Articles

അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം….

അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം....

അനീഷ്‌ ആറാട്ടുകുളം

വീണുപോയവരെക്കാൾ പതിന്മടങ്ങ് വൈദീകരും സന്യസ്തരും തങ്ങളെ വിളിച്ചവന്റെ വിളിയിൽ ഉറച്ചു നിൽക്കുന്നുണ്ട്. അനാഥായങ്ങളും അഗതിമന്ദിരങ്ങളും സെപ്ഷ്യൽ സ്കൂളുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും സാമൂഹിക സേവന വിഭാഗങ്ങളും എന്നിങ്ങനെ നീളുന്ന ഇടങ്ങളിൽ അപരനെ ക്രിസ്തുവായി കണ്ട് തങ്ങളുടെ വ്രതങ്ങളിൽ ആനന്ദം കണ്ടെത്തുന്നവർ.

അനുസരണം എന്ന വൃതത്തെപ്പറ്റി ഏറ്റവും മികച്ച മാതൃക കാട്ടി തന്ന ഒരു സന്യസ്തനായ വൈദീകനുണ്ട്… ബിരുദാനന്തര ബിരുദത്തിന് നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ നെറ്റ് പരീക്ഷ എഴുതാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ മേൽലധികാരികളോട് പറഞ്ഞപ്പോൾ അദ്ദേഹത്തോട് സാമൂഹ്യശ്രൂശ്രൂഷാ രംഗത്ത് നിലകൊള്ളാൻ പറഞ്ഞു. എനിക്ക് നെറ്റ് കിട്ടിയതു പങ്കുവച്ചപ്പോൾ അദ്ദേഹവും തനിക്കുണ്ടായിരുന്ന ആഗ്രഹത്തെപ്പറ്റി പറഞ്ഞു. ‘നല്ല വിഷമമുണ്ട് അല്ലേ?’ എന്ന എന്റെ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിച്ചു കൊണ്ട്; ഈ ലോകത്ത് ഞാൻ പ്രാഥമികമായി വിളിക്കപ്പെട്ടിരിക്കുന്നത് വൈദീകനായി ക്രിസ്തുവിനെ അപരനു നൽകുന്നതിനാണ്, വിളിക്കപ്പെട്ടവനായി പദവികളിലും യോഗ്യതകളിലും അപ്പുറത്ത്, അയക്കപ്പെടുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെതായി നിലകൊള്ളേണ്ടവനാണ് ഞാൻ…

എന്റെ വ്രതവാഗ്ദാന നിമിഷങ്ങളെ ഞാൻ ഓർക്കുന്നു… അനുസരണവും ദാരിദ്ര്യവും ബ്രഹ്മചര്യവും ഏറ്റെടുക്കുമ്പോൾ എന്നെ തന്നെ മുഴുവനായി നൽകലാണ്… എന്റെ മേൽ അധികാരികളായി വരുന്നവർ ആരായിരുന്നാലും എന്റെ വ്രതവാഗ്ദാനം കൊണ്ട് അവരുടെ വാക്കുകളെ അനുസരിക്കാൻ ഏറെ കടപ്പെട്ടിരിക്കുന്നു… അതിന് ഏറ്റവും മികച്ച ഉദാഹരണം ക്രിസ്തു തന്നെയാണ്… ഗത്സെമൻ തോട്ടത്തിൽ പിതാവായ ദൈവത്തോട് ‘കഴിയുമെങ്കിൽ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ’ എന്നു പറയുന്ന മനുഷ്യപുത്രനായി അവതരിച്ച ക്രിസ്തു തന്നെ ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’യെന്നു പറഞ്ഞുകൊണ്ട് അനുസരണത്തിന്റെ ഉത്തമ മാതൃക നമ്മുക്ക് കാട്ടി തന്നു…

അമേരിക്കയായാലും, ആഫ്രിക്കയായാലും, കേരളമായാലും ഒരു പക്ഷേ ക്രിസ്ത്യാനിയായിരിക്കുന്നത് കുറ്റമായിരിക്കുന്ന, അല്ലെങ്കിൽ ജീവൻ തന്നെ നൽകേണ്ടി വരുന്ന ഇടങ്ങളിൽ പോകണമെന്ന് എന്നോട് എന്റെ സന്യാസ സമൂഹം ആവശ്യപ്പെട്ടാൽ അനുസരണമെന്ന വ്രതം എന്നെ അതിലേയ്ക്ക് നയിക്കുന്നു… ഒരു പക്ഷേ ലോകത്തിനു മുൻപിൽ ദഹിക്കപ്പെടാത്തതായി നിലകൊള്ളാം… മരണപര്യന്തം വരെ ഒരാൾ അനുസരിക്കുകയെന്നാൽ ഒരു തരം കീഴടങ്ങലായി തോന്നിയേക്കാം. എന്നാൽ, ഓർക്കേണ്ടത് ആരെയും പിടിച്ചുകെട്ടിവയ്ക്കുന്നില്ല, പോകേണ്ടവർക്കു പോകാമെന്നൊരു യാഥാർഥ്യവുമുണ്ട്. അനുവാദമെന്ന അനുസരണത്തിന്റെ തലത്തിൽ അനുകൂലമായാലും പ്രതികൂലമായാലും ക്രിസ്തുവിനെപ്പോലെ ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതം’ എന്ന ചിന്തയാണ് തുടർന്നും എന്നെ മുന്നോട്ട് നയിക്കുന്നത്. അനുസരണമെന്ന വ്രതത്തെ ഇത്രത്തോളം മഹനീയമായി ആ വൈദീകൻ എനിക്ക് മനസ്സിലാക്കി തന്നു.

ഇതിനു താഴെ നൽകിയിരിക്കുന്നത് ഒരു വ്രതവാഗ്ദാന പത്രികയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു ചാനലിന്റെ പരിപാടിയിൽ യാത്രക്കിടയിലും, ഹോട്ടലിലെ താമസത്തിലും ചുരിദാർ ധരിച്ച് അവസാനം ക്യാമറയുടെ മുന്നിൽ സഭാ വസ്ത്രം ഇട്ടുകൊണ്ട് പൊതുജനത്തോട് വായിൽ തോന്നുന്നത് പറഞ്ഞ്, സകല സന്യസ്തരും വൈദീകരും മറ്റേ പരിപാടിക്കാരാണെന്ന് വിളിച്ചോതി കൈയ്യടി നേടിയപ്പോഴും, അവർ മറന്നു പോയ ഒരു തുണ്ടു കഷ്ണം പേപ്പറാണിത്. നൊവിഷ്യേറ്റും പ്രഥമ വ്രതവാഗ്ദാനവും കഴിഞ്ഞ് ദൈവത്തിന്റെ മുൻപിൽ മേലധികാരികളേയും സമൂഹത്തേയും സാക്ഷി നിർത്തി നിത്യമായി വ്രതവാഗ്ദാനം നടത്തിയ നിമിഷങ്ങൾ…

ഇത് ലോകത്തിലെ ഏതൊരു സത്യപ്രതിജ്ഞകളെക്കാൾ വലുതാണെന്ന് നമ്മുക്ക് അനുമാനിക്കാം… അതെല്ലാം മറന്നു കൊണ്ട് പ്രവർത്തിക്കുമ്പോൾ ദൈവത്തിന്റെതാണെന്ന ബോധ്യത്തിൽ നിന്നും ലോകത്തിന്റെതായി നിലകൊണ്ടിട്ട് അവിടെ ദൈവത്തിന്റെതാണെന്ന് എങ്ങനെ പറയുവാൻ സാധിക്കുന്നു… സന്യാസസഭാ സമൂഹങ്ങളുടെ ചരിത്രത്തിൽ വ്രതങ്ങൾ കഠിനമായി അനുഷ്ഠിച്ചിരുന്ന വി.ഫ്രാൻസിസ് അസ്സീസിയുടെയും വി.ക്ലാരെയുടെയും കാരിസങ്ങൾ പേറിയ ഒരു സന്യാസ സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അനുസരണമെന്താണെന്ന് ചോദ്യത്തിന് ‘Caring of ഓഥേഴ്‌സ്’ എന്ന വീശദീകരണത്തിന്റെ പിന്നിലെ ന്യായശാസ്ത്രം വിചിത്രമാണ്…

താൻ തെറ്റുകാരിയാണെങ്കിൽ തന്നോടപ്പുള്ള ഏഴായിരത്തോളം സന്യസ്തരും തെറ്റുകാരാണെന്ന് മുൻവിധി നടത്തുമ്പോൾ ഓർക്കുക… ഭാരതത്തിലെ ആദ്യ വിശുദ്ധയായ അൽഫോൺസാമ്മയേയും, പാവപ്പെട്ടവരുടെ പക്ഷം പിടിച്ചതിന് സ്വന്തം ജീവൻ വിലയായി നൽകി രക്തസാക്ഷിയായി തീർന്ന വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയേയും ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച ഒരു സന്യാസസമൂഹത്തെ മുഴുവനായിട്ടാണ് അടച്ചാക്ഷേപിക്കുന്നത്.

വാൽകഷ്ണം: അനുരജ്ഞനത്തിന്റെ പാതയിൽ കൊണ്ടുവരാൻ വിശദീകരണം ചോദിച്ച… സ്വന്തം ഭാഗം വ്യക്തമാക്കാൻ ആവശ്യപ്പെട്ട മേലധികാരികളെ കൂസാക്കാതെ, അതിനെ അവഗണിച്ച് തന്നിഷ്ടപ്രകാരം നടക്കുന്നതുതന്നെ അനുസരണത്തിന്റെ പ്രഥമ ലംഘനമാണ്… ആലുവായിലുള്ള മേലധികാരികളെ കാണാതെ, അതിനെക്കാൾ 250 കിലോമീറ്റർ അധികം സഞ്ചരിച്ച് തിരുവനന്തപുരത്തെ ചാനലുകളിൽ ചെല്ലാൻ കാണിച്ച ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker