുവേണ്ടി ആദ്യം ഭവനത്തിന്റെ വാതിലുകൾ തുറന്നിടണം. നൊമ്പരങ്ങളുടെ ലോകത്തേക്ക് അവനെ വിളിച്ചു വരുത്താൻ സാധിക്കണം. വരുന്നവൻ ദൈവപുത്രനാണ്. അല്ല, ദൈവം തന്നെയാണ്. ശാലീനമാണ് അവന്റെ പ്രവർത്തികൾ: സ്പർശിക്കുന്നു, സംസാരിക്കുന്നു, കൈപിടിച്ചുയർത്തുന്നു, സൗഖ്യം നൽകുന്നു. നൊമ്പരങ്ങളിലാണ് അവന്റെ നോട്ടം. കുറ്റങ്ങളുടെയൊ കുറവുകളുടെയൊ പാപങ്ങളുടെയൊ കണക്കെടുപ്പ് അവിടെയില്ല. അതുകൊണ്ടാണ് നഗരവാസികൾ മുഴുവനും ആ ഭവനത്തിന്റെ വാതിക്കൽ സമ്മേളിച്ചത് (v.34). ഓർക്കുക, പത്രോസിന്റെ ഭവനത്തിലേക്ക് ഇന്നും ജനങ്ങൾ തള്ളിക്കയറി വരുന്നുണ്ടെങ്കിൽ അത് പത്രോസിനെ കാണാനല്ല. അവന്റെ ഭവനത്തിലുള്ള ക്രിസ്തുവിനെ കാണാനും അവന്റെ ആർദ്രത അനുഭവിക്കുവാനുമാണ്.

ഹൃദയം കൊണ്ട് ചിന്തിക്കുന്നവരുടെ പുണ്യമാണ് ആർദ്രത. അങ്ങനെയുള്ളവർക്കെ അത്ഭുതങ്ങൾ പ്രവർത്തിക്കാനും കാണാനും സാധിക്കു. അവരാണ് സ്വർഗ്ഗരാജ്യത്തിന്റെ സേവകർ. സ്വർഗ്ഗരാജ്യമൊ അത് പുതിയൊരു യാഥാർത്ഥ്യമാണ്. ഒരു നവജീവിതം. ആ ജീവിതത്തിലേക്കുള്ള ഏക വാതിൽ ക്രിസ്തു മാത്രവും. അതുകൊണ്ടാണ് ക്രിസ്തുവിനെ അറിഞ്ഞവർക്ക് ആർദ്രതയുടെ പൂന്തോട്ടം ഒരുക്കാൻ സാധിക്കുന്നത്. അവരിൽ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, വർഗീയതയുടെ, ഒറ്റപ്പെടുത്തലിന്റെ പരിചിന്തനങ്ങൾ ഉണ്ടാകില്ല.

സുവിശേഷം നമ്മോട് പറയുന്നു ശിമയോന്റെ അമ്മായിയമ്മയുടെ രോഗാവസ്ഥയെ കുറിച്ച് ശിഷ്യർ യേശുവിനോട് പറഞ്ഞുവെന്ന്. സ്വന്തത്തെ കുറിച്ചുള്ള ആകുലതയല്ല ഇത്. വലിയൊരു കർത്തവ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മറ്റുള്ളവരുടെ നൊമ്പരങ്ങളെ ഓർത്ത് ആകുലപ്പെടാനാവുക, ആ നൊമ്പരങ്ങളെ ക്രിസ്തുവിനെ ബോധ്യപ്പെടുത്തുക. പത്രോസിന്റെ ഭവനം എന്ന് വിളിക്കുന്ന സഭയുടെ പ്രധാന കർത്തവ്യമാണിത്. നൊമ്പരങ്ങളിലേക്ക് ക്രിസ്തുവിന്റെ ശ്രദ്ധതിരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് നമ്മുടെ പ്രാർത്ഥനാമന്ത്രണങ്ങൾ ഉയരണം. ക്രിസ്തുവിനെ അവകാശമായി കരുതുന്നവർക്ക് ഇതിലും വലിയ ഉത്തരവാദിത്വങ്ങളൊന്നുമില്ല.

ഇനി നമുക്ക് ക്രിസ്തുവിന്റെ പ്രവർത്തികളെ ധ്യാനിക്കാം. “അവൻ അടുത്തു ചെന്ന് അവളുടെ കൈയ്ക്ക് പിടിച്ചു എഴുന്നേൽപ്പിച്ചു” (v.31). കൈക്ക് പിടിക്കുക – ഉറപ്പാണത്, ശക്തി പകരലാണത്, സ്നേഹത്തിന്റെ ചൂടു പകർന്നു നൽകലാണത്, വിശ്വസിക്കലാണത്. അതിലുപരി നീ ഒറ്റയ്ക്കല്ല എന്ന ബോധ്യത്തിന് മുദ്ര വയ്ക്കലാണ്. നൊമ്പരങ്ങളുടെ നിമിഷങ്ങളിൽ, തിന്മക്കെതിരെയുള്ള പോരാട്ടത്തിൽ ഒരാൾ കൈ പിടിക്കാൻ ഉണ്ടാകുക അതാണ് ഏറ്റവും വലിയ ഊർജ്ജം. അപ്പോൾ നിർഗളമായി ഒഴുകുന്ന നൊമ്പര പ്രവാഹങ്ങൾ നിശ്ചലമാകും. തമസ്സിന്റെ ദൂതൻമാരുടെ മേൽ പ്രഭാകിരണങ്ങൾ പതിയും. അങ്ങനെ നമ്മൾ ശിമയോന്റെ അമ്മായിയമ്മയെപ്പോലെ അവന്റെ കൈ പിടിച്ച് എഴുന്നേറ്റു നിൽക്കും. എഴുന്നേൽക്കുക – ഉത്ഥാനത്തിന്റെ ക്രിയയാണ്. ശുശ്രൂഷയിലേക്കുള്ള ഒരു ഉയിർത്തെഴുന്നേൽപ്പാണത്. ഓർക്കണം, ഈ ഉത്ഥാനം സംഭവിക്കുന്നത് പത്രോസിന്റെ ഭവനത്തിനകത്താണ്. കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ ശക്തനായവൻ ആ ഭവനത്തിലുള്ളപ്പോൾ നൊമ്പരത്തിന്റെ അവഗണന ആരും അനുഭവിക്കാൻ പാടില്ല. സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസം അവിടെ ഉണ്ടാകരുത്. വർഗവും വർണ്ണവും അവിടെ അതിരുകളാകരുത്. എല്ലാവരുടെയും പ്രഥമ കർത്തവ്യം ശുശ്രൂഷ മാത്രമാണ്.

ദൈവവും മനുഷ്യനും കൈകോർത്തു നിൽക്കുന്ന ഒരു ചിത്രം ഈ സുവിശേഷത്തിലുണ്ട്. ദൈവവും മനുഷ്യനും എന്നു പറയുന്നതിനേക്കാൾ ഉചിതം ദൈവവും സ്ത്രീയും കൈകോർത്തു നിൽക്കുന്നു എന്നതായിരിക്കും. പത്രോസിന്റെ ഭവനത്തിൽ സ്ത്രീയുടെ കരം പിടിച്ചു നിൽക്കുന്ന യേശുവിന്റെ ചിത്രം. ധ്യാനിക്കണം നമ്മൾ ഈ ചിത്രത്തെ. എന്നിട്ട് സ്ത്രീത്വം എന്ന അവഗണിക്കപ്പെട്ട യാഥാർത്ഥ്യത്തിനു മുന്നിൽ പ്രായശ്ചിത്തത്തോടെ നില്ക്കണം. അവളുടെ നൊമ്പരങ്ങളെ പർവതീകരിച്ച് ശുശ്രൂഷയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിക്കാതിരുന്നതിനെ ഓർത്ത് തല കുനിക്കണം. ക്രിസ്തു ശുശ്രൂഷയുടെ പാതയിലേക്ക് അവരും കടന്നു വരട്ടെ. അവരുടെ മുന്നിൽ അടഞ്ഞു കിടന്ന പല വാതിലുകളും തുറക്കപ്പെടട്ടെ. അങ്ങനെ ശുശ്രൂഷയുടെ സുവിശേഷം സാർവ്വത്രികമാകട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker