Articles

ദയാവധം: ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: കെ.ആർ.എൽ.സി.ബി.സി യൂത്ത്‌ ചെയർമാൻ ഡോ. വിൻസെന്റെ സാമുവൽ.

ദയാവധം: ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: കെ.ആർ.എൽ.സി.ബി.സി യൂത്ത്‌ ചെയർമാൻ ഡോ. വിൻസെന്റെ സാമുവൽ.

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന്‌ കെ.ആർ.എൽ.സി.ബി.സി. യൂത്ത്‌ കമ്മിഷൻ ചെയർമാൻ ഡോ. വിൻസെന്റ്‌ സാമുവൽ.

‘ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു’ (ഉല്‍പത്തി 2 : 7). സൃഷ്‌ടിയുടെ മകുടമായി ദൈവം മനുഷ്യനെ ഉയർത്തുന്ന വചന ഭാഗമാണിത്‌. ദൈവം തന്റെ ഛായയിൽ ഓരോ മനുഷ്യനും ജന്മം നൽകുമ്പോൾ ബോധപൂർവ്വം ഈ ജീവൻ വേണ്ടെന്നു വയ്‌ക്കാന്‍ മനുഷ്യന് എന്ത്‌ അവകാശമാണുള്ളത്‌. ജീവന്റെ ദാതാവ്‌ ദൈവമാണ്‌. അത്‌ തിരിച്ചെടുക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണ്‌. നാം പ്രാർത്ഥിക്കുമ്പോൾ ജീവന്റെ നാഥനായ ദൈവമേ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ ഓർക്കുക. ഇവിടെയാണ്‌ ഫെബ്രുവരി 9, 2018-ൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉപാധികളോടെയുള്ള ദയാവധത്തിന്‌ സമ്മതം നൽകിയത്‌. ധാർമ്മികമായ ഒരുപാട്‌ ചോദ്യങ്ങൾ ഈ വിധി മുമ്പോട്ടു വയ്‌ക്കുന്നുണ്ട്‌. ഇങ്ങനെ ഒരു വിധി പ്രസ്‌താവിച്ചതിൽ അത്യന്തം വേദനയുണ്ട്‌, ഒപ്പം നിരാശയും ബിഷപ്‌ കൂട്ടിച്ചേർത്തു.

‘യവുത്തനേസിയ’  എന്ന ഗ്രീക്കു പദത്തിന്റെ വാച്യാർത്ഥം നല്ല മരണം എന്നത്‌ മാത്രമാണ്‌. (eu- good, thanesia- death). ദയാവധം എന്ന വാക്കും ചിന്തയും അതിനോട്‌ കൂട്ടിച്ചേർത്തതാണ്‌. ദയാവധത്തിന്‌ 2 മാനങ്ങളുണ്ട്‌ – active & passive. ഇതിൽ passive (നിഷ്‌ക്രിയ) ദയാവധത്തിനാണ്‌ സുപ്രീം കോടതി അനുവാദം നല്‍കിയിരിക്കുന്നത്‌. മാരക രോഗത്തിന്‌ അടിമയായിരിക്കുന്ന ഒരു രോഗിക്ക്‌ ഇനിയൊരു തിരിച്ചുവരവ്‌ സാധ്യമല്ല എന്ന്‌ ബോധ്യപ്പെടുകയാണെങ്കിൽ നിയമത്തിന്റെ സമ്മതത്തോടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ ഒഴിവാക്കുക വഴി ആ വ്യക്തിയെ മരിക്കാൻ അനുവദിക്കുകയാണ്‌ passive ദയാവധം. ഇതിൽ  വധം നാമമാത്രമാണെന്ന്‌ കോടതി പറയുന്നുണ്ടെങ്കിലും ഇതും ഒരു കൊലപാതകം തന്നെയാണ്‌.

ജീവനെടുക്കാൻ അവകാശവും അധികാരവുമില്ലാത്ത മനുഷ്യൻ ദയയുടെ പേരിൽ നടത്തുന്ന കൊലപാതകം.
കത്തോലിക്കാ സഭ എന്നും ദയാവധം ഉൾപ്പെടുന്ന ജീവസംഹാര ഉപാധികളെ തള്ളിപ്പറഞ്ഞിട്ടേയുള്ളു.

2-ാം വത്തിക്കാൻ കൗണ്‍സിലിന്റെ പ്രമാണ രേഖയായ ഗൗദിയും എത്ത്‌ സ്‌പെസ്‌, നമ്പർ 27-ൽ സഭ ഇതിനെ നിശിതമായി വിമർശിക്കുന്നുണ്ട്‌. ജീവന്റെ തുടക്കവും ഒടുക്കവും പരമാവധി സംരക്ഷിക്കപ്പെടണമെന്നും സഭ നിഷ്‌കർഷിക്കുന്നു. ഏതെങ്കിലും വിധത്തിൽ നിർദോഷിയായ ഒരു മനുഷ്യ ജീവിയെ നിഹനിക്കാൻ ആർക്കും അനുവാദമില്ല. അത്‌ ഗർഭസ്ഥ ശിശുവോ, ഭ്രൂണമോ, ജനിച്ച കുഞ്ഞോ, വളർച്ച പ്രാപിച്ച വ്യക്തിയോ, പ്രായമായ ആളോ, സുഖപ്പെടാത്ത രോഗം ബാധിച്ചവനോ, അംഗവിഹീനരോ, മനോരോഗികളോ, അംഗവൈകല്യമുളളവരോ, മരിക്കുന്നവനോ ആയാലും വാസ്‌തവമാണ്‌. തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ഇതുപോലൊരു കൊലപാതക പ്രവൃത്തി ആവശ്യപ്പെടുവാനും ആർക്കും അനുവാദമില്ല.

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാൻ ദൈവം ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല.
ദയാവധത്തിന്‌ സഹായിക്കുന്ന ഡോക്‌ടർമാർ ക്രിസ്‌തീയ മനഃസാക്ഷിക്ക്‌ നിരക്കാത്ത പ്രവൃത്തിയാണ്‌ ചെയ്യുന്നത്‌. വൈദ്യശാസ്‌ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ എഴുതിയ Hippocrates’ Oath ഇന്നും എല്ലാ ഡോക്‌ടർമാരും വിശുദ്ധമായി കരുതേണ്ടതാണ്‌. അതിന്റെ ഒരു ഭാഗമാണ്‌ – primum non nocere – ആർക്കും അറിഞ്ഞുകൊണ്ട്‌ ഒരു ഉപദ്രവും ചെയ്യുകയില്ല, അത്‌ അവർ ആവശ്യപ്പട്ടാൽ പോലും. ഈ വിശുദ്ധമായ വാക്കുകളെയാണ്‌ നാം ബോധപൂർവ്വം മറക്കുന്നത്‌. ഇവിടെ വൈദ്യശാസ്‌ത്രത്തിന്റെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടുകയാണ്‌.

ഇന്ത്യപോലെ 125 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത്‌, ജീവിക്കാനുള്ള അവകാശങ്ങൾ പോലും ഇപ്പോഴും ഉറപ്പുവരുത്തിയിട്ടില്ല. വ്യക്തികളുടെ നിസ്സഹായാവസ്ഥയിൽ കുടുംബത്തിനും സമൂഹത്തിനും അവരെ സംരക്ഷിക്കാനുള്ള ബാധ്യത ഉറപ്പുവരുത്താൻ ശ്രമിക്കുന്നതിനു പകരം പലപ്പോഴും ബാധ്യതയായി കണക്കാക്കുന്ന അവസ്ഥ നിലനിൽക്കുന്നു. പ്രായാധിക്യം തളർത്തിയ മാതാപിതാക്കൾ ഒരു ബാധ്യതയായി മക്കൾക്ക്‌ അനുഭവപ്പെടുന്നു. ഈ ബാധ്യത ഒഴിവാക്കുന്നതിന്‌ നിയമവും ഇപ്പോൾ സഹായിക്കുന്നുവെന്നേ പറയാനുള്ളൂ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമം തന്നെ ഇങ്ങനെയാകുമ്പോൾ നാം ആരെ പഴിക്കണം. വില്‍പത്രത്തിന്റെ കാര്യമൊക്കെ നിയമം അനുശാസിക്കുന്നുവെങ്കിലും അതിന്റെ സാധുത എത്രമാത്രം വിശ്വസനീയമായിരിക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഒരു കൊലപാതകത്തിന്‌ നിയമത്തിന്റെ പരിരക്ഷ. എത്ര വിരോധാഭാസമായ കാര്യം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 309 അനുസരിച്ച്‌ ആത്മഹത്യാ ശ്രമം പോലും തടവുശിക്ഷ അർഹിക്കുന്ന കുറ്റമാകുമ്പോൾ നിരാലംബനായ ഒരു വ്യക്തിയോട്‌ മറ്റുള്ളവർ കാണിക്കുന്ന ഈ പ്രവൃത്തി എങ്ങനെ സാധൂകരിക്കപ്പടും?

42 വർഷം നീണ്ട വേദനാപൂർണ്ണമായ ജീവിതം നയിച്ച അരുണയെന്ന നഴ്‌സായിരുന്നു ഈ വിധിയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന ഒരു പേര്‌. നിരാലംബയായ ആ സ്‌ത്രീയുടെ സഹനത്തിൽ ഒരു പരാതിയും കൂടാതെ പങ്കുചേർന്ന ഒരുപിടി സുമനസ്സുകൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സുമനസ്സുകളാകാനാണ്‌, നല്ല സമരിയക്കാരാകാനാണ്‌ കത്തോലിക്കാ സഭ നമ്മെ ക്ഷണിക്കുന്നത്‌. ജീവന്റെ സംരക്ഷകരാകണം നാം, അല്ലാതെ ഘാതകരല്ല. അതിനുതകണം നിയമവും വൈദ്യവും. എല്ലാവർക്കും ജീവന്റെ മഹത്വം ഉണ്ടാകട്ടെയെന്ന്‌ പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker