Articles

ജീവിതത്തിൽ നമ്മുക്കും തെറ്റുകൾ പറ്റില്ലേ?  യേശുദാസിനോട്‌ ഇത്രയൊക്കെ വേണോ ? വൈദികന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌

ജീവിതത്തിൽ നമ്മുക്കും തെറ്റുകൾ പറ്റില്ലേ?  യേശുദാസിനോട്‌ ഇത്രയൊക്കെ വേണോ ? വൈദികന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌

ഫാ. സൈമൺ പീറ്റർ

                          സ്നേഹബഹുമാനപ്പെട്ട ഗാനഗന്ധർവൻ യേശുദാസിന്റെ സെൽഫി വിവാദത്തെക്കുറിച്ച് രണ്ട് വാക്ക്… അവാർഡ്ദാനച്ചടങ്ങിലേക്ക് പുറപ്പെടുന്നതിനിടയ്ക്ക് ദാസേട്ടന്റെ ഒപ്പം നിന്ന് ഒരു യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതും ദാസേട്ടൻ കൈ തട്ടി മാറ്റുന്നതും ഫോൺ പിടിച്ചു വാങ്ങി എടുത്തഫോട്ടോ ഡിലീറ്റ് ചെയ്യുന്നതുമാണ് വീഡിയോ രംഗം, കാണുന്നവരിലെല്ലാം ഒരു അസ്യഹത ഉണർത്തുന്ന ഒരു കാര്യം തന്നെ. എന്നാൽ ഈ ഒരു പ്രവർത്തിയെ മാത്രം മുൻനിർത്തി വളരെയധികം പേർ ലൈവിൽ വന്ന്, അദ്ദേഹം, അഹങ്കാരത്തിന്റെ ഒരു പ്രതിരൂപമാണെന്നും, വന്ന വഴി മറന്നവനാണെന്നും, അദ്ദേഹം ധരിക്കുന്ന വെള്ള  നിറത്തിലുള്ള വസ്ത്രവും, വാച്ചും വാർദ്ധക്യത്തിന്റെ
വെള്ള നരയുമെല്ലാം എടുത്ത് പറഞ്ഞ് അദ്ദേഹം ഒരു വെള്ളയടിച്ച കുഴിമാടമാണെന്നും വരെ പറയുവാനിടയായി. ചെയ്ത പ്രവൃത്തി തെറ്റെന്ന് തോന്നിയാൽ അത് സൂചിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന കാര്യം ശരി തന്നെ. എന്നാൽ ഈ വിധം പ്രായത്തെപ്പോലും ബഹുമാനിക്കാതെ, അദ്ദേഹം ചെയ്ത സകല നന്മകളെയും മറന്നുള്ള താഴ്ന്ന തരം വിലയിരുത്തലുകൾ മലയാളികൾക്ക് ചേർന്നതാണോ?
ഒരൊറ്റ പ്രവർത്തിയിൽ അദ്ദേഹം മലയാളത്തിനും, കേരളത്തിനും, നമ്മുടെ രാജ്യത്തിനും, ലോകത്തിനും ചെയ്ത സംഭാവനകൾ മറക്കാൻ പാടുണ്ടോ?
ചെറുപ്പം മുതൽ നാം കേട്ടു വളർന്ന ആ സ്വരം, എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം പാടിയ അനശ്വര ഗാനങ്ങൾ, നമ്മൾ കേട്ടുണർന്ന, കേട്ടുറങ്ങിയ ആ സ്വരം മറക്കാൻ പറ്റുമോ?
സിനിമ ലോകത്തിന്, നടി നടൻമാർക്ക്, ഗായകർക്ക്, സംഗീത സിനിമാ സംവിധായകർക്ക്, നമ്മുടെ മതേതര സംസ്കാരത്തിന്, അദ്ദേഹം നൽകിയ സംഭാവനകൾ നമ്മുക്ക് മറക്കാമോ?
ജീവിതത്തിൽ ഒരേ ഒരു തവണയെ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു, അത് ഒരു അനാഥാലയിൽ വച്ചാണ്. തെരുവിൽ നിന്ന് എടുത്തു വളർത്തുന്ന ആരോരുമില്ലാത്ത മക്കളെ  കാണാൻ അദ്ദേഹം വന്നപ്പോൾ! എന്റെ അറിവിൽ, തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ വലിയ ഒരു പങ്ക് അനാഥർക്ക് ദാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.

അദ്ദേഹം പ്രത്യക്ഷപ്പെട്ട ഒരു വേദിയിൽ പോലും തന്റെ കഴിവ് ദൈവം കനിഞ്ഞ് നൽകിയ ഭിക്ഷയാണെന്നും താൻ അതിന് അർഹനല്ലെന്നും അദ്ദേഹം പറയാതിരുന്നിട്ടില്ല. തന്നെ വളർത്തിയ സകലരോടുമുള്ള കടപ്പാട് കണ്ണിരോടെ ഏറ്റുപറയാതെ ഒരിക്കലും ഈ മനുഷ്യൻ ഒറ്റ വേദിയിൽ നിന്നും ഇറങ്ങീട്ടില്ല.

ജീവിതത്തിൽ നമ്മുക്കും തെറ്റുകൾ പറ്റില്ലേ?
വ്യക്തി എന്ന നിലയിൽ ഒരു തെറ്റും അദ്ദേഹത്തിന് പറ്റാൻ പാടില്ലെന്നുണ്ടോ?
ചില നേരങ്ങളിൽ നമ്മളും ഇങ്ങനെയൊക്കെ പെരുമാറിപ്പോകാറില്ലേ?

മറ്റൊരു കാര്യം ഫോട്ടോ എടുത്ത വ്യക്തിയുടെ നിഷ്കളങ്ക ഭാവം നമ്മിൽ ഒരു വേദന ഉണർത്തുമെങ്കിലും, ഒരു പ്രമുഖ വ്യക്തിയുടെ കൂടെ ഒരു സെൽഫിയെടുക്കുമ്പോൾ, അല്ലെങ്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, നമ്മൾ സാധാരണയായി അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം “ഒരു സെൽഫി എടുത്തോട്ടെ” എന്നു ചോദിക്കാറുണ്ട്. ഈ ഒരു വീഡിയോ ദൃശ്യത്തിൽ യുവാവിന്റെ ഭാഗത്തും ഒരു അനൗചിത്യം പ്രതിഫലിച്ച് കാണുന്നുണ്ട് എന്ന് പറയാതെ വയ്യ.

ദാസ് സാറുടെ വെള്ള നിറത്തോടുള്ള ഇഷ്ടത്തെക്കുറിച്ചുള്ള  കമന്റുകളോടും ഒരു വിയോജിപ്പ് എനിക്ക് തോന്നുന്നുണ്ട്. അദ്ദേഹം ആ വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ലോകത്തോട് പറയാനല്ല. മറിച്ച്, എന്റെ അറിവിൽ, ചെറുപ്പത്തിൽ ദാരിദ്യത്തിൽ ജീവിച്ചപ്പോൾ ഒരു വെള്ള ഷർട്ടേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. വസ്ത്രം വെള്ളയാണെങ്കിൽ ഷർട്ട് ഒരെണ്ണമേ ഉള്ളുവെന്ന് മറ്റുള്ളവർ അറിയില്ലല്ലോ! അതിനാൽ അദ്ദേഹം അനുഭവിച്ച ആ ദാരിദ്ര്യത്തിന്റെ, തന്നോട് തന്നെയുള്ള ഓർമ്മപ്പെടുത്തലാണ് വെള്ള നിറത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയം!

ഈ ഒരൊറ്റ പ്രവൃത്തി കൊണ്ട് സമൂഹമധ്യേ  ദാസേട്ടന്റെ സകല വിലയും പോയി എന്നൊക്കെ ചിലർ അഭിപ്രായപ്പെട്ടു കേട്ടു. വ്യക്തികളുടെ ചെറിയ വീഴ്ചകളിൽ അവർ ചെയ്ത സകല നന്മയും മറന്നു പോകുന്നത് നല്ല വിലയിരുത്തലിന്റെ ലക്ഷണമായി എനിക്ക് തോന്നുന്നില്ല.

എത്ര വന്നാലും നമ്മുടെ ഒരേ ഒരു ദാസേട്ടനല്ലേ. ദാസേട്ടനെ ഒത്തിരി സ്നേഹിക്കുന്ന സംഗീതത്തെ സ്നേഹിക്കുന്ന കേരളത്തിലെ നന്മ നിറഞ്ഞ മനസ്സുകൾക്ക് ഇത് സമർപ്പിക്കുന്നു. 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker