Kerala

പോലീസ് അന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കണം: കെ.സി.വൈ.എം.

പോലീസ് അന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കണം: കെ.സി.വൈ.എം.

സ്വന്തം ലേഖകൻ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിൽ ശക്തമായ പ്രതികരണവുമായി കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം. മാധ്യമങ്ങൾ നടത്തുന്ന തെറ്റിദ്ധാരണജനകമായ പ്രസ്താവനകൾ കേസന്വേഷണത്തെ സാരമായി ബാധിക്കുകയും, ജനങ്ങളുടെ ഇടയിൽ സഭാതനയരെക്കുറിച്ച് തെറ്റിദ്ധാരണകൾ വളർത്തുന്നതിനും മാത്രമേ ഉപകരിക്കുന്നുള്ളൂ എന്ന് സൂചിപ്പിക്കുന്നുണ്ട്.

വാർത്താക്കുറിപ്പിന്റെ പൂർണ്ണ രൂപം:

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം സത്യസന്ധമായി ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സഭയും സഭയുടെ യുവജന പ്രസ്ഥാനവും പ്രസ്തുത വിഷയത്തിൽ തുടക്കം മുതൽ അന്വേഷണം കൃത്യമായി നടത്തി തെറ്റുകാരെ കണ്ടെത്തി പൊതു സമൂഹത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ശിക്ഷിക്കണമെന്ന് നിരന്തരമായി ആവിശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്, ഇതിന് വിപരീതമായി ചാനൽ ചർച്ചകളിലും, നവസമൂഹ മാധ്യമങ്ങളിലും പൊതുജനങ്ങളെയും വിശ്വാസസമൂഹത്തെയും സഭയ്ക്കും സഭാ പ്രസ്ഥാനങ്ങൾക്ക് എതിരായും തെറ്റിദ്ധാരണജനകമായ വസ്തുതകൾ അവതരിപ്പിക്കുന്നത് തിർത്തും അപലപനീയമാണ്.

കേസന്വേഷണത്തിൽ പോലീസ് നടത്തുന്ന കാലതാമസം സമൂഹത്തിൽ അനാവശ്യ ചർച്ചകൾ നടക്കുന്നതിന് കാരണമാകുന്നു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സഭക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ അനാവശ്യവും സഭയെയും സഭയുടെ വിശ്വാസ പ്രമാണങ്ങളുടെയും തകർക്കുവാൻ ഉദ്ദേശിച്ചുള്ളതുമാണെന്നും സംശയിക്കുന്നു. കേസന്വേഷണത്തിൽ പോലീസിന് സംഭവിച്ച കാലതാമസത്തിന് ഉത്തരവാദിത്വം സഭയുടെ മേൽ കെട്ടിയേൽപ്പിക്കുന്നതിനായി പലരും ശ്രമിക്കുന്നു. സഭയല്ല പോലീസിനെ നയിക്കുന്നത് എന്ന സാമാന്യ യുക്തി പോലുമില്ലാതെയാണ് ഇത്തരക്കാരുടെ പ്രതികരണങ്ങൾ.

ഈ വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീ കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെങ്കിലും കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ പരിശോധിക്കുമ്പോൾ ഈ വിഷയം രണ്ട് വ്യക്തികൾ തമ്മിലുള്ള ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതിനാൽ സത്യാവസ്തകളുടെ നിജസ്ഥിതിയറിയാതെ ഈ സമരത്തെ ഏകപക്ഷീയമായി പിൻതാങ്ങുന്നതിന് സാധിക്കുകയില്ല. പ്രസ്തുത സമരവേദിയിൽ പീഡനം അനുഭവിച്ചു എന്ന് പറയുന്ന കന്യാസ്ത്രീക്ക് നീതി ലഭിക്കുക എന്നതിനേക്കാൾ ഉപരിയായി ഉയർന്നുവന്നത് സഭക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ്.

സമരത്തിന് നേതൃത്വം നൽകുന്ന ജോയിൻറ് ക്രിസ്ത്യൻ കൗൺസിൽ അടക്കമുള്ള പല സംഘടനകളും കാലങ്ങളായി സഭയുടെ തകർച്ചയെ ലക്ഷ്യമിടുന്നവരാണ്. സഭയെ പൊതുസമൂഹത്തിൽ അവഹേളിക്കാനും ഇല്ലായ്മ ചെയ്യുവാനും സഭയുടെ വിശ്വാസ സത്യങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങൾ ചെറുക്കുക തന്നെ ചെയ്യും.

അതേസമയം, കുറ്റാരോപിതനായ വ്യക്തിയെ വഴിവിട്ടു സഹായിക്കുവാനുള്ള ശ്രമങ്ങളെ ഒന്നും തന്നെ അംഗീകരിക്കുവാൻ കേരളത്തിലെ കത്തോലിക്ക യുവജനങ്ങൾ തയ്യാറല്ല. തെറ്റ് ചെയ്തത് എത്ര ഉന്നത സ്ഥാനത്തുള്ള വ്യക്തിയാണെങ്കിലും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് കെ.സി.വൈ.എം. ആഗ്രഹിക്കുന്നത്. ജനാധിപത്യ സംവിധാനം അനുസരിച്ച് പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത് വരെയെങ്കിലും ക്ഷമിക്കുവാൻ മാധ്യമങ്ങളും സമൂഹവും തയ്യാറാകണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി അഭ്യർത്ഥിച്ചു.

എറണാകുളത്തെ കെ.സി.വൈ.എം. സംസ്ഥാന ഓഫീസിൽ ചേർന്ന യോഗത്തിൽ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻറ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, സംസ്ഥാന ഭാരവാഹികളായ ആരതി റോബർട്ട് , ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, കിഷോർ പി., ലിജിൻ ശ്രമ്പിക്കൽ, ടോം ചക്കാലകുന്നേൽ , എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker