Kazhchayum Ulkkazchayum

സ്നേഹത്തഴമ്പ്

സ്നേഹത്തഴമ്പ്

ഫാ. ജോസഫ് പാറാങ്കുഴി

പ്രിയരേ…
ധാരമുറിയാത്ത സ്നേഹം നിരന്തരം കൈകാര്യം ചെയ്യുന്നതിലൂടെ കൈവരിക്കുന്ന അമൂല്യ നിധിയാണ് “സ്നേഹത്തഴമ്പ്”. മാതാപിതാക്കള്‍ സ്നേഹത്തഴമ്പ് കൈകളിലും മനസ്സിലും ഹൃദയത്തിലും ഏറ്റുവാങ്ങിയവരാണ്…! മക്കള്‍ക്കു വേണ്ടി സ്വയം വ്യയം ചെയ്യുന്നതിലൂടെ സ്നേഹത്തഴമ്പിന്‍റെ ആഴവും പരപ്പും വീതിയും നീളവും വലുതാകും…!

ഇവിടെ പ്രതിജ്ഞാ ബദ്ധമായ മനസ്സും മനോഭാവവും ചെയ്തികളും പരസ്പര പൂരകമാകണം. ഹൃദയാര്‍ദ്രതയും കാരുണ്യവും ക്ഷമയും കരുതലും എപ്പോഴും കൈമുതലായി, മൂലധനമായി, കരുതല്‍ ധനമായി കരുതി വയ്ക്കണം. പ്രതിഫലേച്ഛ കൂടാതെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് സ്നേഹത്തഴമ്പ് പ്രഫുല്ലമാകുന്നത്…

സ്നേഹത്തഴമ്പിന് ബാഹ്യവും ആന്തരീകവും അതിസ്വാഭാവികവുമായ മൂന്ന് തലങ്ങളുണ്ട്… നിതാന്ത ജാഗ്രതയോടെ പരിപോഷിപ്പിച്ചാല്‍ മാത്രമേ ഉന്നം വയ്ക്കുന്ന ഉദാത്തമായ ലക്ഷ്യം സ്വായത്തമാക്കാന്‍ കഴിയുകയുളളൂ. ഉദാഹരിക്കുകയാണെങ്കില്‍ കുടുംബം പോറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കരങ്ങള്‍ പിടിച്ചു നോക്കിയാല്‍, പാദങ്ങള്‍ തൊട്ടുനോക്കിയാല്‍ തഴമ്പ് കാണാന്‍ കഴിയും… അത് ബാഹ്യമായ സ്നേഹത്തഴമ്പാണ്…

പരുക്കന്‍ കൈത്തലങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ മക്കളെ തലോടുമ്പോള്‍ അവരില്‍ രോമാഞ്ചമുണ്ടാകും… അതാണ് സ്നേഹത്തഴമ്പ്…

ആന്തരീകമായ സ്നേഹത്തഴമ്പിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കാന്‍, സ്വയം കീഴടക്കാന്‍, വിട്ടുകൊടുക്കാന്‍, പൊറുക്കുവാന്‍ കഴിയുമ്പോള്‍… ഹൃദയാഹ്ളാദം ഉണര്‍ത്തുന്ന ഒരു ഉണര്‍ത്തുപാട്ടായിട്ട് മാറും.

ബന്ധങ്ങളെ മുറിപ്പെടുത്താതെ, ഇഴമുറിയാതെ, ബലപ്പെടുത്തിയെടുക്കുന്നതാണ് ആന്തരികമായ സ്നേഹത്തഴമ്പ്… അത് അനാവരണം ചെയ്യുമ്പോള്‍ ലോകം വിസ്മയം കൊളളും… കണ്ടുനില്‍ക്കുന്നവര്‍ ഒരു വേള നിലവിളിച്ചെന്ന് വരും… ചിലര്‍ പ്രാര്‍ഥനാ പൂര്‍വം നമ്രശിരസ്കരായി പ്രണമിച്ചെന്നും വരും…

ആകര്‍ഷണ വികര്‍ഷണ നിയമങ്ങളെ അതിലംഘിക്കുന്ന, ജ്വലിക്കുന്ന ഒരു മാസ്മരികത, ഒരു വശീകരണ ശക്തി ഉദയം ചെയ്യും… അപ്പോള്‍ മൗനം വാചാലമാകും… അനുഭൂതികള്‍ അവാച്യമാകും… വര്‍ണനാതീതമായ സായൂജ്യം, നിര്‍വൃതി നമ്മെ വാരിപ്പുണരും…

യേശുവിന് ചൂണ്ടിക്കാണിക്കുവാന്‍ സ്നേഹത്തഴമ്പുണ്ടായിരുന്നു… അഞ്ച് തിരുമുറുവുകള്‍…! തോമസ് അപ്പസ്തോലന് ആ മുറിവിന്‍റെ ആന്തരിക ഇതളുകള്‍ കാട്ടിക്കൊടുത്തപ്പോള്‍… അതൊരു നിലവിളിയും… പ്രാര്‍ഥനയുമായി… എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ…! ഇവിടെ സ്നേഹത്തഴമ്പ് അതിസ്വാഭാവിക തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പരിശുദ്ധ കന്യകാ മറിയത്തിലും ഈ സ്നേഹത്തഴമ്പ് ആഴത്തില്‍ മുദ്രിതമാക്കപ്പെട്ടിരുന്നു… അതാണ് ലോകത്തിന്‍റെ മുഴുവന്‍ അമ്മയാകാനുളള സൗഭാഗ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്…

സ്നേഹത്തഴമ്പുളള ജീവിതം നയിക്കാന്‍ തമ്പുരാന്‍ നിങ്ങളെ പ്രാപ്തരാക്കേണമെന്നാണ് എന്‍റെ പ്രാര്‍ത്ഥന…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker