World

“ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്‌ബോൾ (കളി) പോലെയാണ്”

"ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്‌ബോൾ (കളി) പോലെയാണ്"

റവ.ഡോ. സേവ്യർ രാജ് സി.ജെ.

ജെർമനി: “ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്‌ബോൾ (കളി) പോലെയാണ്”. ഓസ്ട്രിയൻ നാഷണൽ ഫുട്‌ബോൾ ടീം അംഗവും എഫ്.സി. ബയൺ മ്യുണിക് (ജർമനി) – ലെ കളിക്കാരനുമായ “ഡേവിഡ് അലാബ”യുടെ വാക്കുകളാണിവ.

റഷ്യയിൽ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോൾ ലോകം മുഴുവൻ ഫുട്‌ബോൾ ലഹരി പകരുന്നു. പതിനായിരങ്ങൾ ഫുട്‌ബോൾ സ്റ്റേഡിയത്തിലും കോടിക്കണക്കിനാളുകൾ ടെലിവിഷന്റെ മുന്നിലും ഫുട്‌ബോൾ മത്സരം കാണുവാൻ മണിക്കൂറുകൾ ചെലവിടുന്നു. ലോകം മുഴുവനെയും ഒരു ഫുട്‌ബോൾ വൈറസ് ബാധിച്ചിരിക്കുന്നു എന്നുതന്നെ പറയാം.

മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വൈകാരിക ഭാവങ്ങളായ  സന്തോഷം, ദുഃഖം, പ്രതീക്ഷ, നിരാശ, ഭാഗ്യം, നിർഭാഗ്യം, നന്ദി തുടങ്ങിയവ ഫുട്‌ബോൾ കളിയിൽ അടങ്ങിയിരിക്കുന്നു. ഒരേ കളിയുടെ അവസരത്തിൽ ചിലർക്ക് ദേഷ്യവും നിരാശയുമൊക്കെ ഉണ്ടാകുമ്പോൾ; മറ്റൊരു കൂട്ടർക്ക് പ്രതീക്ഷയും സന്തോഷവും ഉണ്ടാകാറുണ്ട്. ഒരു ടീം അംഗങ്ങൾ സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴിക്കുമ്പോൾ,  എതിർ ടീം അംഗങ്ങൾ ദുഃഖത്തിന്റെ കണ്ണീരണിയുന്നത് നാം ദർശിക്കുന്നതാണ്.

കളിയുടെ സമയം മുഴുവൻ കഠിന പരിശ്രമം നടത്തുവാനും വിജയം വരിക്കുവാനും ടീമുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇഞ്ചുറി ടൈം കളിക്കാരിലും കാണികളിലും കൂടുതൽ വൈകാരികത സൃഷ്ടിക്കുന്നു. സമയ പരിമിതിയ്ക്കുള്ളിൽ അങ്ങേയറ്റം നേട്ടമുണ്ടാക്കാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിക്കുന്നത് നാം കാണുന്നു. മനുഷ്യന്റെ വ്യക്തിപരമായ ജീവിതത്തിലും ഇവയെല്ലാം ദർശിക്കാവുന്നതാണ്. എന്നാൽ, ജീവിതത്തിന്റെ ഈ വൈകാരിക ഭാവങ്ങൾ ഫുട്ബോൾ കളിയിൽ 90 മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി ഒതുങ്ങിയിരുന്നു. ദൈവമനുഷ്യ ബന്ധത്തെയും ദൈവരാജ്യത്തെയും സംബന്ധിക്കുന്ന കാര്യങ്ങൾ യേശു ഉപമകളിലൂടെ പഠിപ്പിച്ചു. ഫുട്‌ബോൾ കളി അടുത്ത് വിശകലനം ചെയ്യുമ്പോൾ അത് ജീവിത സത്യങ്ങൾ പലതും മനസിലാക്കാൻ സഹായിക്കും.

ഫുട്‌ബോൾ കളിയിലെ കേന്ദ്രം ബോൾ ആണ്. ബോളിന്റെ ലക്ഷ്യം ഗോൾ മുഖവും. ഫുട്‌ബോളിൽ നിരവധി നിയമങ്ങളും അനുഷ്‌ടാനങ്ങളുമുണ്ട്. ബോളിനെ അപമാനിക്കാൻ പാടില്ല,  കളി എപ്രകാരമാണ് ആരംഭിക്കേണ്ടത്, ഒരു രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, അങ്ങനെ പലതും. ചില കളിക്കാർ കളി ആരംഭിക്കുന്നതിന് മുൻപോ, ഗോൾ നേടുമ്പോഴോ ബോളിനെ ചുംബിക്കാറുണ്ട്. ചിലർ കളി ആരംഭിക്കുന്നതിന് മുൻപ് ഗ്രൗണ്ടിനെ തൊട്ട് വന്ദിക്കാറുണ്ട്. മറ്റുചിലർ കുരിശടയാളം വരച്ച് തങ്ങളുടെ കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കാറുണ്ട്.

പ്രമുഖ ഫുട്‌ബോൾ താരം ഡേവിഡ് അലാബ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് : “ലേബൻ ഓണെ ഗൊട്ട് ഈസ്റ്റ് വി ഫുസ്സ്ബൾ ഓണെ ബൾ (The life without God is like foodball without Ball) – ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്‌ബോൾ പോലെയാണ്”.

ബോളില്ലാത്ത ഫുട്‌ബോൾ കളിയിൽ കളിക്കാരൻ യാതൊരു ലക്ഷ്യവുമില്ലാതെ ഓടേണ്ടി വരും. അവരുടെ പരിശ്രമങ്ങൾ വിഫലമാകും, ഗോൾ നേടാനാകാതെ അർഥശൂന്യവുമാകും. ദൈവത്തെ കൂടാതെ നാം മുന്നേറുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾ ആത്യന്തിക വിജയം കൈവരിക്കുന്നില്ല. ഫുട്‌ബോൾ കളിയിൽ കളിക്കാരൻ പന്ത് നഷ്‌ടപെടാതിരിക്കാൻ ശ്രമിക്കുന്നത് പോലെ, നമുക്കും ജീവിതത്തിൽ ദൈവത്തെ നഷ്ടപ്പെടുത്താതിരിക്കാം. ഒരു കളിക്കാരൻ മറ്റൊരുവന് ബോൾ പാസ്സ് ചെയ്യുന്നത് പോലെ നമുക്ക് ലഭിച്ച വിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker