Articles

ശ്രീലങ്കയിലെ പശ്ചാത്തലത്തിൽ നിരീശ്വര യുക്തി വാദികളോട്

വേദനയ്ക്കും സഹനങ്ങൾക്കും മുകളിലല്ല ഒരു ആശയപ്രേമവും പ്രമാണവും ശാസ്ത്രവും

മാർട്ടിൻ ആന്റണി

ചില ക്രൂരതകളുടെ ഇരയാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനകൾ സഹിക്കുന്നതിന് എത്രത്തോളം സ്നേഹം ഉള്ളിൽ ഉണ്ടാകണം? കടലോളമോ? അതോ ഒരു കണ്ണുനീർത്തുള്ളി ഓളമോ? അതിനെ അളക്കാൻ ഒരു അളവുകോലോ, ഗണിച്ചു നോക്കാൻ എന്തെങ്കിലും പട്ടികയോ ഉണ്ടോ? ഞങ്ങളുടെ വേദനകൾ ആഗോള പ്രതിഭാസവും നിങ്ങളുടേത് വെറും പ്രാദേശിക സംഭവമെന്ന മട്ടിൽ നിഷ്കളങ്കരുടെ മരണത്തെയും നമ്മൾ തരം തിരിക്കുന്നു. എൻറെ കൂടെയുള്ളവർ മരിച്ചാൽ തീരാനഷ്ടവും ദൂരെ ഉള്ളവർ മരിച്ചാൽ ജനസംഖ്യയുടെ ആനുപാതികതയും എന്നുപറയുന്ന ഒരു ദുഷിച്ച ചിന്താരീതി ഇപ്പോൾ നമ്മുടെ ഇടയിലും പടരാൻ തുടങ്ങിയിരിക്കുന്നു. സഹജന്റെ വേദനയെ ജാതി, മതം, വർഗ്ഗം, വർണ്ണം, രാഷ്ട്രം, എന്ന പ്രിസത്തിലൂടെയല്ലാതെ നമുക്ക് കാണുവാൻ സാധിക്കുന്നില്ല. വേദനയ്ക്ക് അതിരുണ്ടോ? വേദനയ്ക്ക് ഭാഷയുണ്ടോ? അവരുടെയും നമ്മുടെയും കണ്ണീരുകളുടെ രുചിക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ? ചില തലവരകൾ ദുരന്തത്തിന്റെ പാളങ്ങളിലൂടെ നീങ്ങുന്നത് കാണുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ നമുക്ക് പറ്റൂ. പക്ഷേ, അവിടെ അങ്ങനെ നിൽക്കുമ്പോൾ അതെല്ലാം ആസ്വദിക്കുന്ന ധർമ്മഭ്രംശം സംഭവിച്ച കാഴ്ചക്കാരായി ചിലർ മാറുന്നു.

പറഞ്ഞുവരുന്നത് ഹൃദയത്തിൻറെ നിരീശ്വരത്വത്തെ കുറിച്ചാണ്.

നമുക്കറിയാം. നിരീശ്വരർ യുക്തി എന്ന ദൈവത്തെ ആരാധിക്കുന്നവരാണ് എന്ന കാര്യം. അവരുടെ വിശ്വാസമനുസരിച്ച് സ്വന്തം തലയുടെ മുകളിൽ ഒന്നും ഇല്ല എന്നതാണ്. എല്ലാം എൻറെ തലയിൽ അടങ്ങിയിട്ടുണ്ട്. എന്തെന്നാൽ അതിനുള്ള സാധനങ്ങളെല്ലാം ഞാൻ വായനയിലൂടെയും അനുഭവത്തിലൂടെയും സ്റ്റോർ ചെയ്തിട്ടുണ്ട്. ഇതാണ് നല്ല ശതമാനം “നിരീശ്വരാരാധകരുടെ” കാര്യം. അതിൽ അപവാദം ആയിട്ടുള്ളത് ചുരുക്കം ചിലർ മാത്രമാണ്. അവർ യുക്തിക്ക് മുകളിൽ മാനവികതയ്ക്ക് സ്ഥാനം നൽകും.

പക്ഷേ, ചില അഭിനവ യുക്തന്മാരുണ്ട്. രണ്ടോ മൂന്നോ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചു കഴിയുമ്പോൾ മുളച്ചു വരുന്ന ചില തകരകൾ. വിഡ്ഢിലോകത്തിൽ ജീവിക്കുന്ന ചില ചതുര തലയൻമാർ. എന്താണ് വേദന എന്ന് മനസ്സിലാക്കാൻ കഴിയാത്ത കഴുത തലകളാണവർ. പുസ്തകങ്ങളിൽ നിന്നും കിട്ടിയ അറിവ് നാഡികളുടെ ഇടയിൽ കുടുങ്ങി ഞരമ്പുരോഗികളായ യുക്തൻമാരെ കാണുമ്പോൾ ഇവന്മാരൊക്കെ ഹോമോസാപ്പിയൻസിന്റെ ഗണത്തിൽ പെട്ടതു തന്നെയാണോ എന്ന് സംശയിച്ചു പോകുന്നു. ഇവന്മാരുടെ തലയിൽ വെറുപ്പിന്‍റെ വിത്തുകൾ മാത്രമേ മുളച്ചു വരികയുള്ളോ? Odium fidei യുടെ പേരിൽ അഥവാ വിശ്വാസത്തിനോടുള്ള വെറുപ്പിന്റെ പേരില്‍ മനുഷ്യ വേദനയെ പരിഹസിക്കുന്നത് എന്തിനാണ്? കരുണ, അനുകമ്പ എന്നീ യാഥാർത്ഥ്യങ്ങളോട് എന്താണിത്ര പുച്ഛം?

മതവും ദൈവവും അല്ല ഇവിടത്തെ വിഷയം. വേദനിക്കുന്ന ഒരു പറ്റം ജനങ്ങളാണ്. ആരു കൊന്നു? ആരു മരിച്ചു? എന്താണ് കാരണം? എന്നീ ചോദ്യങ്ങൾക്കും അതിൻറെ വിശകലനങ്ങൾക്കും ഉത്തരങ്ങൾക്കും മുകളിലാണ് മനുഷ്യ വേദനയെന്ന കൺമുമ്പിൽ ഉള്ള യാഥാർത്ഥ്യം. ഓര്‍ക്കുക, ഒരു യുക്തി വിചാരധാരയും സഹനത്തിന്റെ നിമിഷങ്ങളിൽ ആശ്വാസമായി മാറിയതായി ഞാൻ കണ്ടിട്ടുമില്ല. കേട്ടിട്ടുമില്ല. അനുഭവിച്ചിട്ടുമില്ല. സഹനത്തിന്റെ മുൻപിൽ യുക്തിയുടെ ഭാഷയ്ക്ക് കാലണയോളം വിലയില്ല. അവിടെ ഊർജ്ജമായി മാറുന്നത് ഹൃദയത്തിൻറെ ഭാഷ മാത്രമായിരിക്കും. അത് കടം കൊള്ളുന്ന അക്ഷരങ്ങൾ ഏതെങ്കിലും മത ഗ്രന്ഥത്തിൽ നിന്നും ആയിരിക്കും.

അതുകൊണ്ട് നിഷ്കളങ്കരുടെ വേദനകൾ കാണുമ്പോഴോ, ചില ക്രൂരതകളുടെ മുൻപിലോ, മരണമെന്ന ഇനിയും മനസ്സിലാക്കാൻ സാധിക്കാത്ത യാഥാർത്ഥ്യത്തിന്റെ മുൻപിലോ ഇതികർത്തവ്യമൂഢരായി സാധാരണകാരായ ഞങ്ങൾ ഇരുന്നു പോകുന്ന ചില നിമിഷങ്ങളിൽ ഹൃദയത്തിൽ നിരീശ്വരത്വം എന്ന അർബുദം ബാധിച്ചവർ അവരുടെ സാഡിസ്റ്റ് ചിന്തകളും വാക്കുകളുമായി ദയവായി വരരുത്. വേദനയ്ക്കും സഹനങ്ങൾക്കും മുകളിലല്ല ഒരു ആശയപ്രേമവും പ്രമാണവും ശാസ്ത്രവും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker