Kerala

റഷ്യയിൽ കാല്‍പന്ത്‌ ഉരുളുമ്പോൾ പൊഴിയൂരിലും ആവേശം

റഷ്യയിൽ കാല്‍പന്ത്‌ ഉരുളുമ്പോൾ പൊഴിയൂരിലും ആവേശം

അനിൽ ജോസഫ്‌

നെയ്യാറ്റിൻകര: ലോകം മുഴുവൻ കണ്ണിമ ചിമ്മാതെ റഷ്യയിൽ പന്തുരുളുന്നതും കാത്തിരിക്കുമ്പോൾ ആവേശം ഒട്ടു ചോരാതെയാണ്‌ പൊഴിയൂരും കാത്തിരിക്കുന്നത്‌. 4 വർഷത്തിന്റെ ഇടവേളകളിൽ ലോകകപ്പ്‌ വരുന്നതും കാത്ത്‌ മൈതാനത്ത്‌ പന്ത്‌ തട്ടി തുടങ്ങിയവർ മുതൽ പന്തിൽ പതിറ്റാണ്ടുകളായി ഹൃദയരാഗം രചിച്ചവർ വരെ കാത്തിരിക്കയാണ്‌.

ഇന്ന്‌ രാത്രിയിൽ മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുമ്പോൾ അതേ ആവേശത്തിലാവും പൊഴിയൂർ ഗ്രാമവും. കേരള ഫുഡ്‌ബോളിന്റെ ഉദിച്ചുയരും താരമായ സീസൺ സെൽവൻ മുതൽ പന്തു തട്ടി തുടങ്ങിയ 5 വയസുകാരൻ ആന്റണി വരെ ഒരേ സ്വരത്തിൽ പറയുന്നു: ‘വേൾഡ്‌ കപ്പ്‌ ആവേശം അത്‌ കാണണമെങ്കില്‍ പൊഴിയൂരിൽ തന്നെ വരണം’.

ഇന്ത്യൻ ഫുഡ്‌ബോളിന്‌ ഇതിനകം തന്നെ ഒട്ടേറെ താരങ്ങളെ സമ്മാനിച്ച പൊഴിയൂരിന്റെ മണ്ണിൽ നിന്നാണ്‌ സന്തോഷ്‌ ട്രോഫി കേരളത്തിലേക്കെത്തിച്ച ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായി സീസൺ സെൽവനും ടീം അംഗമായിരുന്ന ലിജോയും പൊഴിയൂരിന്റെ അഭിമാന താരങ്ങളായി മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ വിവിധ ക്ലബുകളിലും ടീമുകളിലും കളിക്കുന്ന 20-തിലധികം താരങ്ങളെ പൊഴിയൂർ തീരം സംഭാവന ചെയ്തു എന്നതും അഭിമാനകരമാണ്‌.

തിരുവന്തപുരം ലത്തീൻ രൂപതക്ക്‌ കീഴിലെ കൊല്ലംകോട്‌ സെന്റ്‌ മാത്യൂസ്‌
ദേവാലയത്തിന്റെയും പരുത്തിയൂർ മറിയം മഗ്‌ദലനാ ദേവാലയത്തിന്റെയും പ്രോത്‌സാഹനവും ഈ താരങ്ങൾക്ക്‌ ലഭിക്കുന്നു എന്നതും വിജയ വഴിയിൽ ഇവർക്ക്‌ മുന്നേറാനുളള പ്രചോദനമാണ്‌.

ക്ലബ്‌ ഫുഡ്‌ബോളിൽ മാസ്‌മരികത തീർത്ത മെസിയും നെയ്‌മറും റൊണാൾഡോയുമെല്ലാം ഇനി തങ്ങളുടെ സ്വന്തം രാജ്യങ്ങൾക്ക്‌ വേണ്ടി കുപ്പായമണിഞ്ഞ്‌ മൈതാനത്തിറങ്ങുമ്പോൾ ഫൈനൽ മത്സരം നടക്കുന്ന ജൂലൈ 15 വരെ ആവേശം ഉയരും. ഒപ്പം പൊഴിയൂരിലും വേൾഡ്‌ കപ്പ്‌ ദിനരാത്രങ്ങൾക്ക്‌ തുടക്കമാവും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker