Vatican

അദ്ധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കണം; ഫ്രാൻസിസ് പാപ്പാ

വിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനത്തിന്റെ സംസ്കാരത്തിന് തുടക്കമിട്ട നവോഥാന നായകനായിരുന്നു വിശുദ്ധ ജോണ്‍ സാലെ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: അദ്ധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 16- Ɔ൦ തിയതി വ്യാഴാഴ്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സന്ന്യാസ സമൂഹമായ “ലസാലിയന്‍സി”നെ (Congregation of Christian Brothers) വത്തിക്കാനിലെ ക്ലമന്റൈൻ ഹാളില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ. വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രേഷിതദൗത്യമായി സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ലാ സാലെയുടെ ചരമത്തിന്റെ മൂന്നാം ശതാബ്ദി ദിനമായിരുന്നു മെയ് 16.

വിശുദ്ധ ജോണ്‍ സാലെയുടെ ലക്ഷ്യത്തെക്കുറിച്ച് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. വിദ്യാലയം വളരെ ഗൗരവകരമായൊരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും, അതില്‍ സേവനംചെയ്യുന്നവരെ വേണ്ടുവോളം ഒരുക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും പാപ്പാ പറഞ്ഞു. അതുപോലെതന്നെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമവും ചിട്ടയും വേണമെന്നും, ബുദ്ധിപരമായി മാത്രമല്ല, മനോഭാവത്തിലും സ്വതസിദ്ധമായ കഴിവിലും വിദ്യാഭ്യാസത്തോട് അഭിരുചിയുള്ളവര്‍ മാത്രമേ ഈ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്ന് അദ്ദേഹം നിഷ്ക്കര്‍ഷിച്ചിരുന്നുവെന്നും ഓർമ്മിപ്പിച്ചു. ചുരുക്കത്തിൽ, അദ്ധ്യാപനത്തെ ഒരു തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കുന്നവരെയാണ് വിശുദ്ധ ജോണ്‍ സാലെ സ്ഥാപിച്ച സഭയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരായി അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് പാപ്പാ കൂട്ടിച്ചെർത്തു.

വിദ്യാലയങ്ങള്‍ സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, പ്രത്യേകിച്ച് പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി…! പഠിക്കാന്‍ കഴിവു കുറഞ്ഞവരെ ക്രിസ്ത്യന്‍ സ്കൂളുകളുടെ ക്ലാസ്സ്മുറിയില്‍നിന്നും മാറ്റിനിര്‍ത്തുകയോ, ശിക്ഷിക്കുകയോ ചെയ്തില്ല, മറിച്ച് അവര്‍ക്കായി ക്രിയാത്മകമായ കൈപ്പണികളും തൊഴിലും കൂട്ടിയിണക്കിയ നവമായ ശിക്ഷണ രീതി വിശുദ്ധ ജോണ്‍ സാലെ തുടങ്ങിവച്ചു. അങ്ങനെ, വിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനത്തിന്റെ സംസ്കാരത്തിന് തുടക്കമിട്ട നവോഥാന നായകനായിരുന്നു വിശുദ്ധ ജോണ്‍ സാലെയെന്ന് പാപ്പാ പ്രസ്താവിച്ചു.

സഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ മൗലികമായ വിദ്യാഭ്യാസ നിയോഗവും, അവരുടെ അടിസ്ഥാന അവകാശമായും മനസ്സിലാക്കി കാലികമായി അവ നവീകരിക്കാനും, സഭാപ്രവര്‍ത്തനങ്ങളെ നവോത്ഥരിക്കാനും സ്ഥാപകനായ വിശുദ്ധ ജോണ്‍ സാലെയുടെ മൂന്നാം ശതാബ്ദിനാളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിനു സാധിക്കട്ടെ, എന്ന് പാപ്പാ ആശംസിച്ചു. ലസാലിയന്‍സ് സഭാസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറൽ ഫാ.റോബര്‍ട് ഷിയേലര്‍ പാപ്പായുടെ പ്രഭാഷണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker