World

ഭൂമിയുടെ സംരക്ഷണത്തിനായി സഭകൾ കൈകോർക്കുന്നു

ഭൂമിയുടെ സംരക്ഷണത്തിനായി സഭകൾ കൈകോർക്കുന്നു

ഫാ. വില്യം നെല്ലിക്കൽ

റോം: ഭൂമിയുടെ സംരക്ഷണത്തിനായി സഭകൾ കൈകോർക്കുന്നു. ലോകത്തെ 8 വിവിധ ക്രൈസ്തവസഭകളുടെ നേതാക്കൾ ഭൂമിയുടെ സുസ്ഥിതിക്കായുള്ള നവമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് തുടക്കം കുറിച്ചു.

ജൂൺ 26-ന് പ്രസിദ്ധപ്പെടുത്തിയ “സൃഷ്ടിയുടെ വസന്തം” (The Season of Creation) എന്ന തലക്കെട്ടോട് കൂടിയ പൊതുവായ ഒരു കത്തിലൂടെയാണ് ലോകത്തെ 8 വിവിധ ക്രൈസ്തവസഭകളുടെ നേതാക്കൾ പുതിയ കാൽവെയ്പ് നടത്തിയിരിക്കുന്നത്.

സെപ്തംബർ 1- മുതൽ, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ അനുസ്മരണ ദിനമായ ഒക്ടോബർ 4 – വരെ പ്രത്യേകമായ പ്രാർത്ഥനകളിലൂടെയും ക്രിയാത്മകമായ പരിപാടികളിലൂടെയുമാണ് “സൃഷ്ടിയുടെ വസന്തം” പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

1989-ൽ കിഴക്കിന്‍റെ എക്യുമേനിക്കൽ പാത്രിയർക്കേറ്റിൽ തുടക്കമിട്ട പാരിസ്ഥിതിക സംരക്ഷണ പരിപാടിയാണ് ഇപ്പോൾ “സൃഷ്ടിയുടെ വസന്തകാലം” എന്ന പദ്ധതിയിലൂടെ ഇതര സഭകളിലേയ്ക്കും വ്യാപിപ്പിക്കപ്പെടുന്നത്.

സഭകൾ ഒത്തുചേർന്ന് ദൈവത്തിന്‍റെ ദാനവും സമ്മാനവുമായ ഭൂമിയെ എങ്ങനെ പരിരക്ഷിക്കണമെന്ന് ചിന്തിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സമയമാണ് ഈ ഒരു മാസപദ്ധതിക്കാലം. തിരക്കുള്ള അനുദിന ജീവിതപരസരത്ത് നമ്മുടെ ജീവനും ജീവിതവും എങ്ങനെ പരിസ്ഥിതിയുടെ സങ്കീർണ്ണതയിലേയ്ക്ക് ഇണങ്ങിച്ചേരുന്നു എന്ന് ആത്മശോധചെയ്യാനും അതിനെ ഫലവത്താക്കുവാനുമുള്ള ആഹ്വാനമാണ് ഈ കാലം.

പ്രകൃതിയുടെ ദുരവസ്ഥ വർദ്ധിച്ച് കാലാവസ്ഥക്കെടുതിയും, ദുരന്തങ്ങളും കൃഷിനാശവും ജലക്ഷാമവും, ആഗോളതാപനവും അനുഭവിക്കുന്ന കാലത്ത് ദൈവത്തിന്‍റെ ദാനമായ ഭൂമിയെ സംരക്ഷിക്കാനും അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ മെച്ചപ്പെടുത്താനും ഒരോ ക്രൈസ്തവനും, തങ്ങൾ ഭാഗമായിരിക്കുന്ന സഭാസമൂഹങ്ങൾക്കും ഉത്തരവാദിത്ത്വമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് “സൃഷ്ടിയുടെ വസന്തകാലം”.

കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാപ്രതിനിധി, തെല്‍മെസ്സോസിലെ ആര്‍ച്ചുബിഷപ്പ് ജോബ്, ആംഗ്ലിക്കാന്‍ സഭാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, വത്തിക്കാന്‍റെ പ്രതിനിധി – കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ ത്വൈത്, നവീകൃത സഭകളുടെ രാജ്യാന്തര സഖ്യത്തിന്‍റെ ജനറല്‍ സെക്രട്ടറി, ബിഷപ്പ് എപ്രേം തെന്തേരോ, ലോക ലൂതറന്‍ ഫെഡറേഷന്‍റെ തലവന്‍, മാര്‍ടിന്‍ ജൂങ്, സഭകളുടെ യൂറോപ്യന്‍ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി, ഫാദര്‍ ഹെയ്ക്കി ഹുട്നേന്‍, 146 മറ്റു ചെറുക്രൈസ്തവ ആഗോളകൂട്ടായ്മയുടെ (ACT) പ്രസിഡന്‍റ് റുഡെല്‍മാര്‍ ബുവനോ ദി ഫാരിയ എന്നിവരാണ് ഭൂമിയുടെ സംരക്ഷണത്തിനായുള്ള സംയുക്ത കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker