Kazhchayum Ulkkazchayum

ഇറച്ചിപ്പാത്രത്തിനരികെ…?

നാം അടിമകളാണെന്ന അവബോധം ഉണ്ടായാല്‍ മാത്രമേ സ്വാതന്ത്ര്യ ദാഹം ഉണരുകയുളളൂ

ഇറച്ചിപ്പാത്രത്തിന് അരികെ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുത്തന്‍തലമുറ വളര്‍ന്നു വരുന്ന കാലഘട്ടമാണിത്. അഭിമാനവും, ആഭിജാത്യവും, വ്യക്തിത്വവും, സ്വത്വബോധവും മറന്ന് തിന്ന്, കുടിച്ച്, വര്‍ഗോല്പാദനവും നടത്തി മറ്റൊരു ഇരുകാലി മൃഗമായിട്ട് ജീവിക്കുന്നതില്‍ ഒരു കുറ്റബോധവും, കുറവും കാണാത്ത ജീവിതം നയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും സ്വാതന്ത്ര്യം, ഇച്ഛാശക്തി, സ്വതന്ത്രമായ മനസ്സ്, സ്വന്തമായ തീരുമാനം എന്നിവ ഇല്ലാത്തവരാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിമകള്‍!! തീര്‍ത്തും അടിമകമാണ്. ഈ അടിമബോധം ഒരു അധമ സംസ്കാരമായിട്ട് മാറീട്ടുണ്ട്….!!!

രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-സാമുദായിക-മതമേഖലകളില്‍ നല്ലൊരു വിഭാഗം ജനങ്ങളും മേല്പറഞ്ഞ ദാസ്യവൃത്തി ചെയ്യുന്നതില്‍ ലജ്ജിക്കാത്തവരാണ്. ഗുണ്ടാസംഘങ്ങളും, മാഫിയാ സംഘങ്ങളും, മദ്യം-മയക്കുമരുന്ന് ലോബികളുമൊക്കെ മനഃശാസ്ത്രപരമായി പറഞ്ഞാല്‍ പല പ്രത്യയ ശാസ്ത്രങ്ങളുടെയും അടിമകളാണ്.

പുറപ്പാട് പുസ്തകം 16-ാം അധ്യായം ഒന്നുമുതല്‍ മൂന്നുവരെയുളള വചനം (പുറ.16:1-3) മുകളില്‍ പ്രസ്ഥാവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈജിപ്തില്‍ അടിമത്തത്തില്‍ (ക്രൂരമായ പീഡനം, നിന്ദ, അവഹേളനം, വിഗ്രഹാരാധന etc.etc.) കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തെ മോസസ്സിന്റെയും അഹറോന്റെയും നേതൃത്വത്തിൽ വാഗ്ദാന നാട്ടിലേക്കുള്ള യാത്രാവേളയിൽ സീൻ മരുഭൂമിയിലെത്തി. വിശപ്പും ദാഹവും അലച്ചിലും ഉണ്ടായിരുന്നു എന്നത് പരമാർത്ഥം. പക്ഷെ സ്വാതന്ത്ര്യത്തിന്റെ, മോചനത്തിന്റെ, ആത്മാഭിമാനത്തിന്റെ ശുദ്ധവായു ശ്വസിക്കുവാൻ സഹനവും, ത്യാഗവും, ദാഹവും അനിവാര്യമാണെന്ന് അംഗീകരിക്കാൻ കൂട്ടാക്കാത്ത ഇസ്രായേല്‍ജനം ഒന്നടങ്കം പറഞ്ഞു: “മതിവരുവോളം ഇറച്ചിപ്പാത്രത്തില്‍ നിന്ന്” ഇറച്ചി തിന്നുകൊണ്ട് അവര്‍ക്ക് അടിമകളായി കഴിയുന്നതാണ് മഹത്തരമെന്ന്. എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്ന ദൈവം വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവമാണെന്നും, നിലവിളിക്കു പ്രത്യുത്തരം നല്‍കുന്ന ദൈവമാണെന്നും മോശക്കും അഹറോനും നല്ലവണ്ണം അറിയാമായിരുന്നു. മരുഭൂമിയില്‍ മന്നയും കാടപക്ഷിയും ദൈവം വര്‍ഷിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ചക്രവാളം മുന്നില്‍ തെളിയുകയായിരുന്നു.

നാം അടിമകളാണെന്ന അവബോധം ഉണ്ടായാല്‍ മാത്രമേ സ്വാതന്ത്ര്യ ദാഹം ഉണരുകയുളളൂ. നമുക്ക് ദൈവം നല്‍കുന്ന സ്വാതന്ത്ര്യത്തിലേക്ക് വളരാം. അവകാശത്തേയും കടമകളെയും കുറിച്ചു ബോധ്യമുളളവരാകാം. ദിശാബോധമുളള ഒരു രാഷ്ട്രീയ സാക്ഷരത സ്വായത്തമാക്കി നമുക്ക് “ബൂത്തിലേക്ക്”നീങ്ങാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker