Kerala

ബിഷപ് ബെന്‍സിഗറും ഫാ.അദെയോദാത്തൂസും ദൈവദാസ പദവിയില്‍

ബിഷപ് ബെന്‍സിഗറും ഫാ.അദെയോദാത്തൂസും ദൈവദാസ പദവിയില്‍

അനില്‍ ജോസഫ്

തിരുവനന്തപുരം: കര്‍മ്മലീത്താ മിഷണറിമാരായിരുന്ന ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബന്‍സിഗറിനെയും മുതിയാവിളയുടെ വലിയച്ചന്‍ ഫാ.അദെയോദാത്തൂസിനെയും വരുന്ന 20-ന് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തും.

ബിഷപ് ബെന്‍സിഗര്‍ 1900 നവംബര്‍ മുതല്‍ കൊല്ലം രൂപതയുടെ സഹായ മെത്രാനും 1905 മുതല്‍ മെത്രാനായും നിയമിതനായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ സുവിശേഷ പ്രഘോഷണത്തിന് കര്‍മ്മലീത്താ മിഷണറിമാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ബിഷപ് ബെന്‍സിഗറിനെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തന്‍റെ രാജ്യത്തെ ഏറ്റവും വിശുദ്ധനായ മനുഷ്യനായി വിശേഷിപ്പിച്ചിരുന്നു.

സ്വീറ്റ്സര്‍ലണ്ടില്‍ 1864-ലാണ് ബിഷപ് ബെന്‍സിഗര്‍ ജനിച്ചത്. 1888 മെയ് 28-ന് വൃതവാഗ്ദാനവും ഡിസംബര്‍ 22-ന് പൗരോഹിത്യവും സ്വീകരിച്ചു.1890-കളില്‍ കേരളത്തില്‍ എത്തിയ അദേഹം ആലുവ പുത്തന്‍പളളി അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊഫസറായി നിയമിതനായി. തിരുവനന്തപുരം നാഗര്‍കോവില്‍ കേന്ദ്രമാക്കി എല്ലാ ഇടവകകളിലും മിഷന്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനും അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. തിരുവനന്തപുരം നാഗര്‍കോവില്‍ റോഡിന് ഇരുവശത്തും കരിങ്കല്ലില്‍ തീര്‍ത്ത ദേവാലയങ്ങള്‍ ബെന്‍സിഗര്‍ പിതാവിന്‍റെ ദീര്‍ഘ വീക്ഷണത്തിന്‍റെ ബലമായി ഉണ്ടായതാണ്.

നെയ്യാറ്റിന്‍കര നെടുമങ്ങാട് പ്രദേശങ്ങളില്‍ മിഷണറി പ്രവര്‍ത്തനം സമനIയിപ്പിക്കുന്നതിന് പിതാവ് അക്ഷീണം പ്രയത്നിച്ചു. മിഷന്‍ പ്രവര്‍ത്തന നേട്ടങ്ങള്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മധ്യസ്ഥതകൊണ്ടാണെന്ന് വിശ്വസിച്ചിരുന്ന പിതാവ് 1923-ല്‍ വിശുദ്ധ കൊച്ചു ത്രേസ്യയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്തു നിന്ന് 20 കിലോമീറ്റര്‍ അകലെ ഇപ്പോഴത്തെ നെയ്യാറ്റിന്‍കര രൂപതയില്‍ “വിശുദ്ധ കൊച്ചു ത്രേസ്യയുടെ നാമത്തിലെ ആദ്യ ദേവാലയം” നിര്‍മ്മിച്ച് ആശീര്‍വദിച്ചു.

1930 സെപ്റ്റംബറില്‍ പുനരൈക്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി മാര്‍ ഈവാനിയോസ് തിരുമേനിയേയും അനുയായികളെയും കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചതും ബെന്‍സിഗര്‍ പിതാവായിരുന്നു. 1931 ആഗസ്റ്റ് 11 മുതല്‍ പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തില്‍ വിശ്രമ ജീവിതം ആരംഭിച്ച പിതാവ് 1942 ആഗസ്റ്റ് 17-ന് ഈ ലോകത്തോട് വിട പറഞ്ഞു. പാങ്ങോട് കാര്‍മ്മല്‍ഗിരിയില്‍ അള്‍ത്താരക്ക് മുന്നിലാണ് അഭിവന്ദ്യ പിതാവ് അന്ത്യവിശ്രമം കൊളളുന്നത്. കൊല്ലം, കോട്ടാര്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പുനലൂര്‍ രൂപതകളുടെ വളര്‍ച്ചക്ക് ബിഷപ് ബെന്‍സിഗര്‍ നല്‍കിയ സംഭവനകള്‍ നിസ്തുലമാണ്.

നാല്‍പ്പത് വര്‍ഷത്തോളം ഇന്ത്യയില്‍ ജീവിക്കുകയും അതില്‍ 20 വര്‍ഷത്തോളം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യ്ത ഫാ.അദെയോദാത്തൂസച്ചനും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. “മുതിയാവിള വലിയച്ചന്‍” എന്നറിയപ്പെട്ടിരുന്ന അദെയോദാത്തൂസച്ചന്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് കൊണ്ട് മായം, അമ്പൂരി, കണ്ടാംതിട്ട, വാവോട്, മുകുന്തറ, കുളവ്പാറ, കളളിക്കാട്, തേക്കുപാറ, കുരുതംകോട്, ചെമ്പനാകോട്, തൂങ്ങാംപാറ, ചെട്ടിക്കുന്ന് ഇടവകകളില്‍ സേവനമനുഷ്ടിച്ചു.1896-ല്‍ ജനിച്ച അദേഹം ഒന്നാംലോക മഹായുദ്ധകാലത്ത് കുറച്ച് കാലം പട്ടാളത്തില്‍ സേവനമനുഷ്ടിച്ചുട്ടുണ്ട്. പട്ടാളസേവനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ വലിയച്ചന്‍ തന്‍റെ മാതാവിന്‍റെ ആഗ്രഹം മനസിലാക്കി ഫ്ളാന്‍റേഴ്സിലെ കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നു.

1927-ല്‍ ഇന്ത്യയിലെത്തിയ അച്ചന്‍ അന്നത്തെ കൊല്ലം രൂപതയിലെ തിരുവനന്തപുരം കാര്‍മ്മല്‍ഹില്‍ ആശ്രമത്തില്‍ ചരിത്രം, ലത്തീന്‍ഭാക്ഷ എന്നിവയില്‍ പ്രൊഫസറായി സേവനമനുഷ്ടിച്ചു. തുടര്‍ന്നാണ് മുതിയാവിള കേന്ദ്രമാക്കി മിഷന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായത്. 1968 ഒക്ടോബര്‍ 20-ന് മുതിയാവിളയില്‍ വച്ച് ഇഹലോക വാസം വെടിഞ്ഞ വലിയച്ചന്‍റെ ഭൗരീക ശരീരം പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലാണ് അടക്കം ചെയ്തത്.

മിഷണറി പ്രവര്‍ത്തനത്തില്‍ കത്തോലിക്കാ സഭക്ക് നിസ്തുലമായ സംഭാനകള്‍ നല്‍കിയ ബിഷപ് ബെന്‍സിഗറെയും ഫാ.അദെയോദാത്തൂസച്ചനെയും 20-ന് വൈകിട്ട് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി പ്രഖ്യാപനം നടത്തും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker