Kerala

ദേവാലയങ്ങളിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ശില്പി കോട്ടൂർ രഘുവിന് നാട്ടുകാരുടെ ആദരം

ദേവാലയങ്ങളിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ശില്പി കോട്ടൂർ രഘുവിന് നാട്ടുകാരുടെ ആദരം

സ്വന്തം ലേഖകൻ

ആര്യനാട്: ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ശില്പി കോട്ടൂർ രഘുവിന് നാട്ടുകാരുടെ കൂട്ടായ്മയിൽ പ്രദർശനം ഒരുക്കി. കുറ്റിച്ചൽ ആർ.കെ.ഓഡിറ്റോറിയത്തിൽ  രഘുവിന് നാടു നല്‍കുന്ന ആദരവായാണ്   കോട്ടൂരിലെ  നാട്ടുകാരും ഫേസ്ബുക്ക് കൂട്ടായ്മയും ചേര്‍ന്ന് പ്രദര്‍ശനം ഒരുക്കിയത്. ചിത്രപ്രദര്‍ശനം നെയ്യാര്‍ ഡാം എസ്.ഐ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. രഘുവിന്റെ സുഹൃത്തുക്കളും ഫേസ് ബുക്ക് കൂട്ടായ്മയിലെ പ്രവര്‍ത്തകരും ഉദ്‌ഘാടന ചടങ്ങില്‍ സംസാരിച്ചു.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും വരയോടുള്ള സ്നേഹവും ആദരവും ഒരിക്കലും ഒരു കണികപോലും രഘുവിൽ നിന്ന് അറ്റുപോയില്ല. തന്റെ ജീവിത നിയോഗമാണ് ജീവനും തുടിപ്പും നൽകുന്ന ചിത്രങ്ങളുടെയും ശില്പങ്ങളുടെയും നിർമ്മാണമെന്ന് ജീവിതത്തിന്റെ കുഞ്ഞുന്നാളിലേ മനസിലാക്കിയിരുന്നു രഘു. അതുകൊണ്ടു തന്നെയാണ് ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടും തന്റെ ജീവിത നിയോഗത്തോട് ഒട്ടും തന്നെ അകൽച്ച തോന്നാത്തത്.

ആയിരക്കണക്കിന് ചിത്രങ്ങൾക്ക് രഘു ജീവൻ കൊടുത്തിട്ടുണ്ട്. അതിൽ പ്രസിദ്ധമായ രാജ രവിവർമ്മ ചിത്രങ്ങൾ തുടങ്ങി തന്റെ തന്നെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ വരെയുണ്ട്. ശില്പങ്ങളിൽ പ്രസിദ്ധമായ മൈക്കിൾ ആഞ്ചെലോയുടെ പിയാത്ത മുതലുള്ളവയുണ്ട്. ശില്പനിർമാണത്തിലും രഘുവിന് വലിയ പ്രത്യേകതയുണ്ട്, അതായത് ജീവന്റെ തുടിപ്പുള്ള അനുഭവം നല്കുന്നവയാണവ.

ചുരുക്കത്തിൽ, മനസ്സില്‍ പതിയുന്ന എന്തും വാട്ടര്‍, ഓയില്‍, അക്കര്‍ലിക്ക് പെയിന്‍റുകളിലൂടെ കാന്‍വാസില്‍ ജീവന്‍ തുടിക്കുന്നവയാക്കാന്‍ കഴിയുന്ന അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. തയ്യല്‍ കടയില്‍ നിന്നും കളയുന്ന പാഴ്തുണി കൊണ്ട് കാന്‍വാസില്‍ അബ്ദുല്‍ കലാമിന്റെ ഉള്‍പ്പടെ ചെയ്ത രൂപങ്ങള്‍ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു.

കേരളത്തിൽ പലയിടത്തും, പ്രത്യേകിച്ച് നെയ്യാറ്റിൻകര രൂപതയിൽ ധാരാളം ദേവാലയങ്ങളിൽ അദ്ദേഹം വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങളുണ്ട്, ജീവനോടെ വിശ്വാസികളോട് സംവദിക്കുന്ന ശില്പങ്ങളുണ്ട്. ഉദാഹരണമായി കൊണ്ണിയൂർ അമ്മത്രേസ്യ ദേവാലയത്തിലെ എല്ലാ ചിത്രങ്ങളുടെയും ചുമരിൽ പതിച്ചിരിക്കുന്ന ശില്പങ്ങളുടെയും സൃഷി കോട്ടൂർ രഘുവാണ്. അതുപോലെ തന്നെ ബാലരാമപുരത്തിനടുത്തുള്ള കല്ലമ്പലം പള്ളിയിലും, പേയാടിന്റെ സബ്സ്റേഷൻ ദേവാലയമായ മൂലത്തോപ്പ് വി.യൂദാതദേവൂസ് പള്ളിയിലും നിർമ്മിച്ചിരിക്കുന്ന പടുകൂറ്റൻ പിയാത്തയുടെ ശില്പിയും കോട്ടൂർ രഘുതന്നെയാണ്.

വളരെ ചെറുപ്പത്തിലേ പരസ്യ കമ്പനിയിൽ ജോലിയ്ക്ക് പ്രവേശിച്ചു, തുടർന്ന് വിദേശത്തുപോയി, പക്ഷെ പലതുകൊണ്ടും ഒന്നിനോടും താദാദ്മ്യം പ്രാപിക്കുവാൻ രഘുവിന് കഴിഞ്ഞില്ല. കാരണം, അദ്ദേഹത്തിന് ആ മഹത്വമേറിയ നിയോഗത്തോടുള്ള ആത്മാർത്ഥത ആയിരുന്നിരിക്കണം. “നിയോഗം” എന്ന പദത്തിന്റെ പ്രയോഗം മറ്റൊന്നുംകൊണ്ടല്ല, രഘു ഒരിക്കലും പണത്തോട് ആഗ്രഹം കാണിക്കാറില്ല. ചെയ്യുന്ന ജോലിക്ക് മിതമായ കൂലി മാത്രം ആഗ്രഹിക്കുന്ന ശൈലി അദ്ദേഹത്തിനുണ്ട്. അതിന് കാരണം, അദ്ദേഹം ഇത് ഒരു തൊഴിലായല്ല കണ്ടിരിക്കുന്നത് മറിച്ച് ജീവിത നിയോഗമായിട്ടാണ് എന്നുള്ളതാണ്.

വൈകുന്നേരം, ചിത്രപ്രദർശന സമാപന സമ്മേളന ഉത്ഘാടനം, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീ. ജി. മണികണ്ഠൻ നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ വച്ച് ചിത്രരചന മൽസരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന്, വിവിധ കലാപരിപാടികളോട് കൂടിയാണ് ചിത്ര പ്രദർശനം ദിനത്തിന് തിരശീല വീണത്.

കോട്ടൂർ രഘുവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പ്രയത്നിച്ച നാട്ടുകാർ അഭിനന്ദനം അർഹിക്കുന്നു. തന്റെ കലയുടെ മികവിനെ നിയോഗമായി കണ്ട് മുന്നോട്ട് പോകുന്ന കോട്ടൂർ രഘുവിന് വരും നാളുകൾ നന്മയുടേത് ആയിരിക്കട്ടെ എന്ന് ആശംസിക്കാം. ഇനിയും കൂടുതൽ പേർക്ക് കോട്ടൂർ രഘുവിന്റെ വരയിലെയും ശില്പനിർമ്മാണത്തിലെയും ജീവസ് ധ്യാനിക്കുവാനും ആസ്വദിക്കുവാനും സാധിക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker