Daily ReflectionKerala

മാർച്ച് 25: മംഗളവാർത്ത

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും തമ്മിൽ ബന്ധമുണ്ട്

ഇന്ന് മംഗളവാർത്ത തിരുന്നാൾ. ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത – ലോകരക്ഷകന്റെ ജനനം – ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്തിന്റെ അനുസ്മരണം. ഇന്ന് ദിവ്യബലിയിൽ നാം ധ്യാനിക്കുന്നത് ലൂക്ക1:26-38 ആണ്. യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും (ലൂക്ക 1:5-25) തമ്മിൽ ബന്ധമുണ്ട്. യേശുവിന്റെ ജനത്തെക്കുറിച്ചുള്ള അറിയിപ്പ് തുടങ്ങുന്നത് തന്നെ ആറാം മാസത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. സഖറിയായ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടതിന്റെ ആറാം മാസം. എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാം മാസം. രണ്ടു അറിയിപ്പുകളും തമ്മിലുള്ള മറ്റൊരു ബന്ധം, രണ്ടു രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് ഗബ്രിയേൽ മാലാഖയാണ് എന്നുള്ളതാണ്.

എന്നിരുന്നാലും, രണ്ടു അറിയിപ്പുകളിലും ഒത്തിരിയേറെ വ്യത്യാസങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കാം:

ഒന്ന്, സഖറിയയ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുന്നത് ജറുസലേം ദേവാലയത്തിൽ വച്ചാണ്. ജറുസലേം ദേവാലയം യഹൂദരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം അവരുടെ ഇടയിൽ കുടികൊള്ളുന്ന സ്ഥലം. അത്രയ്ക്കും പ്രധാനപ്പെട്ട ഒരു സ്ഥലം. അവിടെയാണ് സഖറിയയ്ക്കു മാലാഖ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, മറിയത്തിനു പ്രത്യക്ഷപ്പെടുന്നതാകട്ടെ, നസറത്തിൽ വച്ചും. നസറത്ത് പട്ടണം, അത്രയ്ക്കും പ്രാധാന്യമൊന്നും ഇല്ലാത്ത ഒരു ചെറു പട്ടണമായിരുന്നു. ജറുസലേമിൽ നിന്നും ദൈവാലയത്തിൽ നിന്നും ഏറെ അകലത്തിൽ സ്ഥിതിചെയ്തിരുന്ന പട്ടണം.

രണ്ട്, സഖറിയാ ജറുസലേം ദൈവാലയത്തിലെ പുരോഹിതനായിരുന്നു. മറിയമാകട്ടെ, ഒരു സാധാരണ പെൺകുട്ടിയും. യാതൊരു മഹിമയും പ്രാധാന്യവും അവകാശപ്പെടാനില്ലാത്ത നസറത്തിലെ ഒരു സാധാരണ പെൺകുട്ടിയായ മറിയത്തിനാണ് ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത കേൾക്കാൻ ഭാഗ്യമുണ്ടായത്.

നമ്മുടെ എളിയ ജീവിതത്തിനും വളരെ പ്രതീക്ഷ നൽകുന്ന ഒരു സന്ദേശം ഈ തിരുന്നാൾ നൽകുന്നുണ്ട്. നമ്മുടെ ജീവിതവും, അത് എത്രതന്നെ എളിയരീതിയിലുള്ളതാണെങ്കിലും, ദൈവീകപദ്ധതിയുടെ ഭാഗമാണ് എന്നുള്ള സന്ദേശം. മാലാഖയുടെ സന്ദേശം കേൾക്കുന്ന മറിയത്തിന്റെ പ്രതികരണം “ഇതെങ്ങനെ സംഭവിക്കും” എന്നാണ്. പലപ്പോഴും, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും കാണുമ്പോൾ നാമും അത്ഭുതപ്പെടാറില്ലേ, ദൈവമേ ഇതെന്താ ഇങ്ങനെ എന്ന്. നമ്മുടെ ജീവിതം മുഴുവനും ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി കാണാനും, ആ പദ്ധതിയോടു പൂർണ്ണമായി സഹകരിക്കാനും നമുക്ക് സാധിക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker