Articles

സന്യാസിനികളെക്കുറിച്ച് ഒരു വൈദീക വിദ്യാർത്ഥിയുടെ ചില ആത്മീയ വിചാരങ്ങൾ

സന്യാസിനികളെക്കുറിച്ച് ഒരു വൈദീക വിദ്യാർത്ഥിയുടെ ചില ആത്മീയ വിചാരങ്ങൾ

ബ്രദർ ജോസഫ് മണർകാട്ട്

പ്രിയ അമ്മമാരേ…

“ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്?” (മർക്കോ.14: 15) എന്ന ചരിത്രപരമായ ആവലാതി ആവർത്തിക്കപ്പെടുന്ന ഒരു കാലമാണിത്. തിരുസഭയിലെ സന്ന്യാസിനികളെക്കുറിച്ച്, അവർ തങ്ങളുടെ ഊഷ്മളമായ യുവത്വം ആവൃതിക്കുള്ളിൽ പാഴാക്കി, സ്വയം അടിമകളായി തീർന്ന മണ്ടത്തരത്തെ ഓർത്ത് വിലപിക്കുന്നവരുടെ കാലമാണിത്. എന്നാൽ തിരുസഭ മുഴുവനെയും സുഗന്ധപൂരിതമാക്കുന്ന ‘വിലയേറിയതും ശുദ്ധവുമായ’ നാർദ്ദിൻ തൈലമാണ് സന്ന്യാസം. (cf., യോഹ. 12: 3). സുഗന്ധത്തെ ദുർഗന്ധമായി തെറ്റിദ്ധരിപ്പിക്കാനുള്ള പരിശ്രമങ്ങൾക്കു നടുവിലാണ് സന്ന്യാസിനികളുടെ, തിരുസഭയിലെ അമ്മമാരുടെ, സ്വത്വാന്വേഷണത്തിന്റെ സാംഗത്യം.

? പ്രിയ അമ്മമാരേ, ദൈവതിരുമനസ്സിന് സ്വാതന്ത്ര്യത്തോടെ ‘ഫിയാത്ത്’ പറഞ്ഞ മറിയമാണ് നിങ്ങൾ. ലോകസമക്ഷം ഭോഷത്തമായതിന്, ദൈവകൃപയോട് സഹകരിച്ച് ‘ഫിയാത്ത്’ പറഞ്ഞ നിങ്ങൾ, അനുസരണത്തിന്റെ ‘അതെ’ കൊണ്ട് സ്ത്രീത്വത്തിന്റെ അന്തസ്സു വർദ്ധിപ്പിച്ച മംഗലവാർത്തയുടെ സ്ത്രീകളാണ്.

? പ്രിയ അമ്മമാരേ, ദൈവതിരുകുമാരനു വാസസ്ഥലമാകാൻ ഉദരം ഒരുക്കിയ മറിയമാണ് നിങ്ങൾ. വിരികൾ കൊണ്ട് ബലിപീഠം ഒരുക്കി, പൂക്കൾ കൊണ്ട് അൾത്താര അലങ്കരിച്ച് വിശുദ്ധ കുർബ്ബാനയിൽ ഈശോയ്ക്കു പിറക്കാൻ അതിവിശുദ്ധയിടം സജ്ജമാക്കുന്ന നിങ്ങൾ സ്വന്തം ഉദരം ആദ്യ അൾത്താരയാക്കിയ മറിയമാണ്.

? പ്രിയ അമ്മമാരേ, ഈശോയെ ഉദരത്തിൽ വഹിച്ച് ചാർച്ചക്കാരിയായ ഏലിശ്വാമ്മയുടെ ഭവനത്തിലേക്ക് തിടുക്കത്തിൽ യാത്ര ചെയ്ത മറിയമാണ് നിങ്ങൾ. (cf., ലൂക്കാ 1: 39). ക്രിസ്തുസാന്നിദ്ധ്യത്താൽ ഏലിശ്വായുടെ ഉദരത്തിൽ സംഭവിച്ച ‘സുവിശേഷത്തിന്റെ ആനന്ദം’ ഇന്നും കുടുംബങ്ങളിൽ നിലനില്ക്കാൻ നിങ്ങളുടെ കുടുംബപ്രേഷിതത്വം കാരണമാകുന്നുണ്ട്.

? പ്രിയ അമ്മമാരേ, വിദേശത്തും വിജാതീയരുടെയിടയിലും ക്രിസ്തുസാന്നിദ്ധ്യമാകുന്ന നിങ്ങൾ, ഉണ്ണീയിശോയുമായി ഈജ്പ്തിലേക്ക് പലായനം ചെയ്ത മറിയമാണ്.(cf., മത്താ. 2: 13).

? പ്രിയ അമ്മമാരേ, ഈശോ പറഞ്ഞ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച മറിയമാണ് നിങ്ങൾ.(cf., ലൂക്കാ2: 51). ദൈവവചനത്തിന്റെ നൈരന്തര്യമായ ധ്യാനം കൊണ്ട് ദൈവശാസ്ത്രത്തിന് തേജസ്സ് പകരുന്നവരാണ് നിങ്ങൾ. ദൈവവചനത്തെ യാമങ്ങൾതോറും ആരാധിക്കുന്ന നിങ്ങൾ തിരുസഭയുടെ power stations ആണ്. ആരാധനക്രമത്തിന്റെ അനിതരസാധാരണമായ ആഘോഷംകൊണ്ട് ഓരോ വ്യക്തിസഭയുടെയും ആരാധനസമ്പത്തിന്റെ നിലവറയാണ് നിങ്ങൾ.

? പ്രിയ അമ്മമാരേ, ഉണ്ണീശോയെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാൻ സഹായിച്ച മറിയമാണ് നിങ്ങൾ.(cf., ലൂക്കാ 2: 52). വിദ്യാലയങ്ങളിലാകട്ടെ മതബോധനക്ലാസ്സുകളിലാകട്ടെ, പകരം വയ്ക്കാനാവാത്ത വിധം, കുഞ്ഞുമനസ്സുകളിൽ ഈശോയെ ജനിപ്പിക്കാൻ ഈറ്റുനോവ് അനുഭവിക്കുന്ന അമ്മമാരാണ് നിങ്ങൾ.(cf., ഗലാ. 4: 19).

? പ്രിയ അമ്മമാരേ, നിങ്ങൾ കാനായിലെ മാതൃസാന്നിദ്ധ്യമാണ്, കാൽവരിയിലെ അമ്മയാണ്.(cf., യോഹ. 2: 1-12; 20: 25). കാനായിൽ സമാരംഭിച്ച് കാൽവരിയിൽ പൂർത്തികരിക്കപ്പെട്ട ദിവ്യബലിയർപ്പണത്തിൽ പ്രാർത്ഥനയോടെ ശക്തിപകർന്ന മറിയമാണ് നിങ്ങൾ. ‘അവർക്കു വീഞ്ഞില്ല’ എന്ന മാനവരക്ഷയെ പ്രതിയുള്ള ആവലാതിയാണ് നിങ്ങളെ രക്ഷകന്റെ സ്ത്രീകളാക്കുന്നത്. മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുവേണ്ടി വിരിച്ച കരങ്ങൾ താഴാതിരിക്കാൻ പുരോഹിതരെ നിരന്തരം പ്രാർത്ഥനക്കൊണ്ട് ശക്തിപ്പെടുത്തുന്ന ശക്തിയുടെ സ്ത്രീകളാണ് നിങ്ങൾ. ഇതുകൊണ്ട് തന്നെയാണ്, അച്ചന്മാരെയും സിസ്റ്റേഴ്സിനെയും വിരുദ്ധദ്രുവങ്ങളിൽ നിർത്താൻ പിശാച് നിരന്തരമായി പരിശ്രമിക്കുന്നതും.

? പ്രിയ അമ്മമാരേ, തന്റെ മാദ്ധ്യസ്ഥ്യം കൊണ്ട്, റൂഹായുടെ ആഗമനത്തിനായി തിരുസഭയെ ഒരുക്കിയ മറിയമാണ് നിങ്ങൾ.(cf., Pius XII, Mystici Corporis, 29,June 1943). റൂഹായിൽ നിറഞ്ഞ് ലോകാതിർത്തികൾ വരെയുള്ള സുവിശേഷ പ്രഘോഷണത്തിന് ശ്ലീഹന്മാരെ ശക്തരാക്കിയ മറിയത്തെപ്പോലെ, ആവൃതിയുടെ പരിമിതിയെ മദ്ധ്യസ്ഥപ്രാർത്ഥനയാൽ ലോകത്തിന്റെ അതിർത്തികൾവരെ വിസ്തൃതമാക്കുന്ന സുവിശേഷത്തിന്റെ പ്രേഷിതരാണ് നിങ്ങൾ.

? പ്രിയ അമ്മമാരേ, പിശാചിന്റെ തലയെ തകർക്കുന്ന മറിയമാണ് നിങ്ങൾ. (cf., ഉൽപത്തി 3: 15; വെളിപാട് 12: 17). സഭാവിരുദ്ധ പഠനങ്ങളെ സുദൃഢമായ സഭാവിജ്ഞാനീയം കൊണ്ട് നിരന്തരം പ്രതിരോധിക്കുന്ന തിരുസഭയുടെ പ്രബലരായ സ്ത്രീകളാണ് നിങ്ങൾ.

പ്രിയ അമ്മമാരേ, സന്ന്യാസത്തിന്റെ സ്വത്വം നിങ്ങൾ കണ്ടെത്തിയത് കുരിശിലാണ്; മിശിഹായുടെ സ്നേഹത്തിലാണ്. നിത്യജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിൽ സന്ന്യാസജീവിതം വ്യർത്ഥമത്രേ. ലോകത്തിന്റെ വ്യാകരണം കൊണ്ട് സന്ന്യാസത്തെ നിർവചിക്കാൻ ശ്രമിക്കുന്നത് തികച്ചും പരാജയമാണ്. കാരണം സന്ന്യാസത്തിന്റെ കേന്ദ്രം മിശിഹായാണ്. മിശിഹായെ കേന്ദ്രസ്ഥാനത്ത് നിന്ന് മാറ്റി സ്വയം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുമ്പോളാണ് സന്ന്യാസസമൂഹജീവിതം ദുഷ്കരമാകുന്നത്. ‘ആവശ്യമുള്ള ഒന്നുമാത്രം’ (Unum est necessarium), ആ നല്ല ഭാഗം മാത്രം തിരഞ്ഞെടുത്തവളാണ് സന്യാസിനി. (cf., ലൂക്കാ 10: 42). ആ ആവശ്യമുള്ള ഒന്ന് ഈശോയാണ്. ഈശോ കേന്ദ്രത്തിൽ വരുമ്പോളാണ് സന്ന്യാസസമൂഹജീവിതം താളാത്മകമാകുന്നത്. അല്ലാത്തപക്ഷം അത് അനേകം പിശാചുക്കൾ (ലെഗിയോൺ) ഒരുവനിൽ പ്രവേശിച്ചതുപോലെ (cf., ലൂക്കാ 8: 30) ഭിന്നിപ്പിന്റെ സ്വരം കേൾപ്പിക്കും. കാരണം ഭിന്നത പിശാചിന്റെ തന്ത്രമാണ്. (cf., Bp. Robert Barron, https://youtu.be/_EU-lAFC2eo). ഇവിടെയാണ് ഈശോയുടെ മുഖം നിരന്തരം ധ്യാനിച്ച പരിശുദ്ധ കന്യാമറിയം (John Paul II, Rosarium Virginis Mariae, 10, Oct. 16, 2002) സന്ന്യാസിനികളുടെ അമ്മയാകുന്നത്.

തിരുസഭയുടെ മാതൃഭാവമാണ് സന്ന്യാസിനികൾ. പ്രിയ അമ്മമാരേ, you are the Marian face of the Church. പ്രിയ കുഞ്ഞനുജത്തിമാരേ, കൂട്ടുകാരികളേ, ഒരു കന്യാസ്ത്രീയാകാൻ നിങ്ങൾ വിളിക്കപ്പെടുന്നെങ്കിൽ ഭയപ്പെടേണ്ട; കാരണം മറിയമാകാനാണ് നിങ്ങൾ വിളിക്കപ്പെടുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker