Kerala

കെ.സി.വൈ.എം. 40 -ന്റെ നിറവില്‍; ആലപ്പുഴ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നക്കലുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

കെ.സി.വൈ.എം. 40 -ന്റെ നിറവില്‍; ആലപ്പുഴ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നക്കലുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

ജോസ് മാർട്ടിൻ

1978 ഡിസംബര്‍ 28 -ന് കേരളത്തിലെ ക്രിസ്ത്യൻ കത്തോലിക്കാ സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) സംയുക്തമായി തുടക്കംകുറിച്ച കെ.സി.വൈ.എം (കേരള കത്തോലിക്ക യുവജന പ്രസ്ഥാനം) റൂബി ജൂബിലി ദിവസമായ ഡിസംബര്‍ 28 -ന് ആലപ്പുഴ രൂപതാ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ കാത്തലിക് വോക്സുമായി പങ്കുവച്ചകാര്യങ്ങൾ.

കെ.സി.വൈ.എം. (കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്) 40 വർഷം പൂർത്തീകരിക്കുകയാണ്. റൂബി ജൂബിലി നിറവിലാണ്. ഈ അവസരത്തിൽ അഭിമാനത്തോടെ പിന്തിരിഞ്ഞു നോക്കുകയാണ് കെ.സി.വൈ.എം.ന്റെ വളർച്ചയെ. കേരളത്തിലെ എല്ലാ രൂപതകളിലും കെ.സി.വൈ.എം. ഒട്ടനവധി നിരവധി പ്രവർത്തനങ്ങളില്‍ കടന്നുവരുന്നു, പ്രത്യേകിച്ച് ആലപ്പുഴ രൂപതയിലെ കെ.സി.വൈ.എം.ന്റെ ത്രിവർണ പതാക നല്ലരീതിയിൽ പാറിപ്പറക്കുന്നു.

ഒട്ടനവധി കാര്യങ്ങൾ ഇവിടുത്തെ കെ.സി.വൈ.എം. ചെയ്യുന്നുണ്ട്. സാമൂഹികരംഗത്തും സാംസ്കാരികരംഗത്തും വിദ്യാഭ്യാസ മേഖലകളിലും യുവജനങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യംവച്ചുകൊണ്ട് കെ.സി.വൈ.എം.ന്റെ യുവനേതൃത്വം ശക്തിയുക്തം മുന്നോട്ടുപോകുന്നുണ്ട്. വിവിധങ്ങൾ ആയിട്ടുള്ള പഠനക്ലാസുകൾ, പ്രകൃതി പഠന ക്യാമ്പുകൾ, അതുപോലെതന്നെ പി.എസ്‌.സി. കോച്ചിംഗ് ക്ലാസുകൾ, കൂടാതെ പാവപ്പെട്ടവർക്ക് വീട് വെച്ചു കൊടുക്കുക, വസ്ത്രം കൊടുക്കുക, രോഗീ സഹായങ്ങൾ നൽകുക തുടങ്ങി അനേകം കാരുണ്യ പ്രവർത്തികളും കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്.

കായികമായ ഒട്ടേറെ കാര്യങ്ങൾ ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ ടൂർണ്ണമെന്റുകൾ നടത്തുന്നതിലൂടെ പ്രഗൽഭരായ യുവജനങ്ങളെ കണ്ടെത്തുന്നുണ്ട്, അവർക്ക് പിന്നീട് മേൽഘടകങ്ങളിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നുണ്ട്.

അന്ധകാരനഴി പാലത്തിനു വേണ്ടിയുള്ള സമരം, തീരദേശ കടൽഭിത്തിക്ക് വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾ, തീരദേശത്തെ റോഡ്, പാലങ്ങൾ തുടങ്ങിയ ഉടൻ നവീകരണത്തിനും പൂർത്തികരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, തീരദേശത്തിനും മത്സ്യത്തൊഴിലാളികൾക്കും വേണ്ടിയുള്ള എല്ലാവിധ ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കാൻ വേണ്ടിയും കെ.സി.വൈ.എം. നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുകയാണ്.

അങ്ങനെ, കാരുണ്യ പ്രവർത്തികളിലൂടെ മാത്രമല്ല സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലൂടെയും യുവജനങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യംവച്ചു കൊണ്ട് ആലപ്പുഴയുടെ മണ്ണിൽ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോവുകയാണ് ആലപ്പുഴയിലെ കെ.സി.വൈ.എം.

ഇപ്പോഴത്തെ സങ്കടകരമായ ഒരു കാര്യം, വ്യക്തിഗത സഭകൾ കെ.സി.വൈ.എം.മിനെ അവരുടെ സഭകളുടെ പേരിൽ പ്രത്യേകമായി കൊണ്ടുപോകുന്നത് കൊണ്ട് സംഘടനയ്ക്ക് അപചയം സംഭവിക്കുന്നുണ്ട് എന്നതാണ്. അതായത്, എൽ.സി.വൈ.എം., എസ്.എം.വൈ.എം., എം.സി.വൈ.എം. എന്നറിയപ്പെടുന്നത് കെ.സി.വൈ.എം.ന്റെ സൗന്ദര്യം നഷ്ടമാക്കി. ഇങ്ങനെയുള്ള വേര്തിരിവിലൂടെ വ്യക്തിഗത സഭകൾക്ക് സ്വകാര്യ നേട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെയും കേരള കത്തോലിക്കാസഭയിൽ മുഴുവനായി നോക്കുമ്പോൾ കെ.സി.വൈ.എം. എന്ന സംഘടനയുടെ ശക്തി കുറയ്ക്കുകയാണ്, ഐക്യം ഇല്ലാതാക്കുകയാണ് എന്നതിൽ സംശയമില്ല. ഇങ്ങനെ ചിന്നഭിന്നമായി പോകുന്നതുകൊണ്ട് സംഘടനക്കുള്ള യഥാർത്ഥവലിപ്പവും, സൗന്ദര്യവും നഷ്ടപ്പെടുകയാണ്.

പുതിയ ഒരു പേര് നൽകി, ജ്ഞാനസ്നാന പെടുത്തി വളർത്തി കൊണ്ടുവരുവാൻ കാലങ്ങൾ എടുക്കുമെന്ന സത്യം മറക്കരുത്. അതുകൊണ്ട് ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് ഇത് അറിയപ്പെടുന്ന ഒരു സംഘടനയായി ഇതിന്റെ സുവർണ്ണജൂബിലികൾ ആഘോഷിക്കുവാനുമൊക്കെ സാധിക്കുക. അല്ലങ്കിൽ റൂബി ജൂബിലിയോടെ ഇതൊക്ക മണ്മറഞ്ഞു പോകുമെന്ന് ഓർമ്മപെടുത്തുവാൻ ആഗ്രഹിക്കുന്നു. സമയം താമസിച്ചിട്ടില്ല, പോരായ്മകൾ തിരുത്തി മുന്നോട്ട് പോകുവാൻ സാധിക്കണം. ഇതിന് നേതൃത്വ നിരയിലെ അതികായർക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയുകയുള്ളൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker