Meditation

“നീ എന്നെ സ്നേഹിക്കുന്നുവോ?” (യോഹ.21:1-19)

സ്നേഹത്തിനോടുള്ള നിന്റെ ആഗ്രഹമുണ്ടല്ലോ, അതു മതി യേശുവിനു നിന്നെ അവന്റെ ഹൃദയത്തോട് ചേർത്തു നിർത്താൻ

അപ്പസ്തോലന്മാർ എവിടെ നിന്നാണോ തുടങ്ങിയത് അവിടെത്തന്നെ തിരിച്ചെത്തിയിരിക്കുന്നു. അവർ ഉപേക്ഷിച്ച അവരുടെ പഴയ ജോലിയും പഴയ വാക്കുകളും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. പത്രോസ് പറയുന്നു; “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്”… “എന്നാൽ ഞങ്ങളും വരുന്നു.”

ഒരു രാത്രി മുഴുവൻ അവർ അധ്വാനിച്ചു എന്നിട്ടും വള്ളത്തിൽ ഒരു മീനു പോലുമില്ല. സുവിശേഷകൻ വളരെ വ്യക്തമായി കുറിക്കുന്നുണ്ട് ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. വഞ്ചിതരായോ എന്ന അവസ്ഥയിലാണ് ഇപ്പോൾ ആ ശിഷ്യന്മാർ. ഏതു സാധാരണ മീൻപിടുത്തക്കാർക്കും സംഭവിക്കാവുന്ന അവസ്ഥ തന്നെയാണിത്. യേശു തൻറെ ശിഷ്യന്മാർക്ക് സ്വയം വെളിപ്പെടുത്തുന്നത് അവരുടെ ജീവിതത്തിൻറെ ഈ സാധാരണതയിലാണ്. നോക്കൂ, അനുദിനമുള്ള നിന്റെ പ്രവർത്തന മണ്ഡലങ്ങളിലാണ് യേശു കടന്നു വരുക. അല്ലാതെ വിശുദ്ധമെന്ന് കരുതുന്ന ചില വേലിക്കെട്ടിനുള്ളിലാണെന്ന് നീ വിചാരിക്കരുത്.

തന്നെ ഉപേക്ഷിച്ചവരുടെ അടുത്തേക്ക് തന്നെയാണ് യേശു ഇപ്പോൾ കടന്നു വന്നിരിക്കുന്നത്. തന്റെ മുൻപിൽ എല്ലാ അപരാധങ്ങളും ഏറ്റു പറഞ്ഞു മുട്ടുകുത്തുവാൻ അവൻ അവരോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവൻ കടൽക്കരയിൽ ഒരു അടുപ്പുകൂട്ടി അമ്മയെപോലെ അവർക്കായി ഭക്ഷണം ഒരുക്കുകയാണ്. ഇതാണ് യേശുവിൻറെ ശൈലി. ഇത് ആർദ്രതയുടെയും എളിമയുടെയും സംരക്ഷണത്തിന്റെയും ശൈലിയാണ്. അവൻ അവരെ വിളിച്ചതോ കുഞ്ഞുങ്ങളെ എന്നുമാണ്. അവൻ ആവശ്യപ്പെടുന്നതോ അവരുടെ അധ്വാന ഫലത്തിൽ നിന്നും കുറച്ചുമാണ്. അത് സ്വന്തമാക്കാനല്ല, പങ്കുവയ്ക്കാനാണ്.

പരസ്പരം മനസ്സിലാക്കിയ ഒരു പ്രഭാതമായിരുന്നു അത്. അതുകൊണ്ടുതന്നെ ആരും അവനോട് നീ ആരാണ് എന്ന് ചോദിക്കാൻ മുതിർന്നില്ല. സ്വാദൂറുന്ന അപ്പത്തിൻറെയും വറുത്ത മീനിന്റെയും ഗന്ധവും ഒപ്പം ഗുരുവിൻറെ സാന്നിധ്യവും അവർക്ക് ഒരു വീടനുഭവം നൽകിയിട്ടുണ്ടാകണം. അങ്ങനെ ആ തീകൂനയുടെ ചുറ്റും സൗഹൃദത്തിൻറെ അന്തരീക്ഷം വീണ്ടും ഉടലെടുക്കുകയാണ്.

സുവിശേഷങ്ങളിൽ ഒരു സ്ഥലത്തും കാണാൻ സാധിക്കാത്ത ഒരു ഭാഷാശൈലി ഇപ്പോൾ ഉത്ഥിതൻ ഉപയോഗിക്കുന്നു. പച്ചയായ ഒരു മനുഷ്യൻറെ ലളിതമായ സ്നേഹത്തിൻറെ ഭാഷയാണത് അഥവാ ചോദ്യമാണത്; “നീ എന്നെ സ്നേഹിക്കുന്നുവോ?” ഓരോ ഹൃദയസ്പന്ദന ങ്ങളുടെയും താളമാണ് ഈ ചോദ്യം. അമ്മയുടെ തഴുകലിലും, അപ്പൻറെ വാത്സല്യത്തിലും, സഹോദരങ്ങളുടെ ശ്രദ്ധയിലും, ദമ്പതികളുടെ പരിഭവങ്ങളിലും, മക്കളുടെ കുസൃതികളിലും, സുഹൃത്തിൻറെ മനസ്സിലാക്കലിലും, പ്രണയിനികളുടെ കണ്ണുകളിലും, ഗുരുക്കന്മാരുടെ കാർക്കശ്യങ്ങളിലും ഈയൊരു ചോദ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരമ്മ തൻറെ കുഞ്ഞിനോട് ഈ ചോദ്യം ഉന്നയിക്കുമ്പോൾ എല്ലാവരെയും പോലെ അവർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഉത്തരമുണ്ട്; “ഉവ്വ്, ഞാൻ നിന്നെ സ്നേഹിക്കുന്നു.” യേശുവും പത്രോസിൽ നിന്നാഗ്രഹിക്കുന്നത് അതേ ഉത്തരം തന്നെയാണ്. നോക്കു, ഉത്ഥിതന്റെ ഭാഷ നമ്മെ പോലെ ഒരു സാധാരണക്കാരന്റെ ഭാഷയാണ്. ഇത് വിശുദ്ധിയുടെ ഭാഷയാണ്. ഇത് ജീവിതത്തിൻറെ ആഴമായ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഭാഷയാണ്. വിശുദ്ധി എന്നാൽ സാധാരണതയെ ആലിംഗനം ചെയ്യുക എന്നതാണ്. അതായത് സ്നേഹിക്കുക. സ്നേഹത്തിതന്റെ ഭാഷ സ്വീകരിക്കുക.

ഇനി നമ്മുക്ക് യേശുവും പത്രോസും തമ്മിലുള്ള സംഭാഷണ ശകലം ഒന്നു ശ്രദ്ധിക്കാം. മൂന്ന് ചോദ്യങ്ങളാണ് യേശു ചോദിക്കുന്നത്. മൂന്നും ഒരേ ചോദ്യങ്ങൾ ആണെന്ന് തോന്നും, പക്ഷേ വ്യത്യസ്തങ്ങളാണവകൾ. എന്തെന്നാൽ അവിടെ രണ്ടു പദങ്ങളാണ് “സ്നേഹിക്കുക” എന്ന യാഥാർത്ഥ്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. (1) അഗാപ്പാവോ, (2) ഫിലേയോ. അഗാപ്പാവോ എന്നാൽ അതിരുകളില്ലാതെ സ്നേഹിക്കുക അല്ലെങ്കിൽ ദൈവീകമായി സ്നേഹിക്കുക എന്നും, ഫിലോസ് എന്നാൽ മാനുഷീകമായി സ്നേഹിക്കുക അല്ലെങ്കിൽ സൗഹൃദം എന്നും അർത്ഥം.

ഇനി യേശുവിന്റെ ആദ്യ ചോദ്യം നമുക്ക് ശ്രദ്ധിക്കാം;
-“യോഹന്നാൻറെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (Σίμων Ἰωάννου, ἀγαπᾷς με πλέον τούτων;).
-“ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ” (ναὶ κύριε, σὺ οἶδας ὅτι φιλῶ σε.)

പത്രോസ് ഉത്തരം നൽകുന്നത് ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന അഗാപ്പാവോ എന്ന പദം കൊണ്ടല്ല. മറിച്ച് സൗഹൃദം എന്നർത്ഥം വരുന്ന ഫിലേയോ എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പത്രോസ് ഫിലേയോ എന്ന പദം ഉപയോഗിച്ചത്? ചിലപ്പോൾ യേശുവിൻറെ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന “ഇവരെക്കാൾ അധികം” എന്ന താരതമ്യത്തിനു മുമ്പിൽ അവൻ പതറി പോയതായിരിക്കാം. അതു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം യേശു ചോദ്യം വീണ്ടും ആവർത്തിക്കുന്നു. ഈ ചോദ്യത്തിൽ പക്ഷെ താരതമ്യമില്ല: “നീ എന്നെ സ്നേഹിക്കുന്നുവോ?” അപ്പോഴും പത്രോസിന്റെ ഉത്തരം ഫിലേയോ എന്ന പദത്തിൽ ആണ് നിൽക്കുന്നത്. പത്രോസ് സ്നേഹത്തിൻറെ മാനുഷിക തലത്തിൽ നിന്നുകൊണ്ടാണ് മറുപടി നൽകുന്നത്. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. യേശുവിൻറെ മൂന്നാമത്തെ ചോദ്യത്തിൽ അസാധാരണമായ മാറ്റം സംഭവിക്കുകയാണ്. യേശു ഇവിടെ പത്രോസ് ആദ്യത്തെ രണ്ട് ഉത്തരങ്ങളിൽ ഉപയോഗിച്ച ഫിലേയോ എന്ന പദം ഉപയോഗിക്കുകയാണ്. യേശു അഗാപ്പാവോ എന്ന പദം ഉപയോഗിക്കുന്നില്ല. പത്രോസിന്റെ മാനുഷിക തലത്തിലേക്ക് യേശു ഇറങ്ങി വരുന്നു. സ്നേഹത്തിൻറെ സ്വർഗ്ഗീയ തലത്തിൽനിന്നും സ്നേഹത്തിൻറെ മാനുഷിക തലത്തിലേക്ക്, അതിൻറെ സൗഹൃദത്തിലേക്ക്, പത്രോസ് ആയിരിക്കുന്ന അവസ്ഥയിലേക്ക്, യേശു താഴുകയാണ്.

നീ എന്നെ സ്നേഹിക്കുന്നുവോ? സ്നേഹം (അഗാപ്പെ). അത് ഒത്തിരി അധികമായിട്ട് തോന്നുന്നുണ്ടെങ്കിൽ സൗഹൃദമെങ്കിലും (ഫിലോസ്)? യേശു പത്രോസ് നിന്നും സ്നേഹത്തിന്റെ സൗഹൃദതലത്തെ ആഗ്രഹിക്കുന്നു. സ്നേഹം യേശു ആഗ്രഹിക്കുന്ന തരത്തിൽ നൽകണമെന്ന് പത്രോസിനും ആഗ്രഹമുണ്ട് പക്ഷേ അവൻറെ തന്നെ പൂർവ്വാനുഭവം സ്നേഹം (അഗാപ്പെ) എന്ന പദം പോലും ഉച്ചരിക്കുവാൻ അവനെ പ്രാപ്തനാക്കുന്നില്ല. പത്രോസിന്റെ ആ നിസ്സഹായവസ്ഥയുടെ മുൻപിൽ യേശു മനസ്സിലാക്കുകയാണ് സ്നേഹന്നതിനുള്ള ആഗ്രഹം തന്നെ സ്നേഹമാണെന്ന്. നിൻറെ ഉള്ളിലുള്ള സ്നേഹം അത് ഏത് തലത്തിൽ ആയിക്കൊള്ളട്ടെ, അതാണ് യേശു നിന്നിൽ നിന്നും ആഗ്രഹിക്കുന്നത്. നിൻറെ വീഴ്ചകളുടെയും ദൗർബല്യങ്ങളുടെയും മുമ്പിൽ നീ നിൽക്കുമ്പോൾ പത്രോസിനെ പോലെ ദൈവീകസ്നേഹം എന്ന പദം ഉച്ചരിക്കാൻ പോലും നിനക്ക് അർഹതയില്ല എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകാം. പക്ഷേ സ്നേഹത്തിനോടുള്ള നിന്റെ ആഗ്രഹമുണ്ടല്ലോ, അതു മതി. അതു മാത്രം മതി. യേശുവിനു നിന്നെ അവന്റെ ഹൃദയത്തോട് ചേർത്തു നിർത്താൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker