Kerala

കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിനർഹനായി ഒരു കപ്പൂച്ചിൻ വൈദീകൻ

സുനിലച്ചന് ശിൽപ്പവും പ്രശസ്തി പത്രവും ലഭിക്കും

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: 2018 കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായിരിക്കുകയാണ് കപ്പൂച്ചിൻ വൈദീകനായ ഫാ.സുനിൽ സി.ഇ. പ്രസാധകൻ മാസികയിൽ ഡിസംബർ മാസം പ്രസിദ്ധീകരിച്ച “മലയാള സിനിമയും നോവലും” എന്ന ചലച്ചിത്ര ലേഖനത്തിനാണ് ഫാ.സുനിൽ സി.ഇ. യ്ക്ക് ജൂറിയുടെ പരാമർശം ലഭിച്ചത്. നെയ്യാറ്റിൻകര രൂപതയിൽ സേവനം ചെയ്യുകയാണ് ഈ കപ്പൂച്ചിൻ വൈദീകൻ.

ചലച്ചിത്രത്തിന്റെ മാറുന്ന അഭിരുചികളും സാഹിത്യാവിഷ്കാരവും ചലച്ചിത്രാവിഷ്കാരവുമായി പുലർത്തുന്ന ബന്ധമാണ് “മലയാള സിനിമയും നോവലും” എന്ന ലേഖനത്തിൽ അപഗ്രഥിക്കുന്നത്. മൗലികമായ അന്വേഷണങ്ങളും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ പഠിതലേഖനമാണിത്. ‘പഴയകാലങ്ങളിൽ സിനിമയും നോവലും തമ്മിൽ വളരെ അധികം ബന്ധമുണ്ടായിരുന്നു. ഒരു സിനിമ തയാറാക്കണമെങ്കിൽ നോവൽ എഴുതിത്തീരാൻ കാത്തിരിക്കുമായിരുന്നു. എന്നാൽ, ഇന്ന് അതെല്ലാം മാറി. ദേശവും ഭാഷയും മാത്രമായി സിനിമകൾ ചുരുങ്ങി കൊണ്ടിരിക്കുന്നു’വെന്ന് സുനിലച്ചൻ പറയുന്നു.

പ്രസാധകൻ, കലാകൗമുദി ഗ്രൂപ്പിന്റെ കഥാമാസിക, മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാസ, ഭാഷാപോഷിണി തുടങ്ങിയ മാസികകളിൽ സുനിലച്ചൻ എഴുതുന്നുണ്ട്. “മലയാള സിനിമയും നോവലും” എന്ന രചനയ്ക്ക് ശില്പവും പ്രശസ്‌തിപത്രവും ഗവണ്മെന്റിന്റെ കയ്യിൽ നിന്നും ലഭിക്കുന്നുവെന്നതും. കേരളത്തിലെ എഴുത്തുകാരും സിനിമാ നിരൂപകരുടെ ലക്ഷക്കണക്കിനാൾക്കാർ ഉള്ളതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷവും ദൈവത്തിനോട് നന്ദിയും മാത്രമെന്ന് അദ്ദേഹം പറഞ്ഞു.

ഏഴു വർഷത്തിൽ കൂടുതലായി അദ്ദേഹം സിനിമ നിരൂപകനായി പ്രവർത്തിക്കുന്നു. ആദ്യമായി കവിത എഴുതിയാണ് അദ്ദേഹം തുടക്കം കുറിക്കുന്നത്. 2005-ൽ എഴുതിയ “ഈശ്വരന് ഒരു ഇമെയിൽ” ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കവിതാ പുസ്തകം. തുടർന്ന് “പന്ത്രണ്ടു കഥകൾ” എന്ന പേരിൽ ഒരു കഥ പുറത്തിറക്കി. അതിനു ശേഷമാണ് ഗദ്യ രചന പരീക്ഷിക്കുന്നത്. ചുരുക്കത്തിൽ, വളരെയധികം കഷ്ട്ടപെട്ട്, നിതാന്ത പരിശ്രമത്തിലൂടെയാണ് സുനിലച്ചൻ എഴുത്തിന്റെ പടവുകൾ കയറിയതെന്ന് വ്യക്തം.

തന്റെ രചനയിലൂടെ ഒരു വായനക്കാരനെയെങ്കിലും സംതൃപ്തിപെടുത്തുത്താനായാൽ തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുന്നു എന്നാണ് സുനിലച്ചന്റെ വിശ്വാസം. കാർട്ടൂൺ, ചലച്ചിത്രം, ഗാനം, സാംസ്‌കാരിക വിമർശനം, മാധ്യമ വിചാരം തുടങ്ങി എല്ലാ മേഖലകളിലും ഗദ്യം കൊണ്ട് ഇടപെടാൻ അദ്ദേഹത്തിന് സാധിക്കുന്നു. സന്യസ്തർ പുതുതായി എന്തെങ്കിലും കാര്യങ്ങൾ ചെയ്താൽ അവർ തെറ്റിലേക്ക് പോകും എന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന്റെ വലിയൊരു പാത സുനിലച്ചൻ നമ്മുടെ മുൻപിൽ തുറന്നു കാട്ടുന്നു. “പൊതുവേദികളിൽ പോകുമ്പോൾ ഞാൻ ളോഹ ധരിക്കാറില്ല, പൗരോഹിത്യ സഭാ വസ്ത്രത്തിനല്ല ആദരവ് കിട്ടേണ്ടത് എന്നാണ് ധാരണ, പക്ഷെ ഞാൻ പോലും അറിയാതെ എന്റെ പൗരോഹിത്യ നന്മകളും സുകൃതങ്ങളും മറ്റുള്ളവരിലേക്ക് എത്തുന്നുണ്ട്, മറ്റുള്ളവരിലേയ്ക്ക് ക്രിസ്തു മൂല്യങ്ങൾ നല്കാൻ കഴിയുന്നുണ്ടെന്നതിൽ സന്തോഷം തോന്നുന്നു. ക്രിസ്‌തു എന്ന സത്ത ഹൃദയത്തിൽ ഉണ്ടെങ്കിൽ വഴി തെറ്റില്ല. സഭാ വസ്ത്രം ഇല്ലാതെതന്നെ ലഭിക്കുന്ന അത്ഭുത ആദരവ് അതിശയിപ്പിക്കുന്നു” അദ്ദേഹം കാത്തോലിക് വോക്‌സിനു നൽകിയ അഭിമുഖത്തിൽ മനസുതുറന്നു.

എല്ലാം ജാതീയമോ, സമുദായീയമോ ആയിമായികൊണ്ടിരിക്കുന്ന ചുറ്റുപാടിലാണ് നമ്മുടെ ജീവിതം എന്നത് അത്ര സുഖമുള്ള കാര്യമല്ല, സ്വന്തം സമുദായത്തിൽ ആളുണ്ടെങ്കിൽ മാത്രമേ ആ സമുദായത്തിലുള്ളവരെ പിടിച്ചുയർത്താൻ സാധിക്കുകയുള്ളൂ എന്നയാഥാർഥ്യം ഉൾക്കൊള്ളാതിരിക്കാനും സാധിക്കുന്നില്ല. അതുകൊണ്ട് പിന്നോക്ക അവസ്ഥയിലെ സമുദായത്തിനുവേണ്ടി ഒരു കലാപഠന കേന്ദ്രം തുടങ്ങാനുള്ള ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അടുത്ത വർഷം ഒരു സിനിമ ചെയുന്നത്തിലേക്കുള്ള സ്ക്രിപ്റ്റ് തയാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ സുനിലച്ചൻ. ഇന്നത്തെ യുവജങ്ങളുടെ ഇടയിൽ ശക്തിപെട്ട് വരുന്ന ലൈഗീക അരാചകത്വമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ ഇറക്കുന്നതിൽ തന്റെ സഭയിലെ മേലധികാരികളുടെ സഹകരണം, ഇതുവരെയും ഉള്ളതുപോലെ ഉണ്ടാകുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലെ, നെടുമങ്ങാട് ഫെറോനയിൽ മൈലം ഇടവക വികാരിയായി സേവനം അനുഷിടിക്കുകയാണ് സുനിലച്ചൻ. പള്ളി കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുന്ന അദ്ദേഹം ഇടവക മക്കൾക്ക്‌ നല്ലൊരു ആത്മീയ ഗുരുവാണെന്നതിൽ സംശയമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker