Meditation

ഉള്ളിലെ ദൈവസാന്നിധ്യം (യോഹ 15:26-27, 16:12-15)

പെന്തക്കോസ്താ തിരുനാൾ

ചരിത്രപുരുഷനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കാലം അവസാനിക്കുന്നു, സഭയുടെ സമയം ആരംഭിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോൾ നമ്മുടെ ഊഴമാണ്. എന്താണ് സംഭവിച്ചത്? യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തിരിക്കുന്നു. പക്ഷേ അതിനുമുമ്പ് അവൻ ഒരു കാര്യം നമ്മോട് ആവശ്യപ്പെടുന്നുണ്ട്; ലോകത്തെ ഭ്രാന്തമായി സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു പ്രഘോഷിക്കുക. ഭയപ്പെട്ടു നിരാശരായി നിന്നിരുന്നവരോടാണ് അവൻ ഈ കാര്യം ആവശ്യപ്പെടുന്നത്. ഒറ്റയ്ക്കല്ല, കൂടെ അവൻ നൽകുന്ന സഹായകനുമുണ്ട്. അതെ, അവന്റെ ആത്മാവ് നമ്മുടെ ഉള്ളിലുണ്ട്. അതൊരു സാന്നിധ്യമാണ്, വ്യക്തിയാണ്. കാരണം സ്നേഹം ഒരു വ്യക്തിയാണ്, ഒരു സാന്നിധ്യമാണ്. സ്നേഹത്തെ നമുക്ക് നിർവചിക്കാനാവില്ല. കണ്മുൻപിൽ യേശുവില്ല. ഭൗതിക തലത്തിൽ നമ്മൾ അവനെ കാണുന്നുമില്ല. പക്ഷേ ആത്മീയതലത്തിൽ അവനാണ് നമ്മുടെ ഉള്ളിലെ സ്നേഹവും ധൈര്യവും അഭിനിവേശവും.

ഭൗതികമായതിനെ ആത്മീയതയിലേക്ക് മാറ്റാനുള്ള ക്ഷണമാണ് പെന്തക്കോസ്ത. ഉള്ളിൽ ആത്മാവുള്ളവർക്ക് എല്ലാ ആത്മീയമായിരിക്കും. ഇല്ലാത്തവർക്കോ, എല്ലാം ഭൗതികം മാത്രമാണ്. അപ്പോഴും ശാരീരികതയുടെ നിഷേധമല്ല ആത്മീയത, അതിന്റെ പൂർണ്ണതയാണ്. മതപരമായ കുറെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് ഒരുവൻ ആത്മീയം ആകണമെന്നില്ല. ആത്മീയമെന്നാൽ ഉള്ളിലെ ദൈവസ്നേഹത്തെ പുറത്തേക്ക് പകർന്നു കൊടുക്കുന്ന ഒരു ജീവിത രീതിയാണ്. നമ്മിൽ വസിക്കുന്ന ദൈവമാണ് ആത്മാവ്.

മദർ തെരേസ ഒരിക്കൽ ഒരു പത്രപ്രവർത്തകനോട് പറയുന്നുണ്ട്: “നിങ്ങൾ കാണുന്നു, ഞാനും കാണുന്നു. ഞാൻ ദൈവത്തെ വ്യക്തമായി കാണുന്നു. അവൻ, ഇവിടെ, ഈ സഹിക്കുന്നവരിലുണ്ട്. ആ കിടക്കയിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യനിലുണ്ട്. ദൈവം എന്നിലുണ്ട്, ദൈവം നിങ്ങളിലുണ്ട്. നിങ്ങൾക്ക് അവനെ കാണാൻ പറ്റുന്നില്ലെങ്കിൽ അത് എനിക്കൊരു വിഷയമേ അല്ല. എനിക്ക് എല്ലാം വളരെ വ്യക്തമാണ്”.

എല്ലാം ദ്രവ്യമാണ്, എല്ലാം ആത്മാവാണ്. പ്രകാശമാണ്, ഊർജ്ജമാണ്. നമ്മുടെ കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു എല്ലാം. നമ്മൾ അൾത്താരയിൽ വയ്ക്കുന്ന അപ്പം ദ്രവ്യമാണ്. പക്ഷേ ആ അപ്പത്തിൽ നമ്മൾ ക്രിസ്തുവിനെ കാണുമ്പോൾ അത് ആത്മാവാണ്. ജീവിതംതന്നെ ഭയപ്പെടുത്തുന്ന ഭൗതികമോ അത്ഭുതകരമായ ആത്മീയമോ ആകാം. നമ്മുടെ ഉള്ളിലുള്ള ദൈവീകതയെ ആശ്രയിച്ചിരിക്കും അത്.

പെന്തക്കോസ്ത ദിനത്തിൽ സംഭവിക്കുന്നത് ദൈവസാന്നിധ്യാനുഭവത്തിന്റെ സമൂലമായ ഒരു മാറ്റമാണ്. പഴയ നിയമത്തിലെ ദൈവസാന്നിധ്യം നമ്മുടെ മുമ്പിൽ നിൽക്കുന്ന സാന്നിധ്യമാണ്. പുതിയ നിയമത്തിലേത് നമ്മുടെ കൂടെയുള്ള സാന്നിധ്യമാണ്. അത് ഇമ്മാനുവൽ ആണ്. പക്ഷേ പെന്തക്കോസ്താ ദിനത്തിൽ നമ്മുടെ ഉള്ളിലുള്ള സാന്നിധ്യമാണ് ദൈവം. ദൈവം ഇനി പുറത്തല്ല, കൂടെയുമല്ല, അവൻ നമ്മുടെ ഉള്ളിലാണ്. നമ്മളാണ് അവന്റെ ഭവനം. അവന്റെ കൂടാരം. അവന്റെ ആലയം. ഇനിമുതൽ ദൈവത്തിനു വേണ്ടി കാര്യങ്ങൾ ചെയ്യുന്നവരല്ല നമ്മൾ, ദൈവത്തിന്റെ കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. ഇനിമുതൽ ദൈവത്തിന്റെ മനസ്സാണ് നമുക്കും. അത് ശിക്ഷയുടെതല്ല, രക്ഷയുടെയും ചേർത്തുനിർത്തലിന്റെയും ആർദ്രതയുടെയും മനസ്സാണ്.

ശക്തമായ കാറ്റുപോലെയാണ് ആത്മാവ്. അതു കൊടുങ്കാറ്റാണ്, ചുഴലിക്കാറ്റാണ്. നമ്മുടെ വിഭജനങ്ങളേക്കാളും അടച്ചുപൂട്ടലുകളേക്കാളും ശക്തമാണ് ആ കാറ്റ്. ജീവിതം വിഷമചക്രത്തിൽ അകപ്പെടുമ്പോഴും നിസ്സഹായതയുടെ നിലയില്ലാകയത്തിൽ വീഴുമ്പോഴും ആ ആത്മാവിന്റെ ശക്തിയെ നമ്മൾ തേടണം. നമ്മുടെ വിഷാദം, നമ്മുടെ ഒഴിഞ്ഞുമാറൽ, നമ്മുടെ കഴിവില്ലായ്മയെക്കാൾ ശക്തമാണ് ആ ആത്മാവ്.

എങ്ങനെ നമ്മുടെ ഉള്ളിലുള്ള ആത്മാവിനോട് വിധേയരായി ജീവിക്കാം?
ആദ്യം വേണ്ടത് കൂട്ടായ്മയാണ്. ദൈവവുമായും സഹജരുമായും ഐക്യപ്പെടാൻ നമ്മൾ തന്നെ തീരുമാനിക്കണം. കൂട്ടായ്മ നിർബന്ധമായ ഒരു തിരഞ്ഞെടുപ്പാണ്. കൂട്ടായ്മയില്ലാത്ത ഇടത്ത് പെന്തക്കോസ്താനുഭവം ഉണ്ടാകില്ല. ആത്മാവ് വന്നപ്പോൾ ശിഷ്യരെല്ലാവരും ഒരേ സ്ഥലത്തായിരുന്നു എന്നാണ് നടപടി പുസ്തകം പറയുന്നത്. രണ്ടാമത്തേത് ഏക മനസ്സോടെയുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥനയിലേക്ക് നമുക്ക് മടങ്ങാം! ദൈവവുമായി നിരന്തരമായ ഒരു സംഭാഷണം ഉണ്ടാകണം. പ്രാർത്ഥനയെന്നത് കുറെ ജപങ്ങളും മന്ത്രണങ്ങളും ഉരുവിടുക മാത്രമല്ല. നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ ഉണർത്തുന്ന പ്രക്രിയ കൂടിയാണത്. വിഭജിത മാനസത്തോടെയല്ല, ഏകമനസ്സോടെ പ്രാർത്ഥിക്കണം. മൂന്നാമത്തേത് മറിയത്തോടൊപ്പം പ്രാർത്ഥിക്കണം. ക്രൈസ്തവ ജീവിതത്തിൽ മരിയ സാന്നിധ്യം ഒരു അലങ്കാര സാന്നിധ്യമല്ല. അതൊരു പെന്തക്കോസ്താ സാന്നിധ്യമാണ്. ആത്മീയതയുടെ ആഴമായ സൗന്ദര്യത്തിലേക്കാണ് മറിയം നമ്മെ കൊണ്ടുപോകുന്നത്. തന്റെ കുടുംബത്തെ ഒന്നായി ചേർത്തു നിർത്തുന്ന ഒരു അമ്മയെപ്പോലെ സഭയിലെ എല്ലാവരെയും ഒരുമിച്ച് നിർത്തുന്നവളാണ് മറിയം. ആ അമ്മയുടെ തണലിൽ നിൽക്കുമ്പോൾ ആത്മാവ് ഭാഷണവരമായി നമ്മിൽ നിറയും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker