Articles

ദേവാലയത്തോടു ചേർന്നുള്ള ജീവിതം; ഒരു ജീവിതസാക്ഷ്യം

ദേവാലയത്തോടു ചേർന്നുള്ള ജീവിതം; ഒരു ജീവിതസാക്ഷ്യം

ആൻ മരിയ ക്രിസ്റ്റീന

എന്റെ ചെറുപ്പത്തിൽ അമ്മ ആകെ നിർബന്ധിക്കാറുള്ള കാര്യം അനുദിനം ദേവാലയത്തിൽ പോയി പരിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കണം എന്നുള്ളതായിരുന്നു. ആ പ്രായത്തിൽ എല്ലാ കുട്ടികളെയും പോലെ കാലത്ത് അതിരാവിലെ എഴുന്നേൽക്കുക എന്നത് എനിക്ക് അസഹ്യമായിരുന്നു. അമ്മയുടെ വഴക്കിനെ പേടിച്ചാണ് പലപ്പോഴും അന്ന് ദേവാലയത്തിലേക്ക് പോയിരുന്നത്. നാലാം ക്ലാസ് കഴിയും വരെ പഠിച്ചിരുന്ന സ്കൂളിനോട് ചേർന്നുള്ള ദേവാലയത്തിലാണ് പരിശുദ്ധ കുർബ്ബാനയ്ക്ക് പോയിരുന്നത്. സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച് കാരമുക്ക്. അവിടെയായിരുന്നു ചെറുപ്രായത്തിൽ ഈശോയെ കാണാൻ ഓടിച്ചെന്നിരുന്നത്. അൾത്താരക്ക് മുന്നിൽ ചെന്നുനിൽക്കുക എന്നത് ഒരു പ്രത്യേക സന്തോഷം ആയിരുന്നു.

ഈശോയെ ആദ്യമായി നാവിൽ സ്വീകരിക്കുന്നത് സെയിന്റ് മേരീസ് ഫൊറോനാ ചർച് കണ്ടശ്ശാങ്കടവിൽ ആയിരുന്നു. മാതാവിനോടുള്ള ഒരു പ്രത്യേക സ്നേഹം കുഞ്ഞുനാൾ മുതലേ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവണം നിത്യസഹായ മാതാവിന്റെ നൊവേനക്കു മുടങ്ങാതെ ഈ ദേവാലയത്തിൽ ചെല്ലുമായിരുന്നു. പഠിക്കുന്ന കോൺവെന്റ് സ്കൂളിന്റെ ചാപ്പലിൽ അനുദിന ദിവ്യബലിയിൽ സംബന്ധിച്ച് ജീവിതം മുൻപോട്ടു പോയി. പത്താം ക്ലാസ്സിൽ ഉയർന്ന വിജയം നൽകി ഈശോ അനുഗ്രഹിച്ചു. എല്ലാത്തിനും കാരണം പരിശുദ്ധ കുർബ്ബാനയുടെ ശക്തിയാണെന്നു തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അവയെല്ലാം.

നഴ്സിംഗ് പഠനത്തിന് അന്യ സംസ്ഥാനത്തേക്കു പോകാൻ ഒരുങ്ങുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളു. ‘പഠിക്കുന്ന കോളേജിന് അടുത്ത് ഒരു പള്ളി വേണം’ എന്ന്. തമിഴ്നാട്ടിലെ സേലം എന്ന സ്ഥലത്തേക്ക് ഈശോ പറിച്ചു നടുമ്പോൾ എന്നെ കരുതുന്ന ഈശോയും പരിശുദ്ധ അമ്മയും എനിക്ക് ആ ആഗ്രഹം സാധിച്ചു തന്നു. എന്നും പുറത്തുപോകാൻ അനുവാദം ഇല്ലെങ്കിലും ആഴ്ചയിൽ ഒരു ദിവസം ഞായറാഴ്ച പള്ളിയിൽ പോകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ഫാദർ ജോസ് ആലക്കക്കുന്നേൽ അച്ഛനായിരുന്നു ഇടവക വികാരി. സെയിന്റ് മേരീസ് ചർച് തന്നെ ആയിരുന്നു അവിടെയും. പരീക്ഷ സമയങ്ങളിൽ തനിച്ചു പോയിരുന്നു പ്രാർത്ഥിച്ചിരുന്നത്‌ ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ ആയിരുന്നു. ഉണ്ണീശോയോടു ഒരു പ്രത്യേക സ്നേഹം, ആ ദേവാലയത്തിലെ ഉണ്ണീശോയുടെ രൂപത്തിന് മുന്നിൽ പ്രാർത്ഥിക്കാതെ ഒരു പരീക്ഷയും ഞാൻ എഴുതിയിട്ടില്ല. പരീക്ഷക്കുള്ള പേന ഉണ്ണീശോയുടെ കയ്യിൽ തൊടുവിച്ചാണ് ഞങ്ങൾ പലരും നഴ്സിംഗ് പരീക്ഷ എഴുതിയിട്ടുള്ളത്.

പഠനം കഴിഞ്ഞു ജോലിക്കായി ബോംബെ നഗരത്തിലേക്ക് പോവുമ്പോൾ വീണ്ടും ഈശോയോടു ഒന്നേ പറഞ്ഞുള്ളു. ‘ദേവാലയം അടുത്ത് വേണം’. ക്രിസ്തു രാജ് ചർച് മരോൾ. അവിടെയായിരുന്നു പിന്നീടുള്ള ദിവ്യബലിയുടെ നാളുകൾ. ഇപ്പോൾ കാലടി ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ആയ ഫാദർ ജെബിൻ പത്തിപറമ്പിൽ ആയിരുന്നു അന്ന് വികാരി. അച്ഛന് പരിശുദ്ധ കുർബ്ബാനയോടുള്ള തീക്ഷ്ണത അച്ഛന്റെ ഓരോ വിശുദ്ധ ബലിയർപ്പണത്തിലും ദൈവ ജനത്തിന് അനുഭവ വേദ്യമായിരുന്നു. അടുത്ത് തന്നെ മറ്റൊരു ദേവാലയവും ഉണ്ടായിരുന്നു. സെയിന്റ് വിൻസെന്റ് പാലൊട്ടി ചർച്. ആ ദേവാലയത്തിലെ ആരാധന ചാപ്പലിൽ പലപ്പോഴും മണിക്കൂറുകൾ ഈശോക്കൊപ്പം ചെലവഴിച്ചിട്ടുണ്ട്. എന്റെ മനസ്സിലെ ദുഃഖങ്ങൾ ഈശോയുടെ ചുമലിലേക്ക് ഏറ്റെടുത്തുകൊണ്ട് ഭാരം ഇല്ലാതാക്കിയാണ് ചാപ്പലിൽ നിന്ന് ഈശോ എന്നെ പറഞ്ഞയച്ചിട്ടുള്ളത്.

ഒടുവിൽ ദുബായ് എന്ന സ്വപ്നഭൂമിയിലേക്കു ഈശോ കൈപിടിച്ച് കൊണ്ടുവന്നപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാരിഷ് എന്നറിയപ്പെടുന്ന സെയിന്റ് മേരീസ് ദേവാലയം പാപിയായ എനിക്ക് ഒരുക്കി തന്നു. ഏറ്റവും വലിയ ഭാഗ്യം ദുബായിൽ വന്ന അന്ന് തന്നെ ഈ ദേവാലയത്തിൽ പരിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാൻ സാധിച്ചു എന്നതാണ്.

ഒരു ഭവനം വേണമെന്ന് ആഗ്രഹിച്ചപ്പോളും പ്രാർത്ഥിച്ചത് ദേവാലയത്തിനടുത്തു വേണമെന്നാണ്. അതും ഈശോ സാധിച്ചു തന്നു. പുറനാട്ടുകര സെയിന്റ് സെബാസ്റ്റ്യൻ ചർച്ചിന് മുന്നിലായി ഈശോ ഒരു ഭവനവും നൽകി അനുഗ്രഹിച്ചു.

ദേവാലയത്തോടും പരിശുദ്ധ കുർബ്ബാനയോടും ഒരു ബന്ധം സൂക്ഷിക്കുക. അപ്പോൾ നമ്മുടെ ജീവിതം ഓരോ നിമിഷവും ഒരു അത്ഭുതം ആയി മാറുന്നത് നമുക്ക് അനുഭവവേദ്യമാകും. ഈ നിമിഷം വരെ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും പരിശുദ്ധ കുർബ്ബാനയിൽ നിന്ന് ലഭിച്ചതാണ് എന്നതാണ് എന്റെ ജീവിത സാക്ഷ്യം. ഇത് വായിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: ‘അനുദിന ദിവ്യബലി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക’, ‘പരിശുദ്ധ കുർബ്ബാനയോടുള്ള സ്നേഹം വർധിപ്പിക്കുക’.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker