Articles

മഞ്ഞപ്പത്രങ്ങളുടെ മറുപുറം തേടി

മഞ്ഞപ്പത്രങ്ങളുടെ മറുപുറം തേടി

ഫാ. ജയിംസ് കൊക്കാവയലിൽ

ഇനി ശരിക്കും അവിടെ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ ആക്രാന്തം പിടിച്ച ഓട്ടം കണ്ടിട്ട്, വാതിൽക്കൽ ബിരിയാണി കൊടുക്കുന്നു എന്നു നുണ പറഞ്ഞ് അവരെ കുത്തിയിളക്കിവിട്ട ‘വട്ടനു’ തന്നെ അവസാനം സംശയമായി. താൻ പറഞ്ഞതെങ്ങാനും ഇനി ശരിയായെങ്കിലോ, കൂട്ടത്തിൽ ഓടുക തന്നെ.
യഹൂദരെ നശിപ്പിക്കാൻ ഹിറ്റ്ലർ നടപ്പാക്കിയ ‘ഗീബൽസിയൻ തന്ത്രം’ സത്യത്തിൽ ഈ സലിം കുമാർ കോമഡി തന്നെയാണ്. നിരന്തരമായി നുണ പറഞ്ഞ് പറഞ്ഞ് അവസാനം പറഞ്ഞവൻ പോലും അതു സത്യമാണന്നു വിശ്വസിക്കുന്ന അവസ്ഥ വരുത്തി തീർക്കുക.
വൺമാൻ ഷോ എന്ന സിനിമയിലെ ഭ്രാന്തൻ ഭാസ്കരന്റെ ഈ റോൾ ഇന്ന് ഏറ്റെടുത്തിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒക്കെയാണ്. ഇവയ്ക്കൊക്കെ ഈ പേരിട്ടവനെ സമ്മതിക്കണം. ഒരു ഒന്നൊന്നര ദീർഘവീക്ഷണം തന്നെ. ഇംഗ്ലീഷിലാണെങ്കിലും മലയാളത്തിലാണങ്കിലും ‘മ’ – കാരത്തിൽ തന്നെ തുടങ്ങുന്നു.

മാധ്യമങ്ങളുടെ ‘കത്തോലിക്കാ വിരുദ്ധത’ ആരംഭിക്കുന്നത് യഹൂദരും കത്തോലിക്കരും തമ്മിൽ നൂറ്റാണ്ടുകളായി നില നിന്നു പോന്ന ശത്രുതയിൽ നിന്നാണ്. യഹൂദർ വളരെ ശുഷ്കമായ ഒരു ന്യൂനപക്ഷമാണങ്കിലും അമേരിക്കയിലെയും യൂറോപ്പിലെയും ഭൂരിഭാഗം മാധ്യമങ്ങളും അവരുടെ ഉടമസ്ഥതയിലാണ്. BBC പോലെ പ്രൊട്ടസ്റ്റന്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും മതതീവ്രവാദികളുടെ കയ്യിലെ മാധ്യമങ്ങളും ശത്രുത മൂലം ഇതേ പാത പിൻതുടരുന്നു. അവ നിരന്തരമായി സഭയുടെ വീഴ്ചകളെ പർവ്വതീകരിക്കുകയും നൻമകളെ തമസ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ഇവയുടെ ചുവടുപിടിച്ചു കൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങളും സഭയെ തകർക്കാൻ ഇറങ്ങിയിരിക്കുന്നത്. സഭയെ ഇവ നിരന്തരം അപഹസിക്കുന്നതിന്റെ പിന്നിൽ താഴെ പറയുന്ന പല കാരണങ്ങളാണ് ഉള്ളത്.

1. വിദ്യാഭ്യാസത്തിന്റെ കൂടുതൽ

കേരളത്തിലെ മറ്റു സമുദായങ്ങളെക്കാൾ ക്രൈസ്തവർ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ വളരെ മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ  ക്രൈസ്തവർ കൂടുതലും വാർത്തകളുടെയും വിജ്ഞാന പരിപാടികളുടെയും പ്രേക്ഷകരാകുന്നു. ഇതു മൂലം ക്രൈസ്തവരെ സംബന്ധിച്ച വാർത്തകൾ ധാരാളമായി പ്രക്ഷേപണം ചെയ്യപ്പെടുന്നു.

2 . പ്രതികരണശേഷി ഇല്ലായ്മ 

എത്രമാത്രം അപമാനിക്കപ്പെട്ടാലും ക്രിസ്തീയ വിശ്വാസികളുടെ ഭാഗത്തുനിന്ന് ‘ആക്രമണങ്ങൾ പോയിട്ട് നിയമപരമായ നടപടികൾ പോലും ഉണ്ടാകില്ല’ എന്ന ധൈര്യം മാധ്യമങ്ങൾക്ക് ഉണ്ട്. നിയമങ്ങൾ ശക്തമായ പാശ്ചാത്യ രാജ്യങ്ങളിൽ പോലും പ്രശ്നങ്ങളില്ല, പിന്നെ ഇവിടെ എന്ത്? എന്ന മനോഭാവം. എന്നും തല്ലുകൊള്ളാൻ, പ്രതികരണ ശേഷിയില്ലാത്ത കത്തോലിക്കന്റെ ജൻമം ഇനിയും ബാക്കി.

3. പാളയത്തിൽ പട

യാതൊരു സമുദായ ബോധവുമില്ലാത്ത സമുദായം ഏതാണ്? എന്നതിന് ഒരുത്തരമേയുള്ളൂ കത്തോല
ക്കാ സഭ /സിറോ മലബാർ സഭ. കാള പെറ്റു എന്നു കേട്ടാൽ കയറെടുത്തേ മതിയാവൂ. സഭയ്ക്കെതിരെ എന്ത് ആരോപണമുണ്ടായാലും സത്യം അന്വേഷിക്കാൻ മെനക്കെടാതെ അതിനെ പിൻതാങ്ങി, പ്രതികരിച്ച് വിപ്ലവകാരിയായ ക്രിസ്തു ചമയുന്ന ഒരു തരം അച്ചായൻ സൈക്കോളജി ‘മഞ്ഞ മാധ്യമങ്ങൾ’ക്ക് നല്ല വളമാണ്. അതു കൊണ്ട് അവ തഴച്ചു വളരുകയും ചെയ്യുന്നു.

4. മാധ്യമ നയവൈകല്യം

രണ്ടാം വത്തിക്കാൻ കൗൺസിൽ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളെ കുറിച്ചൊക്കെ പ്രമാണരേഖകൾ ഇറക്കിയിട്ടുണ്ടങ്കിലും ഏട്ടിലെ പശു പുല്ല് തിന്നുന്നില്ല. സഭയ്ക്ക് ഇതുവരെ വ്യക്തമായ ഒരു മാധ്യമ നയം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. ശ്രമിച്ചിടത്തൊക്കെ വിശ്വാസികളുടെ നിസഹകരണം മൂലം പരാജയപ്പെടുകയും ചെയ്തു. ഇടയ്ക്കിടെ ICU-ൽ കയറുന്ന ഒരു പത്രമുത്തശ്ശി മാത്രമാണ് ഏക ആശ്രയം. അച്ചടിയുടെയും റേഡിയോയുടെയും കാലം മുതൽ തുടരുന്ന ‘ആദ്യം നിരോധിക്കുക പിന്നീട് അംഗീകരിക്കുക’ എന്ന നയം നിർത്തിവെച്ചങ്കിലും ഇന്റർനെറ്റിന്റെ കാലത്ത് മുമ്പേ ഓടാൻ സഭയ്ക്കു സാധിച്ചില്ല. ഇതു പ്രതിയോഗികൾക്ക് അവസരമായി.

5. മാധ്യമ മാൽസര്യം

ഒരു കാലത്ത് വാർത്തകൾ അനാകർഷകമായിരുന്നെങ്കിൽ, സ്വകാര്യ ചാനലുകളുടെ വരവോടെ അവ സിനിമകളെയും സീരിയലുകളെയുംകാൾ ആകർഷകമായി മാറി. ഇങ്ങനെ ഒരു അവസ്ഥ വന്നത് പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ടി മാധ്യമ രംഗത്തു നടക്കുന്ന കടുത്ത മത്സരം മൂലമാണ്. ബ്രേക്കിംഗ് ന്യൂസുകൾക്കും എക്സ്ക്ലുസീവുകൾക്കും വേണ്ടി നെട്ടോട്ടമോടുമ്പോൾ മൂല്യങ്ങളോ ധാർമ്മികതയോ മാനാഭിമാനങ്ങളോ ഒന്നും പ്രശ്നമാകുന്നില്ല. ‘നിലവാരം മഞ്ഞയിലേയ്ക്ക് താഴ്ത്താതെ മൽസര ലോകത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ല’ എന്ന അവസ്ഥ മാധ്യമങ്ങൾക്കു വന്നു ചേർന്നിരിക്കുന്നു.

6. സാമ്പത്തികം

പത്രങ്ങൾക്കും TV ചാനലുകൾക്കും പ്രവർത്തിക്കണമെങ്കിൽ ധാരാളം പണം വേണം. ഉദാ. ചാനലുകൾ എല്ലാമാസവും 50 ലക്ഷം രൂപ വീതം സാറ്റലൈറ്റുകൾക്ക് വാടക നൽകണം. പിന്നെ മറ്റു ചെലവുകൾ വേറെ. അതിനാൽ ‘സത്യമല്ല സമ്പത്താണ് പ്രധാനം’ എന്ന അവസ്ഥ വന്നിരിക്കുന്നു. ‘എന്തു മഞ്ഞപറഞ്ഞായാലും പരമാവധി പരസ്യ വരുമാനം നേടുക’ മാധ്യമങ്ങൾക്ക് ഒരു ആവശ്യമായി മാറുന്നു. ക്രെഡിബിലിറ്റി ഒരു പ്രശ്നമാകുന്നില്ല.

എന്നാൽ ‘ഓൺലൈൻ വാർത്ത ഏജൻസികൾ’ കാര്യമായ ചെലവൊന്നുമില്ലാതെ മികച്ച വരുമാനം ഉണ്ടാക്കാവുന്ന അവസരങ്ങളാണ്. കഞ്ചാവുകൃഷിയെയും കള്ളകടത്തിനെയുംകാൾ ലാഭകരവും എന്നാൽ യാതൊരു റിസ്ക്കും ഇല്ലാത്ത ബിസിനസാണിത്. നമ്മൾ ഓൺലൈനിൽ ഒരു വീഡിയോ കാണുമ്പോൾ ഒരോ അരസെക്കന്റിലും ഓരോ ബൈറ്റ് വച്ച് അവർക്കു ലഭിക്കുന്നു. 5-10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കാണുന്ന ഒരു വ്യക്തി ആതിന്റെ അപ്‌ലോഡർക്ക് നൽകുന്ന സാമ്പത്തിക ലാഭം എത്രയായിരിക്കുമെന്നു ചിന്തിക്കുക. ചില പ്രമുഖ ഓൺലൈൻ മഞ്ഞ ചാനലുകളുടെ ഒരു വീഡിയോയ്ക്ക് തന്നെ ലഭിക്കുന്നത് ഏകദേശം 3 ലക്ഷം രൂപയാണ്.

7. സ്ഥാപിത താൽപര്യങ്ങൾ

സഭയുടെ ശത്രുക്കളായ വർഗീയ രാഷ്ട്രീയശക്തികൾ, തീവ്രവാദികൾ, നിരീശ്വരവാദികൾ, മാവോയിസ്റ്റുകൾ, ബ്ലാക്മാസ് – സാത്താൻസേവക്കാർ, സഭയ്ക്കുള്ളിലെ അസംതൃപ്തർ തുടങ്ങി എല്ലാവരും കൂടി ഈ ആക്രമണങ്ങളിൽ പങ്കെടുക്കുന്നു. ഫ്രീ മേസൺ, ഇലുമിനാലിറ്റി തുടങ്ങിയ അന്താരാഷ്ട്ര രഹസ്യ സംഘടനകളുടെ പ്രവർത്തനങ്ങളും കേരളത്തിൽ സജീവമാണ്. ഇവയെല്ലാം മാധ്യമങ്ങളെ തങ്ങളുടെ ‘ഹിഡൻ അജണ്ടകൾ’ നടപ്പിലാക്കാൻ ദുരുപയോഗിക്കുന്നു. ചില മാധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ അവയുടെ പ്രവർത്തന ശൈലികളിൽ നിന്ന് തന്നെ വ്യക്തമാണ്. ഏതാനും ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

a. ഒരു ഭരണപക്ഷ എം.പി. നേരിട്ടു നടത്തി, ഒരു ഭൂഖണ്ഡത്തിനു തന്നെ ദുഷ്പേരു വരുത്തി വയ്ക്കുന്ന ചാനൽ തികച്ചും വർഗ്ഗീയ പ്രേരിതമായിട്ടാണ് ക്രൈസ്തവ വിരുദ്ധത സംസാരിക്കുന്നത്.

b. മറ്റൊരണ്ണം സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭവമായിരുന്നെങ്കിലും ഇപ്പോൾ വർഗ്ഗീയ വിഷം വിളയുന്ന മരുഭൂമിയായി മാറിയിരിക്കുന്നു.

c. ഏതാനം ‘ചില അച്ചായൻമാരുടെ സ്വന്തം എന്നു മറ്റുള്ളവർ പറയുന്ന’ ബിസിനസ് നിലപാടുകൾ മാത്രമുള്ള ഒരു ന്യൂസ് ഏജൻസിയുടെ മനസിനെ മരവിപ്പികുന്ന പിന്നാമ്പുറ കഥകൾ അറിയണമെങ്കിൽ – കൊച്ചിയിലെ റൗണ്ട്‌ ടേബിൾ പബ്ലിക്കേഷൻസ് 1989-ൽ പ്രസിദ്ധീകരിച്ച “വിഷ വൃക്ഷത്തിന്റെ അടിവേരുകളും തേടി” എന്ന പുസ്തകം വായിക്കണം (ഇതു ദേശാഭിമാനി പത്രത്തിൽ 1988 ഒക്ടോബർ 17 -31 തീയതികളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.)

d. ‘തീവ്രവാദികളുടെ താടി തലോടുകയാണ് ഒന്നാംതരം മാധ്യമ പ്രവർത്തനം’ എന്നു കരുതുന്ന ഒരു പത്രവും ചാനലും ഇവിടെ തന്നെയുണ്ട്.

ഇനിയുള്ള ചവറുകളെക്കുറിച്ച് വിവരിക്കാൻ നിന്നാൽ അവർ എന്തൊക്കെയോ ആണെന്ന് അവരുതന്നെ ചിന്തിച്ചു വശംകെടാൻ സാധ്യതയുണ്ട്.

8. അതിരില്ലാത്ത സ്വാതന്ത്ര്യം

‘ആർക്കും ജേർണലിസ്റ്റ് ആകാവുന്ന സോഷ്യൽ മീഡിയ’ എല്ലാ രാജ്യങ്ങളുടെയും അതിരുകളെ ലംഘികുന്നതു കൊണ്ട് എല്ലാവർക്കും സർവ്വ സ്വാതന്ത്ര്യമാണ്. രാജ്യങ്ങൾ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടങ്കിലും അവയെല്ലാം അപര്യാപ്തങ്ങളാണ്. ആർക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും ആരെയും അപകീർത്തിപ്പെടുത്താവുന്ന വിധത്തിൽ വിഡിയോകളോ പോസ്റ്റുകളോ കമന്റുകളോ എന്തു വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം. കേരളത്തിൽ ഒരാൾ പരാതി കൊടുത്താൽ കേരളാ പോലീസ് ഡൽഹിയിൽ എംബസിയുമായി ബന്ധപ്പെട്ട്, തുടർന്ന് എതിർകക്ഷിയുടെ രാജ്യത്തെ എംബസിയെ സമീപിച്ച് വേണം നിയമ നടപടികൾ സ്വീകരിക്കാൻ. അതിന് കാലതാമസം എടുക്കുമെന്നതിനാലും ബുദ്ധിമുട്ടേറിയ കാര്യമായതിനാലും പലരും അതിനായി മെനക്കെടാറില്ല. ഈ സാഹചര്യം ദുരുപയോഗിച്ചുകൊണ്ടാണ് പല ഓൺലൈൻ പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത്. ‘വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം’ ഇന്ത്യയിൽ ആരെ അപകീർത്തിപ്പെടുത്തിയാലും നുണ പറഞ്ഞു പരത്തിയാലും നിയമം വെറും നോക്കുകുത്തിയായിരിക്കും.

“അറുകാടൻ കൊലയാളി, ദുർവാശി അബദ്ധം, മാമാ ന്യൂസ്” തുടങ്ങിയവ ആധുനിക കാലത്തെ ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങളിലെ ജീർണ്ണതകൾക്ക് ഉത്തമ ഉദാഹരങ്ങളാണ്.

‘താൻ ആലഞ്ചേരി പിതാവിന്റെ അടുത്ത ബന്ധുവാണെന്നും തന്റെത് സീറോ മലബാർ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഗ്രൂപ്പാണ്’ എന്നും ആളുകളെ തെറ്റുധരിപ്പിച്ച് അറുപതിനായിരത്തിലധികം ഫോളോവേഴ്സിനെ നേടിയ ശേഷം സ്വന്തം ഓൺലൈൻ പത്രത്തിന്റെ വാർത്തകൾ അതിൽ പ്രസിദ്ധീകരിച്ച് സഭാ വിരുദ്ധ നിലപാടുകളിലൂടെ കഞ്ഞി കുടിച്ച് പോകുന്ന തന്ത്രശാലിയും ഇവിടെയുണ്ട്.
സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ ഐഎസുകാരോട് ഇവരെ വേണമെങ്കിൽ ഉപമിക്കാം. കാരണം, സെബസത്യാനോസ് പുണ്യാളച്ചനു നേരെ അമ്പെയ്തതുപോലെ തന്നെയാണ് ഇവർ ഇന്നും സഭാ മാതാവിനു നേരെ ക്രൂരമ്പുകൾ തൊടുക്കുന്നത്.

9. മുഖം മറയ്ക്കാവുന്ന മുഖ പുസ്തകം

‘ഫെയ്സ് ബുക്ക് ഇന്ന് സഭാ വിരുദ്ധരുടെ ഒരു ഒളിത്താവളമാണ്’. ഫെയ്ക്ക് ഐഡികളിലൂടെ പോസ്റ്റുകളും കമന്റുകളുമായി അവർ നിരന്തരം സഭയെ ആക്രമിക്കുന്നു. ക്രിസ്ത്യൻ പേരുകളിലുള്ള ഐഡികൾ പലപ്പോഴും ഏതെങ്കിലും ഇതര മത സഭാ വിരുദ്ധരുടെതായിരിക്കും. പക്ഷേ ഇത് പൊതുസമൂഹത്തിൽ ക്രൈസ്തവർ പലരും സഭയ്ക്ക് എതിരാണ് എന്ന ധാരണ പരത്തുന്നു.

വിശ്വാസികൾ ചെയ്യേണ്ടത്

1. ആശയടക്കുക

പലപ്പോഴും ആകർഷകവും ജിജ്ഞാസ ജനിപ്പിക്കുന്നതുമായ ഹെഡിംഗുകളിലൂടെയായിരിക്കും ഓൺലൈൻ മാധ്യമങ്ങൾ വീഡിയോകളും മറ്റ് പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുന്നത്. ഇവിടെ ‘യൂട്യൂബിലും മറ്റുമുള്ള ഓരോ ക്ലിക്കും അവർക്ക് സാമ്പത്തിക ലാഭം നേടികൊടുക്കും’ എന്ന ചിന്തയോടെ നമ്മുടെ കൗതുകങ്ങളെ അടക്കി വയ്ക്കുക. ആശയടക്കം ഒരു മൗലീക പുണ്യമാണല്ലോ.

2. സഭാനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുക

ലൈഫ്ഡേ, പ്രവാചക ശബ്ദം, കാത്തലിക് വോക്‌സ്, കാവൽ ഗോപുരം, തുടങ്ങിയ സഭാ ആനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും സഭയ്ക്ക് അനുകൂലമായ പോസ്റ്റുകൾ ഫെയ്സ് ബുക്കിലും വാട്ട്സാപ്പിലും പരമാവധി ഷെയർ ചെയ്യുകയും ചെയ്യുക. ദീപികയുടെ വരിക്കാരാവുക, ദീപികയുടെ
ഓൺലൈൻ പ്രചരിപ്പിക്കുക.

3. പ്രതികരിക്കുക

സഭാ വിരുദ്ധ പോസ്റ്റുകളോട് നിസംഗത പാലിക്കാതെ രൂക്ഷമായി പ്രതികരിക്കുക. സഭാനുകൂല പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുക. ഇവയെ വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ഒരു പ്രേഷിത പ്രവർത്തനമായി കാണുക.

4. വിവേചനശക്തി ഉണ്ടാവുക

സഭാ വിരുദ്ധ നിലപാടുകളെ മനസിലാക്കുക. കിട്ടുന്നതെല്ലാം അതേപടി വിഴുങ്ങാതെ വിഷമാണോ എന്നു പരിശോധിക്കുക.

ഉപസംഹാരം

ഇരുളിന്റെ മക്കൾ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാകയാൽ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker