Articles

ഇതാ നമ്മൾ ജെറുസലേമിലേക്കു പോകുന്നു

ഇതാ നമ്മൾ ജെറുസലേമിലേക്കു പോകുന്നു

ഫാ.ലിജോ ഫ്രാൻസിസ്

സഭയുടെ ആരാധനാ ക്രവത്സരത്തിലെ മർമ്മ പ്രധാനമായ പെസഹാ രഹസ്യങ്ങളിലേക്കുള്ള കാലുവെയ്പ്പാണ് വിഭൂതി ബുധനിൽ നിന്നാരംഭിക്കുന്നത്. കാൽവരിയിൽ സ്വയം ബലിയായ ദൈവകുമാരനെ കാലങ്ങൾക്കിപ്പുറവും അനുയാത്ര ചെയ്യാനുള്ള ഭാഗ്യമാണ് സഭാമാതാവ് നോമ്പുകാലത്തിലൂടെ നമുക്ക് പ്രധാനം ചെയ്യുന്നത്. ഈ യാത്രയുടെ അർത്ഥപൂർണ്ണമായ ആചരണം നമുക്ക് മനസാന്തരവും ജീവിത നവീകരണവും പ്രദാനം ചെയ്യും. പെസഹാ ത്രിദിനങ്ങളിലെ ദൈവീക ദാനങ്ങളുടെ കലവറ പൂർണമായും സ്വന്തമാക്കാൻ 40 ദിവസത്തെ ഈ ഒരുക്കം നമ്മെ സഹായിക്കും.

വിഭൂതിബുധനോടുകൂടെയാണ് ലത്തീൻ സഭയിൽ നോമ്പാചരണം ആരംഭിക്കുന്നത്. വിഭൂതി എന്നാൽ ചാരം, അതിലുപരി പൊടി എന്നർത്ഥം. നമ്മുടെ നോമ്പാചരണം ആരംഭിക്കുന്നത്, ഒരു മനുഷ്യൻ രൂപം കൊണ്ടതുമുതൽ അവന്റെ പര്യവസാനം എങ്ങനെയെന്ന് അവനെ ഓർമിപ്പിച്ചുകൊണ്ടാണ് = മനുഷ്യ നീ മണ്ണാകുന്നു മണ്ണിലേക്ക് നീ പോകും. ഇത് ഓരോരുത്തരെയും വ്യക്തിപരമായി ഓർമിപ്പിക്കുന്നു. മർത്യ ജീവിതം ഈ ലോകത്തിലെ ആഘോഷങ്ങളിലും, ഉന്മാദങ്ങളിലും, ദുഖങ്ങളിലും ദുരിതങ്ങളിലും കണ്ണിചേർന്ന് മണ്ണടിഞ്ഞു പോകേണ്ടതല്ല, മറിച്ച് നിന്നിൽ അമർത്യതയുടെ നാമ്പായ ആത്മാവിനെ ദൈവം നിക്ഷേപിച്ചിരിക്കുന്നു എന്ന ധ്വനി നമ്മിലുയുണർത്തുന്നു.

പഴയ നിയമത്തിലെ യഹൂദാചാരങ്ങളുടെ ചുവടുപറ്റിയാണ് കത്തോലിക്കാ സഭയിൽ വിഭൂതി ബുധൻ ആചരിക്കുന്നത്. പഴയ നിയമത്തിൽ ചാരം അർത്ഥമാക്കുന്നത് വിലാപവും, തെറ്റേറ്റുപറയലും, പ്രായശ്ചിത്തവുമാണ്. (എസ 4.1, ജോബ്42/ 6, ദാനി 9:3). ഏറെ ശ്രദ്ധേയമായ വിവരണം യോനാ പ്രവാചകന്റെ പുസ്തകത്തിലാണ്. പ്രവാചകൾ വിളിച്ചുപറഞ്ഞു: 40 ദിവസം കഴിയുമ്പോൾ നഗരം നശിക്കും (3:5). ഇത് കേട്ടയുടനെ നഗരത്തിൽ മഹാ ഉപവാസം പ്രഖ്യാപിച്ച്, രാജാവുമുതൽ രാജ്യത്തെ ദരിദ്രൻ വരെ ഉപവസിച്ചു. അവർ ചാക്കുടുത്ത്, ചാരം പൂശി ദൈവത്തിന്റെ കരുണക്കായ് പ്രാർത്ഥിച്ചു. ദൈവം അവരോടു ക്ഷമിച്ചു. അനുതാപമാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. തിരിച്ചുവരവാണ് അവിടുന്ന് അഭിലഷിക്കുന്നത്. നമുക്ക് ആത്മാവിൽ അനുതാപത്തിന്റെ ചാരം പുരട്ടാം, ഹൃദയത്തിന്റെ മലിന വസ്ത്രങ്ങളെ വലിച്ചുകീറാം. വലിയവനും ചെറിയവനും ദൈവ കരുണക്കായി പ്രാർത്ഥിക്കട്ടെ. എന്തെന്നാൽ നമ്മുടെ ദൈവം കാരുണ്യവാനും കൃപാലുവുമാണ്.

ഉപവാസം, ദാനധർമ്മം, പ്രാർത്ഥന:

ഉപവാസം, ദാനധർമ്മം, പ്രാർത്ഥന ഇവ മൂന്നുമാണ് 40 നോമ്പിന്റെ നെടുംതൂണുകൾ.

ഉപവാസം: ദേഹത്തേക്കാൾ ദേഹിക്ക് പ്രാധാന്യമുണ്ടെന്നും; പ്രാർത്ഥന: ദൈവവുമായുള്ള സൗഹൃദമാണ് ഏറ്റവും വലിയ വിശുദ്ധിയെന്നും; ദാനധർമ്മം: അപരനിലുള്ളത് എന്നിലുള്ളതുപോലെ ഒരേ ദൈവാംശമാണെന്നും നമ്മെ പഠിപ്പിക്കുന്നു. ഈ മൂന്ന് ഭക്തകൃത്യങ്ങളും എളിമപ്പെടാനും, സ്വയം കുറവുകൾ മനസിലാക്കാനും നമ്മെ സഹായിക്കും.

ഉപവാസം: ഇഷ്ട ഭക്ഷണത്തോടും ശരീരത്തിന്റെ അഭിലാഷണത്തോടും “No” പറയാൻ നാം ഉപവാസത്തിൽ ചരിക്കണം. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന ഗുരുമൊഴി നമ്മുടെ ഉപവാസങ്ങൾക്കു ശക്തി പകരട്ടെ. സഭയുടെ പാരമ്പരാം അനുസരിച്ചു നോമ്പുകാലത്തു വിഭൂതി ബുധനും എല്ലാ വെള്ളിയാഴ്ച്ചയും നാം ഉപവാസം അനുഷ്ടിക്കാറുണ്ട്.

ദാനധർമ്മം: ഉപവാസത്തിന്റെ ഫലമായുള്ള നമ്മുടെ നീക്കിയിരുപ്പുകളിൽ തുടങ്ങി, നമ്മുടെ അറപ്പുരകൾ പൊളിച്ചു സമ്പത്തിന്റെ വിഹിതം ദരിദ്രരുമായ പങ്കുവയ്ക്കണം. ഈ പങ്കുവയ്പ്പ് ക്രൈസ്തവരുമായി മാത്രമല്ല, മറിച്ച് എല്ലാ ജാതി മതങ്ങളിലും പെട്ടവർക്കും നമ്മുടെ സാമ്പത്തിന്മേലുള്ള അവകാശം സൂചിപ്പിക്കുന്നു. അത് നമ്മുടെ ഔദാര്യമല്ല മറിച്ചു അവരുടെ അവകാശമാണ് എന്നത് നമുക്ക് മറക്കാതിരിക്കാം. അപ്പോൾ ക്രിസ്തുവിന്റെ വാക്കുകൾ നമ്മുടെ ചെവിയിൽ ആവർത്തിച്ചു കേൾക്കും “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈ വന്നിരിക്കുന്നു”.

പ്രാർത്ഥന: സൃഷ്ടാവും സൃഷ്‌ടിയും തമ്മിലുള്ള ഒന്നുചേരലാണ് പ്രാർത്ഥന. പ്രാർത്ഥനാ വേളയിൽ ദൈവം തന്റെ മക്കളോട് സംസാരിക്കും. അനുദിന ദിവ്യബലി, കുരിശിന്റെ വഴി, ബൈബിൾ വായന, പീഡാസഹന ധ്യാനം, വിശുദ്ധരുടെ ഗ്രന്ഥ പാരായണം എന്നിവ നമ്മെ നന്നായി പ്രാർത്ഥിക്കാൻ സഹായിക്കും. ജോലിസമയത്തും, യാത്രയിലും, വീട്ടിലായിരിക്കുമ്പോഴും നാം പ്രാർത്ഥിക്കണം. സഭയുടെ പാരമ്പര്യ പ്രാർത്ഥനകൾക്കൊപ്പം വ്യക്തിപരമായി പ്രാർത്ഥിക്കാനും നാം ശ്രദ്ധിക്കണം. കാരണം, ഹൃദയങ്ങളുടെ പങ്കുവയ്ക്കലാണ് പ്രാർത്ഥന. നോമ്പുകാലത്തു കുമ്പസാരിക്കാനും ആത്മാവിനെ പരിശുദ്ധമായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ഇതാ നമ്മൾ ജെറുസലേമിലേക്കു പോകുന്നു… (മത്ത 20: 18) എന്ന് ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത് പെസഹാ രഹസ്യങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. അതേ, നാമും ജെറുസലേമിലേക്കു പോകുന്നു. തോമാശ്ലീഹാ പറഞ്ഞതുപോലെ, ‘അവനോടൊത്തുമരിക്കാൻ നമുക്കും പോകാം’. ഈ ദിവസങ്ങളിൽ ക്രിസ്തുവിന്റെ കൂടെ ആയിരിക്കാൻ നമുക്ക് ശ്രമിക്കാം, അതുതന്നെയാണ് ഏറ്റവും വലിയ നോമ്പാചരണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker