Kerala

മണ്ണുണ്ടയും മരത്തോക്കും

മണ്ണുണ്ടയും മരത്തോക്കും എന്ന ശീര്‍ഷകം വായിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ തന്നെയാണ് ഇന്നിന്റെ മുന്നില്‍ ഈ തലവാചകത്തിന്‍റെ പ്രസക്തി. പഴമക്കാര്‍ “ഉണ്ടയില്ലാത്തവെടി” എന്നും പറഞ്ഞിരുന്നു. ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും മണ്ണുണ്ടയും മരത്തോക്കും വര്‍ത്തമാനമായിരിക്കുകയാണ്. നാം ജീവിക്കുന്ന കാലഘട്ടം “പരസ്യ കൂമ്പാരങ്ങളുടെ” കാലമാണ്. എത്രയെത്ര മോഹനവാഗ്ദാനങ്ങളാണ് പരസ്യത്തിലൂടെ കുഞ്ഞുമക്കളുടെയും, കുടുംബങ്ങളുടെയും, അടുക്കളയുടെ ഉള്‍മുറികളിലും എത്തിക്കുന്നത്…? ഇക്കിളിപ്പെടുത്തുന്ന പരസ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന അടിക്കുറിപ്പോടെയാകുമ്പോള്‍ നാം അവരുടെ ദൂഷിതവലയത്തില്‍ വീണുകഴിയും. ഒരു പുനര്‍വിചിന്തനം അനിവാര്യമാണ്. കൊതിയൂറുന്ന ഭക്ഷണത്തിലും, ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന മരുന്നില്‍പ്പോലും ഇത്തരത്തിലുളള “പൊളളയായ വാഗ്ദാനങ്ങള്‍” തിരികി കയറ്റി നമ്മെ വിപണന തന്ത്രത്തിന്റെ അടിമകളാക്കി മാറ്റുകയാണ്. പരസ്യത്തെക്കുറിച്ചു പറയുമ്പോള്‍ ഗുണപരമായ ഒരു കാര്യം തങ്ങളുടെ ഉല്പന്നങ്ങളെക്കുറിച്ച് വാതോരാതെ പ്രകീർത്തിച്ചാലും മറ്റുള്ളവരുടെ ഉല്പന്നങ്ങളെക്കുറിച്ച് പരദൂഷണം പറയാറില്ല എന്നുളളതാണ്.

മണ്ണുണ്ടയും മരത്തോക്കും ഇന്ന് ഏറ്റവും കൂടുതല്‍ സുലഭമായി കാണുന്നത് “ഇലക്ഷന്‍ സമയത്താണ്”. ഇനി ഉണ്ടയില്ലാത്ത വെടികളുടെ, കാതടപ്പിക്കുന്ന ശബ്ദ കോലാഹലത്തിന്റെ സമയമാണ്. അമ്മ പെങ്ങമ്പാരോടും, ദരിദ്രരോടും, ദളിത് ആദിവാസികളോടും, കര്‍ഷക തൊഴിലാളികളോടും കാട്ടുന്ന സ്നേഹം, പരിഗണന, വികസന മാര്‍ഗ്ഗ രേഖകള്‍, റോഡ്, തോട്, പാലം, തൊഴിലാളി സ്നേഹം, etc etc etc… വാഗ്ദാനങ്ങളുടെ പെരുമഴക്കാലമായിരിക്കും…! ഇലക്ഷനിൽ ജയിച്ചുകഴിഞ്ഞാല്‍ എല്ലാം… എല്ലാം… ജലരേഖപോലെ… കാനല്‍ ജലംപോലെ… മരീചികപോലെ… വിസ്മൃതിയിലാകും…! ഇവരുടെ പൊളളയായ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ചുവരെഴുതാനും, മുദ്രാവാക്യം വിളിക്കാനും, രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കാനും ഇറങ്ങിപ്പുറപ്പെടുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരായിരിമാറും… ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്. അതിനാല്‍ നാം വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. നമ്മെ വശീകരിച്ച്, നമ്മുടെ മസ്തിഷ്കപ്രക്ഷാളനം (Brain Washing) നടത്തി, വരേണ്യ വര്‍ഗ്ഗത്തിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപകരണങ്ങളാക്കുന്നവരെ തിരിച്ചറിയാനുളള വിവേകവും, രാഷ്ട്രീയ-സാമൂഹിക-ബൗദ്ധിക-പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുവാന്‍ ജാഗ്രതയുളളവരായിരിക്കാന്‍ ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ ഉണ്ടയില്ലാത്ത വെടികള്‍ വയ്ക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ – സംവാദങ്ങള്‍ – തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ etc etc etc… വിവേചനം കൂടാതെ, വിലയിരുത്തല്‍ കൂടാതെ, സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധാലുക്കളാകാം.

“ഉറക്കം മതി ചങ്ങാതി, ഉത്ഥാനം ചെയ്തിടാമിനി-
പിടിച്ചുതളളുമല്ലെങ്കില്‍, പിന്നില്‍ നിന്നു വരുന്നവര്‍…!”

മണ്ണുണ്ടയും മരത്തോക്കും കാലഹരണപ്പെട്ടവയാണ്, നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കില്ല. ജാഗ്രത!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker