Meditation

ഉത്ഥിതനെ ആദ്യം കണ്ടതാര്?

ഉത്ഥിതനെ ആദ്യം കണ്ടതാര്?

മഗ്ദലേന മറിയമാണ് ഉത്ഥിതനായ കര്‍ത്താവിനെ ‘ആദ്യം’ ദര്‍ശിച്ചതെന്ന് പ്രഥമസുവിശേഷകനായ വി.മര്‍ക്കോസ് (മര്‍ക്കോ 16,9) അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. സമാനമായ വിവരണമാണ് വി.യോഹന്നാനും നൽകുന്നത് (യോഹ 20,14-18). വി.മത്തായിയാകട്ടെ, മഗ്ദലേന മറിയത്തോടൊപ്പം യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയത്തെയും ചേര്‍ക്കുന്നു (മത്താ 28,9.10). വി.ലൂക്കായുടെ സുവിശേഷം എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്കുണ്ടായ ഉത്ഥിതദര്‍ശനം ദീര്‍ഘമായി വിവരിക്കുന്നു (ലൂക്കാ 24,13-33; cf. മര്‍ക്കോ 16,12). ബാക്കിയുള്ള ദര്‍ശനവിവരണങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ് ശിഷ്യര്‍ക്കു പൊതുവായി ലഭിച്ച ഉത്ഥിതപ്രത്യക്ഷങ്ങളാണ് (മത്താ 28,16-20; മര്‍ക്കോ 16,14-18; ലൂക്കാ 24,36-50; യോഹ 20,19-23.26-29; 21,4-22). എന്നാല്‍, ”കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു” എന്ന് വി.ലൂക്കാസുവിശേഷകനും (24,34) ”അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി” എന്ന് വി.പൗലോസും (1കോറി 15,5) രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വിഷയത്തില്‍ ബൈബിള്‍പഠിതാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള വാദഗതികളില്‍ ഏതാനും ചിലത് ഇവിടെ ചേര്‍ക്കുന്നു:

1) ഉത്ഥിതന്റെ ആദ്യ സാക്ഷി എന്നതിനെക്കാള്‍ ആദ്യത്തെ ‘ഔദ്യോഗിക’ സാക്ഷിയോ ‘കാര്യപ്രാപ്തിയുള്ള’ സാക്ഷിയോ ആണ് പത്രോസ് എന്നു ചിലര്‍ കരുതുന്നു.

2) ഉത്ഥിതനെ ആദ്യമായി ദര്‍ശിച്ചത് പത്രോസാണ് എന്ന ആദിമസഭയുടെ വസ്തുതാപരമായ പ്രാചീനപാരമ്പര്യം പില്ക്കാലത്ത് പത്രോസിന്റെ വിശാലമായ കാഴ്ചപ്പാടിനോടു (ഗലാ 2,12; അപ്പ 11,12) വിയോജിപ്പുണ്ടായിരുന്ന പലസ്തീനിയന്‍ യഹൂദക്രൈസ്തവര്‍ നിശ്ശബ്ദമാക്കിയിട്ടുണ്ടാകാമെന്നാണ് അഡോള്‍ഫ് ഫൊണ്‍ ഹര്‍ണാക്കും ജൊവാക്കിം ജെറമിയാസും കരുതുന്നത്.

3) സുപ്രധാനമായ ഉത്ഥാനയാഥാര്‍ത്ഥ്യത്തിന് ഒരു സാക്ഷിമാത്രം പോരാ (നിയ 19,15) എന്നതിനാലാണ് പത്രോസിന്റെ ഉത്ഥിതദര്‍ശനത്തിനു ബദലായി മറ്റു ദര്‍ശനവിവരണങ്ങള്‍ക്കും സ്ഥാനംലഭിച്ചതെന്നാണ് ഒ. കുള്‍മാന്റെ അഭിപ്രായം.

4) സഭയില്‍ കാലക്രമേണ ശക്തിപ്പെട്ടുവന്ന പ്രാദേശികനേതാക്കളുടെ പ്രാധാന്യവും ദൈവശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രശ്‌നങ്ങളും പ്രത്യക്ഷങ്ങളുടെ പ്രാധാന്യം കാലക്രമേണ കുറഞ്ഞുവന്നതുമായി മറ്റനേകം കാരണങ്ങള്‍ എഫ്.ഗില്‍സ് മുന്നോട്ടുവയ്ക്കുന്നു.

ചരിത്രത്തെ മറികടന്ന ദൈവശാസ്ത്രം

കേപ്പായുടെ ഉത്ഥിതദര്‍ശനമെന്ന സമസ്യ വിശദീകരിക്കാനുള്ള ഇത്തരം ശ്രമങ്ങളെല്ലാം ഈ വിഷയത്തിലേക്ക് ഏറെ വെളിച്ചം വീശുന്നുണ്ടെങ്കിലും സുവിശേഷകന്മാര്‍ ഇതരവ്യക്തികളുടെ, പ്രത്യേകിച്ച് മഗ്ദലേനമറിയത്തിന്റെ ഉത്ഥിതദര്‍ശനവിവരണത്തിനു നല്കിയിട്ടുള്ള പ്രാധാന്യവും അതിനായി നീക്കിവച്ചിട്ടുള്ള ഇടവും ലൂക്കായും പൗലോസും കേപ്പായുടെ ദര്‍ശനത്തിനു നല്കിയിട്ടുള്ള നാമമാത്രമായ പരാമര്‍ശവും തമ്മിലുള്ള അന്തരം ശ്രദ്ധയില്‍പ്പെടാതെ പോകില്ല. കേപ്പായുടെ വ്യക്തിപരമായ ഉത്ഥിതദര്‍ശനം ചരിത്രപരമായിരുന്നെങ്കില്‍ അതിന് കൂടുതല്‍ പ്രാമുഖ്യവും ഇടവും നല്കാന്‍ വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. ‘അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല’ എന്നു വിളിക്കപ്പെടുന്ന മഗ്ദലേന മറിയംതന്നെയായിരിക്കണം ഉത്ഥിതനായ കര്‍ത്താവിനെ ആദ്യം കണ്ടത്.

സഭയെക്കുറിച്ചുള്ള ബോധ്യങ്ങളില്‍ പരിശുദ്ധാത്മാവു നൽകിയ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉത്ഥിതനെ കണ്ടവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലുണ്ടായ വൈവിധ്യങ്ങള്‍ക്കു നിദാനം എന്നു ഞാന്‍ വിചാരിക്കുന്നു. കേപ്പയ്ക്കുണ്ടായതായി രണ്ടുപേര്‍ പരാമര്‍ശിക്കുന്ന ഉത്ഥിതന്റെ വ്യക്തിപരമായ ദര്‍ശനം സഭാദൈവശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. അപ്പസ്‌തോലന്മാര്‍ ഉത്ഥിതന്റെ സാക്ഷികളാണ് എന്ന ദൈവശാസ്ത്രാവബോധം സഭയില്‍ വളര്‍ന്നതോടുകൂടി ഉത്ഥിതനെ ആദ്യം ദര്‍ശിക്കേണ്ടത് ഒന്നാമനായ പത്രോസുതന്നെയാണ് എന്ന ന്യായമായ നിര്‍ബന്ധം സഭയില്‍ ഉണ്ടായിട്ടുണ്ടാകണം. അപ്പസ്‌തോലന്മാര്‍ ഉത്ഥാനസാക്ഷികളാണെങ്കില്‍ അവരില്‍ പ്രമുഖന്‍ ആദ്യത്തെ ഉത്ഥാനസാക്ഷിയാകുന്നത് തികച്ചും ഉചിതമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രത്തെ കവച്ചുവയ്ക്കുന്ന ദൈവശാസ്ത്രത്തിനാണ് ഉത്ഥാനവിവരണങ്ങള്‍ സാക്ഷ്യംവഹിക്കുന്നത്.

മെത്രാന്‍ ഉത്ഥിതസാക്ഷിയെങ്കില്‍…

‘ഉത്ഥിതകേന്ദ്രീകൃതമാണ് സഭ’ എന്ന സത്യത്തിനു സമാന്തരമാണ് ‘അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷിയാണ്’ എന്ന സത്യവും. ഈ പഠനം നമ്മെ നയിക്കുന്നത് ‘യേശുവിന്റെ ഉത്ഥാനസാക്ഷിയാണ് മെത്രാന്‍’ എന്ന തികഞ്ഞ ബോധ്യത്തിലേക്കാണ്. ഒരു വിശ്വാസീ സമൂഹത്തിന്റെ അപ്പസ്‌തോലന്‍ ഉത്ഥാനസാക്ഷിയെങ്കില്‍ രൂപത ഉത്ഥാനപ്രഭയില്‍ കുളിച്ചുനില്ക്കും. ഉത്ഥാനകേന്ദ്രീകൃതമായ ഒരു വിശ്വാസജീവിതം വിശ്വാസികള്‍ക്കു സാധ്യമാകും. ഞായറാഴ്ചകള്‍ ആഴ്ചയിലെ ഈസ്റ്റര്‍ദിനങ്ങളാകും. ആരാധനക്രമങ്ങളും പ്രാര്‍ത്ഥനാവേളകളും ഉത്ഥിതനെ സ്വജീവിതത്തിന്റെ നടുമുറ്റത്തു കണ്ടെത്തുന്ന ആനന്ദവേളകളായിത്തീരും. മഗ്ദലേനമാരുടെ കണ്ണീരിനു വിരാമമാകും. ജീവിതത്തിന്റെ ഗലീലിത്തീരങ്ങളില്‍ ഏവര്‍ക്കും പ്രാതലൊരുങ്ങും. പ്രത്യാശ വിശ്വാസികളുടെ കൊടിയടയാളമാകും. ലോകത്തെ ‘കീഴ്‌മേല്‍ മറിക്കാന്‍’ പര്യാപ്തമായ സുവിശേഷപ്രഘോഷണവും പീഡകരെയും മാനസാന്തരപ്പെടുത്താന്‍പോന്ന രക്തസാക്ഷിത്വവും ഉറപ്പായും ഉണ്ടാകും. സെക്ടുകളുടെ ആകര്‍ഷകത്വം തീര്‍ത്തും മങ്ങും. ജീവനു ഭീഷണികളായ മദ്യവും മയക്കുമരുന്നും മലിനീകരണവും ഭ്രൂണഹത്യയും കരുണാവധവും ആത്മഹത്യയും അന്യംനിൽക്കും. ചുരുക്കത്തില്‍, ജീവിതത്തിലെ വൈവിധ്യമാര്‍ന്ന കല്ലറകള്‍ക്കെല്ലാം ഒരു മൂന്നാം ദിനമുണ്ടാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker