Articles

നന്മയോട് എന്തിനീ പ്രതികാരം

നന്മയോട് എന്തിനീ പ്രതികാരം

സ്വന്തം ലേഖകൻ

എന്തിനാണ് ഭരണകൂടം വിശുദ്ധ മദർ തെരേസയുടെ സന്യാസിനീ സമൂഹത്തോട്, അവർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളോട്, ഇതര സേവനങ്ങളോട് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്?
ക്രൈസ്തവ പീഡനത്തിന്റെ പുതിയ മുഖമല്ലേ ഇത്?
ഇക്കാര്യങ്ങൾക്ക് ഭരണകൂടത്തിന്റെ സമ്മതമില്ലാ എന്ന് വിശ്വസിക്കാനാവില്ല. അത്തരത്തിലാണ് ഓരോ നടപടിയുടെയും ക്രമീകരണം.

കാരുണ്യത്തിന്‍റെ പ്രതീകമായി ലോകം ആദരിക്കുന്ന വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിന്‍റെ റാഞ്ചി നിർമൽഹൃദയ് ഭവനത്തിലെ ഒരു കന്യാസ്ത്രീയെ ജയിലിലടച്ചിട്ടു രണ്ടാഴ്‌ച കഴിഞ്ഞു. ഇപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിന്‍റെ രാജ്യത്തുള്ള എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും റെയ്ഡ് നടത്താൻ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഉത്തരവിട്ടിരിക്കുന്നു.

ചില ചോദ്യങ്ങൾ

1) സ്ത്രീ സംരക്ഷണവും ശിശുസംരക്ഷണവും വാക്കുകളിൽ മാത്രം അവശേഷിപ്പിക്കുന്ന ഒരു ദുരന്തത്തിന് നമ്മൾ സാക്ഷികളാവുകയല്ലേ?

2) ആരോപണം അറസ്റ്റിനും റെയ്ഡിനുമൊക്കെ ഉത്തരവു നൽകാവുന്ന തരത്തിൽ തരംതാഴ്ത്തുന്നവരുടെ ലക്ഷ്യം എന്ത്?

3) അവിവാഹിതരും നിരാശ്രയരുമായ ഗർഭിണികൾക്ക് ആശ്രയം നൽകുന്നതും അവരെ സഹായിക്കുന്നതുമാണോ മിഷനറീസ് ഓഫ് ചാരിറ്റി ചെയ്യുന്ന കുറ്റം?

4) സന്യാസസമൂഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം പീഡനം അല്ലേ?

5) ചുളുവിൽ പ്രശസ്തിനേടാൻ ചില എഴുത്തുകാരും കപട സാംസ്കാരിക നായകരും നടത്തുന്ന പ്രയത്നങ്ങളുടെ പിന്നിൽ ആരാണ്?

6) വിശുദ്ധ മദർ തെരേസയുടെ സമൂഹത്തെ പിടികൂടിയാൽ ആത്യന്തികമായി ഇന്ത്യയിലെ ക്രൈസ്തവരെ ദുർബലമാക്കാമെന്നാണോ ഭരകൂടം ചിന്തിക്കുന്നത്?

7) നീതി നടപ്പിലാക്കുവാൻ ചുമതലയുള്ളവർ തന്നെ നന്മയ്‌ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതിലെ ലക്ഷ്യമെന്ത്?

ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. സത്യാവസ്ഥ ബോധ്യപ്പെട്ട് അധികൃതർ നീതി ചെയ്യുമെന്ന പ്രതീക്ഷ ആസ്ഥാനത്തതാകുന്നു. മുന്നേകൂട്ടി തയ്യാറാക്കിയ അജണ്ടകൾ നടപ്പിലാക്കുന്നു.

ഓർക്കുക ഭരണകൂടമേ

1) 1950 മുതൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്നേഹപൂർണമായ സേവനം ധാരാളം അനാഥർക്കും പാവങ്ങൾക്കും നിരാശ്രയരായവർക്കും വൃദ്ധർക്കും മരണാസന്നർക്കും ലഭിച്ചിട്ടുണ്ട്.

2) ഈ സേവനസമൂഹത്തിന് 139 രാജ്യങ്ങളിലായി 760 ഭവനങ്ങളും, 5167 സന്യാസിനികളുമുണ്ട്.

3) മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യയിൽ മാത്രം 244 ഭവനങ്ങളുണ്ട്.

4) കുഷ്‌ഠരോഗികൾ, ക്ഷയരോഗികൾ, എയ്ഡ്സ് ബാധിച്ചവർ എന്നിങ്ങനെ സമൂഹത്തിൽ തീർത്തും തിരസ്കൃതരായവരെയും അനാഥ ശിശുക്കളെയും ഉപേക്ഷിക്കപ്പെട്ടവരെയും വൃദ്ധരെയുമൊക്കയാണ് ഈ സന്യാസിനികൾ ശുശ്രൂഷിക്കുന്നത്.

5) ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, അഗതികൾ, ആശ്രയം നഷ്‌ടപ്പെട്ട പെൺകുട്ടികൾ, ഉപേക്ഷിക്കപ്പെട്ട ഗർഭിണികൾ, ദാരിദ്ര്യം മൂലം തെരുവിൽ അഭയം തേടിയവർ എന്നിവരും അവിടെ അന്തേവാസികളാണ്.

ഞങ്ങൾ ഓർക്കുന്നുണ്ട്, അസംബന്ധ പ്രചാരണങ്ങളും അസത്യപ്രസ്താവനകളും കൊണ്ട് വിശുദ്ധ മദർ തെരേസയെപ്പോലും നിങ്ങൾ തകർക്കാൻ ശ്രമിച്ചു. ഇപ്പോൾ, അവരുടെ പിൻഗാമികളായ കന്യാസ്ത്രീകളെയും നിങ്ങൾ വെറുതെ വിടില്ലെന്നറിയാം. ഇങ്ങനെ വസ്തുതകളെ വളച്ചൊടിച്ചും സത്യത്തെ വികൃതമാക്കിയും നിങ്ങൾക്ക് എത്രനാൾ മുന്നോട്ട് പോകാനാവും?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker