Kerala

ബാല്യത്തിലേ തിരിച്ചറിഞ്ഞു, ജീവിത നിയോഗം

ബാല്യത്തിലേ തിരിച്ചറിഞ്ഞു, ജീവിത നിയോഗം

കൊല്ലം: പോൾ മുല്ലശേരി എന്ന കുട്ടി കാഞ്ഞിരകോട് സെന്റ്  മാർഗരറ്റ് എൽ.പി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘വൈദികനായി’ മാറുമായിരുന്നു. പള്ളിയിലെ കുർബാന കഴിഞ്ഞു വീട്ടിലെത്തിയാൽ, വൈദികർ കുർബാന അർപ്പിക്കുന്നത് എങ്ങനെയാണെന്നു കുടുംബത്തിലുള്ളവർക്കു കാട്ടിക്കൊടുക്കുമായിരുന്നു. ദൈവശുശ്രൂഷയാണു ജീവിതദൗത്യമെന്ന് അന്നേ നിശ്ചയിക്കപ്പെട്ടു.

1960 ജനുവരി 15-നു ജനിച്ച പോൾ ആന്റണി ഒൻപതാമത്തെ വയസിൽ കൊല്ലം സെന്റ്  റഫേൽ സെമിനാരിയിലെ അപ്പസ്തോലിക് സ്കൂളിൽ ചേർന്നു. അഞ്ചാം ക്ലാസ് മുതൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലായിരുന്നു പഠനം.

മിടുക്കരായ വിദ്യാർഥികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള ബിഷപ് ജെറോമിന്റെ പദ്ധതി പ്രകാരമായിരുന്നു ട്രിനിറ്റി ലൈസിയത്തിലും ഒപ്പം സെമിനാരിയിലും പഠനം. 1976-ൽ ഐഎസ്‌സി പരീക്ഷയിൽ ഒന്നാം ക്ലാസ് നേടി. വൈദികനാകാതെ മറ്റു പഠന മേഖല തിരഞ്ഞെടുക്കാൻ ബന്ധുക്കൾ ഉൾപ്പെടെ പലരും പ്രലോഭിപ്പിച്ചു. വൈദികനാകാനാണു നിശ്ചയമെന്നും തീരുമാനത്തിനു മാറ്റമുണ്ടാകുന്നെങ്കിൽ പറയാമെന്നുമായിരുന്നു മറുപടി. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്നു. ബിഷപ് ഡോ. ജോസഫ് ജി. ഫെർണാണ്ടസിൽ നിന്ന് 1984 ഡിസംബർ 22-നാണ് വൈദികപട്ടം സ്വീകരിച്ചത്.

അതേ കത്തീഡ്രലി‍ൽ ഡോ. ജോസഫ് ജി. ഫെർണ്ടാസിന്റെ സാന്നിധ്യത്തിൽ ബിഷപ് ആയി നിയമിതനായ പ്രഖ്യാപനം സ്വീകരിച്ചു സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയതു നിയോഗം.

കത്തീഡ്രലി‍ൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിൽ 1990 മുതൽ 1995 വരെ കാനൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചു. ഒരു വർഷമായി രൂപത വികാരി ജനറലാണ്.

ലളിതജീവിതമാണു നയിക്കുന്നത്. യാത്രയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നതു സ്കൂട്ടർ ആണ്.

കത്തീഡ്രലിൽ സ്ഥലം മാറി പോയപ്പോൾ വിശ്വാസികൾ സമർപ്പിച്ചതാണ് അത്. കാലപ്പഴക്കമായപ്പോൾ അതിനു പകരം മറ്റൊരു സ്കൂട്ടർ. അതും വിശ്വാസികളുടെ സമ്മാനം. മറ്റു വാഹനങ്ങൾ ഒന്നും സ്വന്തമായി ഇല്ല.

കുണ്ടറ സ്റ്റാർച്ച് ജംഗ്ഷനിൽ വൈദ്യശാല നടത്തിയിരുന്ന പിതാവ് ആന്റണി ഗബ്രിയേൽ മൃഗവൈദ്യനായിരുന്നു. എട്ടു സഹോദരങ്ങളിൽ രണ്ടുപേർ പോൾ മുല്ലശേരിയുടെ ജീവിതപാത പിന്തുടരുന്നു.

പടിയിറക്കം നിറമനസ്സോടെ

കൊല്ലം: ബിഷപ് ഡോ. സ്റ്റാൻലി റോമൻ പടിയിറങ്ങുന്നതു നിറമനസ്സോടെ. 17 വർഷം രൂപതാധ്യക്ഷനായിരുന്ന അദ്ദേഹം വിദ്യാഭ്യാസ – സേവന മേഖലയിൽ നടപ്പാക്കിയ സംരംഭങ്ങൾ മാർഗദീപമാണ്. കൊല്ലത്ത് തലയുയർത്തി നിൽക്കുന്ന ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂഷൻ ആണു വലിയ സംഭാവന. എം.എഡ്. കോളജ്, എംഎസ്‌സി നഴ്സിങ് കോളജ്, കുണ്ടറ നാന്തിരിക്കലിൽ ആരംഭിച്ച അൺ എയ്ഡഡ് സ്കൂൾ എന്നിവയും വിദ്യാഭ്യാസ മേഖലയിൽ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. ഫാത്തിമ മാതാ നാഷനൽ കോളജ് പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചിട്ടുള്ള ഡോ. സ്റ്റാൻലി റോമൻ ബിഷപ് ആയി ചുമതലയേറ്റപ്പോൾ വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു.

മിടുക്കരും നിർധനരുമായ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ ‘പ്രതിഭോദയം’  പദ്ധതിയിലൂടെ ഒട്ടേറെ പേർക്കു പ്രയോജനം ലഭിച്ചു. ഒട്ടേറെ ദേവാലയങ്ങളും വൈദിക മന്ദിരങ്ങളും നിർമിച്ചതും ഈ കാലയളവിലാണ്. ഡോ. സ്റ്റാൻലി റോമൻ 2001 ഡിസംബർ 16-ന് ആണ് ബിഷപ് ആയി ചുമതലയേറ്റത്. 75 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ്, 2016 മാർച്ച് ഒന്നിനു രാജിക്കത്ത് നൽകിയെങ്കിലും ഇന്നലെയാണ് രാജി സ്വീകരിച്ചത്. സ്റ്റാൻലി റോമൻ രാജിക്കത്ത് സമർപ്പിച്ച ശേഷം സാധാരണ രീതിയനുസരിച്ചുള്ള നീണ്ട പ്രക്രിയയിലൂടെയാണു പുതിയ ബിഷപ്പിനെ തിര‍ഞ്ഞെടുത്തത്.

ഡൽഹിയിലുള്ള വത്തിക്കാൻ പ്രതിനിധി ജാൻ ബാത്തിസ്ഥ ദിക്‌വാത്രേ കാനൻ നിയമം അനുസരിച്ചു വൈദികർ, സന്യസ്ഥർ, അൽമായർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയ ശേഷം സുവിശേഷവൽക്കരണ തിരുസംഘത്തിനു റിപ്പോർട്ട് നൽകുകയുണ്ടായി. തിരുസംഘം ഈ റിപ്പോർട്ട് മാർപ്പാപ്പയ്ക്ക് കൈമാറുകയും തുടർന്നു പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയുമായിരുന്നു.

ജീവിതരേഖ

കാഞ്ഞിരകോട്: കൈതാകോടി മുല്ലശേരി വീട്ടിൽ ആന്റണി ഗബ്രിയേലിന്റെയും മർഗരീത്ത ആന്റണിയുടെയും മകനായി 1960 ജനുവരി 15-നു ജനനം.

കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം.

1969-ൽ സെന്റ് റഫേൽ സെമിനാരിയിൽ അപ്പസ്തോലിക് സ്കൂളിൽ ചേർന്നു.

1970 മുതൽ 1976 വരെ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ വിദ്യാഭ്യാസം. ഐഎസ്‌സി പരീക്ഷയിൽ ഒന്നാം ക്ലാസ്.

1978-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പഠനം.

1984 ഡിസംബർ 22-നു വൈദികപട്ടം സ്വീകരിച്ചു.

തുടർന്നു പുനലൂർ സെന്റ് മേരീസ് ഇടവക, കുമ്പളം സെന്റ് മൈക്കിൾസ് ഇടവക എന്നിവിടങ്ങളിൽ സഹവികാരി.

മരുതൂർകുളങ്ങര, വടക്കുംതല, പടപ്പക്കര ഇടവകകളിൽ വികാരി.

1990 മുതൽ 1995 വരെ റോമിൽ കാനൻ നിയമത്തിൽ ഉപരിപഠനം.

തുടർന്നു തങ്കശേരി ഇൻഫന്റ് ജീസസ് പ്രൊകത്തീഡ്രൽ, ഹോളിക്രോസ് പള്ളികളിൽ വികാരി.

1988 മുതൽ 1990 വരെ സെന്റ് റഫേൽ സെമിനാരിയിൽ പ്രീഫക്ട്.

2004 മുതൽ 2006 വരെ റെക്ടർ.

2015 മുതൽ 17 വരെ ആത്മീയ ഗുരു.

1988 മുതൽ 1990 വരെ മതബോധന ഡയറക്ടർ,

1997 മുതൽ 2006 വരെ രൂപത ചാൻസലർ.

2006 മുതൽ 2010 വരെ എപ്പിസ്കോപ്പൽ വികാരി.

1995 മുതൽ 2015 വരെ രൂപതാ ജഡ്ജി.

2013 മുതൽ ജുഡീഷ്യൽ വികാരി.

2017 മുതൽ രൂപതാ വികാരി ജനറൽ.

ഏറ്റവും അനുയോജ്യമായ വ്യക്തിയെയാണ് ബിഷപ് ആയി നിശ്ചയിച്ചത്. ഇതിനു ദീർഘമായ സമയമെടുത്തു. സാധാരണ 16–18 മാസമാണ് ഇതിനു വേണ്ടിവരുന്നത്.

ബിഷപ് ഡോ. സ്റ്റാൻലി റോമൻ

ഭയത്തോടും പ്രാർഥനയോടെയുമാണ് പുതിയ നിയോഗം സ്വീകരിക്കുന്നത്. എല്ലാവരുടെയും പ്രാർഥനയും സ്നേഹവും അനുകമ്പയും ഉണ്ടാകണം. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker