Kazhchayum Ulkkazchayum

അമ്മക്കോഴിയും സന്യാസിയും

വിദ്യാഭ്യാസം

ഒരു മിനിക്കഥ. ഇതില്‍ ഒരു വലിയ സന്ദേശം അടങ്ങിയിട്ടുണ്ട്. ഗ്രന്ഥകര്‍ത്താവിനെ ഓര്‍ക്കുന്നില്ല. ഒരു അമ്മക്കോഴി 13 കുഞ്ഞുങ്ങളുമായി ആഹാരം ചികഞ്ഞു തിന്നുന്ന സമയം, ഒരു കോഴിക്കുഞ്ഞ് കൂടെ കൂട്ടത്തില്‍ വന്നുചേര്‍ന്നു. അമ്മക്കോഴി ആ കുഞ്ഞിനെയും ചേര്‍ത്തണച്ചു. പക്ഷേ അമ്മക്കോഴി ആ കുഞ്ഞില്‍ ചില പ്രത്യേകതകള്‍ ശ്രദ്ധിച്ചു. മറ്റുകുഞ്ഞുങ്ങളെപ്പോലെ ആഹാരം ചികഞ്ഞു തിന്നുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ല….? കാക്കയും പരുന്തും വരുമ്പോള്‍ അമ്മക്കോഴി അപകട സൂചന വിളിച്ചറിയിക്കും. ആഗതന്‍ അത് അത്രകാര്യമാക്കിയില്ല; അമ്മക്കോഴിയുടെ ചിറകിനുളളില്‍ കയറി ഒളിക്കാന്‍ ഒരിഷ്ടക്കേട്….? ഈ അനുസരണക്കേട് അമ്മയ്ക്ക് അത്രരസിച്ചില്ല. ചിലപ്പോഴൊക്കെ ഈ അതിഥിയെ ഒഴിവാക്കണമെന്ന ചിന്ത അമ്മക്കോഴിയിലുണ്ടായി. ആ ദിവസങ്ങളില്‍ ഒരു സന്യാസി ആ വഴി വന്നു. സന്യാസി കൗതുകത്തോടെ അവസാനം വന്ന ആ കോഴി കുഞ്ഞിനെ നോക്കിനില്‍ക്കുന്നതു കണ്ട് അമ്മക്കോഴി സന്യാസിയോടു വിശേഷം ആരാഞ്ഞു. സന്യാസിക്ക് ആ കോഴിക്കുഞ്ഞിനെ വിലക്കുവാങ്ങാന്‍ ആഗ്രഹം ഉണ്ടെന്നറിയിച്ചു. ‘അമ്മക്കോഴി മൂന്നിരട്ടി വിലചോദിച്ചു. സന്യാസി തര്‍ക്കിക്കാതെ വിലകൊടുത്ത് ആ കോഴിയുമായി ഒരു വലിയ മലമുകളിലേക്കു കയറി. അല്‍പം കഴിഞ്ഞപ്പോള്‍ ആകാശ വിതാനത്തില്‍ ഒരു “കഴുകൻ” ചിറകടിച്ച് വട്ടം ചുറ്റുകയാണ്. ഈ കോഴിക്കുഞ്ഞ് ശ്രദ്ധിച്ചു. ചിറകടിച്ചു സന്തോഷം കാട്ടി. ആ സമയം ആ കോഴിക്കുഞ്ഞിനെ സന്യാസി മുകളിലേക്കു പറത്തിവിട്ടു. നിമിഷ നേരം കൊണ്ട് ആ കഴുകൻ ആ കുഞ്ഞിനെ തന്റെ ചിറകില്‍ വഹിച്ചുകൊണ്ട് പറന്നുയര്‍ന്നു. ഈ കഥ ഒരു പുനര്‍വായനയ്ക്കുവിധേയമാക്കുകയാണ്. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസിലാകുന്ന കാര്യം യഥാര്‍ഥത്തില്‍ 14-ാമന്‍ “ഒരു കഴുകന്റെ” കുഞ്ഞായിരുന്നു. എന്നാല്‍ സന്യാസിക്ക് അത് കഴുകന്‍ കുഞ്ഞാണെന്നു തിരിച്ചറിയാനായി. ആ കഴുകന്‍ കുഞ്ഞ് ഒരു കോഴിക്കുഞ്ഞിനെപ്പോലെ ചേറ് ചികഞ്ഞുതിന്നാന്‍ ഉളളവനല്ലെന്ന് സന്യാസിക്ക് ഉള്‍വിളിയുണ്ടായി. സന്യാസിയുടെ “സമയോചിതമായ” ഇടപെടല്‍ കഴുകന്‍ കുഞ്ഞിന് സ്വന്തം അസ്തിത്വം തിരിച്ചറിയാനും ലക്ഷ്യത്തിലേക്ക് പറന്നുയരാനും ഇടയാക്കി.

നമ്മുടെ “ഗുരുക്കന്മാരാണ്” (അദ്ധ്യാപകര്‍) വാസ്തവത്തില്‍ മാതാപിതാക്കളെക്കാള്‍ ഒരു കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിയുന്നത്. കുട്ടികളിലുള്ള സര്‍ഗവാസനകള്‍ യഥാസമയം തിരിച്ചറിഞ്ഞ്, അക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തി അവരുടെ അഭിരുചിക്കൊത്ത് പറന്നുയരാന്‍, ഒരു വിശാലമായ ചക്രവാളം ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ചരിത്രപരവും, തൊഴില്‍പരവുമായ ഒരു ധര്‍മ്മം അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ കാലങ്ങളേക്കാള്‍ ഈ കാലഘട്ടത്തില്‍ കൂടുതലാണെന്ന സത്യം മാതാപിതാക്കള്‍ അംഗീകരിച്ചേ മതിയാവൂ. നാം ജീവിക്കുന്ന ഈ കാലഘട്ടം ഒരു മത്സരകളരിയാണ്. വിജയിക്കുന്നവനാണ് കിരീടവും, അംഗീകാരവും, പദവിയും. അക്കാര്യം വളരെ താഴ്ന്ന പ്രായത്തില്‍ തന്നെ അദ്ധ്യാപകരും, രക്ഷാകര്‍ത്താക്കളും മനസ്സിലാക്കണം. താഴ്ന്ന പ്രായത്തില്‍ തന്നെ കുട്ടിയെ അക്കാര്യം ബോദ്ധ്യപ്പെടുത്തണം. ചിട്ടയായ പരിശീലനം നല്‍കണം. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവുപുലര്‍ത്താന്‍ കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. ഇന്നിന്റെ ഒരു ആവശ്യമാണ്.

അമ്മക്കോഴിയുടെ അജ്ഞത ഒരു ഭൂഷണമല്ലാ മറിച്ച് ശാപമാണ്, കഴുകന്‍ കുഞ്ഞ് ലക്ഷ്യത്തിലേക്ക് കുതിച്ചതുപോലെ നമ്മുടെ മക്കളും പുതിയ പുതിയ മേച്ചിന്‍ പുറങ്ങള്‍ കണ്ടെത്തട്ടെ. വിജയാശംസകള്‍!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker