Kerala

വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുത്; കെ.സി.ബി.സി.

ജോസ് മാർട്ടിൻ

കൊച്ചി: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വർഷങ്ങൾക്കുള്ളിൽ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളതെന്നും, അതേ രേഖകൾ പ്രകാരം ഇക്കാലയളവിൽ നഷ്ടപ്പെട്ട മനുഷ്യജീവനുകൾ 910 ആണെന്നും, വർഷങ്ങൾ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വർധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേതെന്നും കഴിഞ്ഞ ഒരു വർഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളിൽ നടന്നുവരുന്നതെന്നും, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മാത്രം മൂന്നുപേരുടെ ജീവൻ വയനാട്ടിൽ നഷ്ടപ്പെട്ടിരിക്കുന്നതെന്നും, കടുവ, ആന, കരടി, കാട്ടുപന്നി എന്നിങ്ങനെ മനുഷ്യർക്ക് ഉപദ്രവകാരികളായ ഏതാണ്ട് എല്ലാത്തരം വന്യമൃഗങ്ങളും ജനവാസമേഖലകളിൽ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും കെ.സി.ബി.സി. വിവരിക്കുന്നു.

നിരവധി വന്യജീവി ആക്രമണങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വനത്തോട് ചേർന്നുകിടക്കുന്ന ജനവാസമേഖലകളിൽ ഉള്ളവർ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ഇതുവരെയും വന്യമൃഗ ശല്യം ഇല്ലാതിരുന്ന ഭാഗങ്ങളിൽ ജീവിക്കുന്നവരും കടുത്ത ഭീതിയിലാണ്. കേവലം ഒരു വർഷത്തിനിടയിലാണ് അത്തരം പല പ്രദേശങ്ങളിലും കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നുള്ളതാണ് ശ്രദ്ധേയം. ദിനംപ്രതി വന്യജീവി അക്രമങ്ങൾ വർധിച്ചുവരുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന പ്രദേശവാസികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാനിന്നും പത്രക്കുറിപ്പിൽ വിവരിക്കുന്നത് കാണാം.

ഈ ഘട്ടത്തിൽ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന – കേന്ദ്ര സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും ജനങ്ങളുടെ ആശങ്കകളെയും, പ്രാണഭയത്തെയും അടിച്ചമർത്തി എളുപ്പവഴിയിൽ പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽനിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണമെന്നും. ജനവാസ മേഖലകളിൽ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാൻ കഴിയുന്നില്ലെങ്കിൽ മനുഷ്യജീവന് ഉയർന്ന പരിഗണന നൽകി അവയെ വെടിവച്ചുകൊല്ലാനുള്ള നയരൂപീകരണം ഉടനടി നടത്തണം. വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികൾ താമസംവിനാ നടപ്പാക്കണം. വന്യജീവി ആക്രമണങ്ങൾ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകൾ ഏൽക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി  നൽകുന്നതിൽ വീഴ്ച വരുത്തരുത്. കൂടുതൽ മൃഗങ്ങൾ വനം വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണം. ജനങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജീവനും സാധാരണ ജനങ്ങളുടെ സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ തുടർന്നും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും, ആവശ്യത്തിനുള്ള സേനകളെ അത്തരം മേഖലകളിൽ വിന്യസിക്കുകയും വേണം. ശാശ്വതമായ പ്രശ്നപരിഹാരത്തിനായി സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്നും കെ.സി.ബി.സി. സർക്കാരിനോട്‌ ആവശ്യപ്പെട്ടുവെന്നും പത്രക്കുറിപ്പിൽ പറയുന്നു..

വന്യജീവി ആക്രമണങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്ന എല്ലാ കുടുംബങ്ങളോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നും, കത്തോലിക്കാ മെത്രാൻ സമിതിക്ക് വേണ്ടി കെ.സി.ബി.സി.പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രകുറിപ്പിൽ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker