Kerala

ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച “വളളംവര”യും “കട്ടമര കവിയരങ്ങ്”ശ്രദ്ധേയമായി

ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച "വളളംവര"യും "കട്ടമര കവിയരങ്ങ്" ശ്രദ്ധേയമായി

ഫാ. ദീപക് ആന്റോ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി, ഓഖി ദുരന്തത്തിന്റെ വാര്ഷികത്തോടും കൂടി അനുബന്ധിച്ച് ശംഖുമുഖം തീരത്ത് സംഘടിപ്പിച്ച “വളളംവര”യും “കട്ടമര കവിയരങ്ങ്”ഉം ശ്രദ്ധേയമായി. ഇന്നലെ വൈകുന്നേരം 5 മണിയ്ക്കാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതാ മീഡിയകമ്മീഷനും കെ.സി.വൈ.എം. ഉം ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചത്.

വളളംവരയുടെ ഉദ്‌ഘാടനം പ്രശസ്ത ചിത്രകാരൻ ശ്രീ. കാട്ടൂർ നാരായണപിളളയും, കട്ടമര കവിയരങ്ങിന്റെ ഉദ്‌ഘാടനം ഫാ. പോൾ സണ്ണിയും നിർവഹിച്ചു. പ്രകൃതിയുടെ നിറച്ചാർത്താണ് കടൽ. ആ കടലിന്റെ തീരത്ത് തീരദേശ കലാകാരന്മാർ ഇത്തരത്തിൽ നൂതനമായ രീതിയിൽ കലാസൃഷ്ടി നടത്തുന്നത് പ്രതീക്ഷാവഹമായ കാര്യമാണെന്ന് ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ശ്രീ. കാട്ടൂർ നാരായണപിളള പറഞ്ഞു.

തീരത്തിന്റെ അതിജീവനവും കടലിന്റെ സംരക്ഷണവും തീരദേശ വാസികളുടെ സുരക്ഷിതത്വവും നിർവ്വഹിക്കപ്പെടേണ്ടതാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഇത്തരം കലാസൃഷ്ടികൾ നൽകുന്നതെന്ന് തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ദീപക് ആന്റോ പറഞ്ഞു. പേട്ട ഫൊറോന വികാരി റവ.ഫാ. പങ്കരേഷ്സ് ആശംസകളർപ്പിച്ചു സംസാരിച്ചു.

തുടർന്ന്, “വളളംവരയ്ക്ക്” കടൽതീരത്ത് അണിനിരത്തിയ വളളത്തിൽ ഓഖി ചുഴലിക്കാറ്റിന്റെ അതിഭീകരതകളും പ്രളയത്തിന്റെ ദുരന്ത കാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവർത്തനങ്ങളും തീരദേശത്തെ ചിത്രകാരന്മാർ വരച്ചു. ഓഖി ദുരന്തത്തിന്റെ 1-ാം വാർഷികത്തിൽ കടലാഴങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കുളള ചിത്രാഞ്ജലിയായിരുന്നു വളളത്തിന്റെ ഒരു വശത്ത് വരച്ച കൊളാഷ്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയമുഖത്ത് വളളങ്ങളുമായി ചെന്ന് സഹോദരങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു വളളത്തിന്റെ മറുവശത്ത്.

ജീവൻ നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും ഈ ചിത്രകഥ നൂറുകണക്കിന് സന്ദർശകരെ ആകർഷിച്ചു. ചിത്രം വരയെ കൈയ്യടിയോടുകൂടിയാണ് ആസ്വാധകർ പ്രോത്സാഹിപ്പിച്ചത്. പ്രശസ്ത ചിത്രകാരനും ദേവാലയ അൾത്താര ചുമർ ചിത്രകാരനുമായ ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തിൽ 10 ഓളം ചിത്രകാരന്മാരാണ് വളളംവരയ്ക്ക് നേതൃത്വം നൽകിയത്. ചിത്രം വര കാണാനെത്തിയവരിൽ നിന്നുളള കലാകാരന്മാരും ചിത്രം വരയിൽ പങ്കെടുത്തു.

തുടർന്ന്, 15 പ്രശസ്ത കവികൾ പങ്കെടുത്ത “കട്ടമര കവിയരങ്ങ്” നടന്നു. പരമ്പരാഗത ശൈലിയിൽ കട്ടമരത്തിലൊരുക്കിയ വേദിയിൽ ഇരുന്ന് കവികൾ കവിതകൾ ചൊല്ലി. ‘ചുഴലിക്കണ്ണ്’ എന്ന കവിത ചൊല്ലിക്കൊണ്ടായിരുന്നു പ്രശസ്ത കവി ഫാ. പോൾ സണ്ണിയാണ് കട്ടമര കവിയരങ്ങ് ഉത്ഘാടനം ചെയ്തത്. തീരത്തിന്റെ പ്രശാന്ധതയിൽ കവിതകളുടെ ഹൃദ്യമായ ആലാപനങ്ങൾ ശംഖുമുഖം തീരത്തെത്തിയ സന്ദർശകരെയും കവിതാസ്വാദകരെയും ഏറെ ആകർഷിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker