Articles

എന്താണ് കത്തോലിക്കാസഭ?

റോം സഭയുടെ കേന്ദ്രമായതുകൊണ്ട് "റോമന്‍ കത്തോലിക്ക സഭ" എന്നും ലത്തീന്‍ ഔദ്യോഗിക ഭാഷയായതുകൊണ്ട് "ലത്തീന്‍സഭ" എന്നും വിളിക്കപ്പെടുന്നു

ഫാ.ഷിന്റോ വെളീപ്പറമ്പിൽ

ദൈവപുത്രനായ യേശുക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ചതും, പത്രോസ് അപ്പസ്തോലന്റെ പിന്‍ഗാമിയായ പാപ്പായുടെ പരമാചാര്യത്വത്തിന്‍ കീഴിലുള്ളതുമായ ക്രൈസ്തവരുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. വി.പത്രോസില്‍ ആരംഭിച്ച അപ്പസ്തോലിക പാരമ്പര്യത്തിന്റെ ഇടമുറിയാത്ത പാരമ്പര്യത്തിലെണ്ണുമ്പോള്‍ ഫ്രാന്‍സിസ് പാപ്പാ 266-ാമത്തെ പിന്‍ഗാമിയാണ്.

സഭയുടെ ആരംഭം മുതല്‍ 1054 വരെ കത്തോലിക്കാസഭ (അപ്പസ്തോലിക പൈതൃകത്തിന്റെ തുടര്‍ച്ച) മാത്രമേ ക്രൈസ്തവസഭയായി ഉണ്ടായിരുന്നുള്ളു. പിന്നീട് 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തിലുണ്ടായ വിപ്ലവചിന്തകളുടെ അനന്തരഫലമയി രണ്ടാമതും സഭയില്‍ പിളര്‍പ്പുണ്ടായി. ഈ രണ്ടു വിഭജനങ്ങള്‍ക്കുശേഷവും പത്രോസിന്റെ പിന്‍ഗാമിയുടെ അധികാരത്തിനു കീഴ്പ്പെട്ടു നില്ക്കുന്ന വിശ്വാസസമൂഹമാണ് കത്തോലിക്കാ സഭ.

ഭൂമിശാസ്ത്രപരമായി കത്തോലിക്കാസഭയെ പാശ്ചാത്യസഭയെന്നും, പൗരസ്ത്യസഭയെന്നും വിഭജിക്കാറുണ്ട്. റോമന്‍ കത്തോലിക്കാസഭയെയാണ് പാശ്ചാത്യസഭ എന്നുവിളിക്കുന്നത്. റോം സഭയുടെ കേന്ദ്രമായതുകൊണ്ട് “റോമന്‍ കത്തോലിക്ക സഭ” എന്നും ലത്തീന്‍ ഔദ്യോഗിക ഭാഷയായതുകൊണ്ട് “ലത്തീന്‍സഭ” എന്നും വിളിക്കപ്പെടുന്നു.

കത്തോലിക്കാസഭയോട് ഐക്യപ്പെട്ടും, സഭാതലവനായ പാപ്പായോടു വിധേയപ്പെട്ടും കഴിയുന്ന 23 വ്യക്തിഗതസഭകളെയാണ് “പൗരസ്ത്യസഭ” എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഓരോ വ്യക്തിഗത സഭകള്‍ക്കും ഓരോ സഭാതലവനുണ്ട്. ഫ്രാന്‍സിസ് പാപ്പാ ‘ലത്തീന്‍ കത്തോലിക്കാ സഭയുടെ തലവന്‍ എന്നതോടൊപ്പം കത്തോലിക്കാ സഭയുടെ പരമാധികാരിയുമാണ്’.

ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭ. 2017-ല്‍ വത്തിക്കാന്‍ ഇറക്കിയ കണക്കുപ്രകാരം (ആനുവാരിയോ പൊന്തിഫിച്ചിയോ) ലോക കത്തോലിക്കാ ജനസംഖ്യ 120 കോടി 85 ലക്ഷമാണ്. അതില്‍ 1 കോടി 79 ലക്ഷം പേര്‍ പൗരസ്ത്യസഭാംഗങ്ങളും ശേഷമുള്ളവര്‍ ലത്തീന്‍ കത്തോലിക്കരുമാണ്.

കത്തോലിക്കാ സഭയില്‍പ്പെട്ട 3 വ്യക്തിഗതസഭകള്‍ കേരളത്തിലുണ്ട്: പൗരസ്ത്യസഭകളായ സീറോ മലബാര്‍ സഭയും, സീറോ മലങ്കര സഭയും, പാശ്ചാത്യസഭയായ ലത്തീന്‍സഭയും. പൗരസ്ത്യ സഭകളില്‍ ഏറ്റവും വലിയ സഭ ഉക്രേനിയന്‍ ഗ്രീക്കു കത്തോലിക്കാ സഭയാണ്. 3,744 ഇടവകകളും 44 മെത്രാന്മാരും 3421 വൈദികരുമുള്ള ഈ സഭയില്‍ 4,471,688 വിശ്വാസികളുണ്ട്. 2,943 ഇടവകകളും 54 മെത്രാന്മാരും 7946 വൈദികരും 4,251,399 വിശ്വാസികളുമുള്ള സീറോ മലബാര്‍ സഭയാണ് പൗരസ്ത്യസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭ. സീറോ മലങ്കര സഭയില്‍ 458,015 വിശ്വാസികളും 14 മെത്രാന്മാരും 951 ഇടവകകളും 739 വൈദികരുമുണ്ട്.

1. സഭയുടെ തലവന്‍ പാപ്പായാണ്. മെത്രാന്‍, പുരോഹിതന്‍, ഡീക്കന്‍ എന്നിങ്ങനെയാണ് ഹയരാര്‍ക്കിക്കല്‍ ക്രമീകരണം.

2. സഭയുടെ വിശ്വാസത്തിന്റെയും പ്രബോധനത്തിന്റെയും അടിസ്ഥാനം വി. ഗ്രന്ഥവും, പാരമ്പര്യവുമാണ്. അപ്പസ്തോലന്മാരിലൂടെ വെളിപ്പെടുത്തപ്പെട്ട വിശ്വാസസംഹിത സംരക്ഷിക്കപ്പെട്ടത് പാരമ്പര്യത്തിലാണെന്ന് സഭ വിശ്വസിക്കുന്നതിനാലാണ് പാരമ്പര്യത്തിനും പ്രാധാന്യം കൊടുക്കുന്നത്. ഉദാഹരണമായി, യേശുവിന്റെ ഭൗമികജീവിതത്തിനും സുവിശേഷം രചിക്കപ്പെടുന്നതിനും ഇടയില്‍ സുവിശേഷം സംരക്ഷിക്കപ്പെട്ടത് പാരമ്പര്യത്തിലായിരുന്നു. ‘വിശ്വാസപ്രമാണം’ സഭയുടെ വിശ്വാസങ്ങളുടെ സംക്ഷേപമാണ്.

3. ദൈവം ഒന്നേയുളളുവെന്നും, ഏകദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്നും സഭ വിശ്വസിക്കുന്നു. യേശു ദൈവത്തിന്റെ പുത്രനാണെന്നും, അവിടന്ന് മനുഷ്യനായി അവതരിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് കൊല്ലപ്പെടുകയും, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേൽക്കുകയും, അന്ത്യവിധി നാളില്‍ മനുഷ്യരെ വിധിക്കാന്‍ രണ്ടാമതും വരുമെന്നും, അവരുടെ ചെയ്തികള്‍ക്കനുസൃതമായി സ്വര്‍ഗമോ നരകമോ നല്‍കുമെന്നും സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

4. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഫലദായകമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഭ പ്രോത്സാഹിപ്പിക്കുന്നു.

5. യേശു സ്ഥാപിച്ച ജ്ഞാനസ്നാനം, കുര്‍ബാന, സ്ഥൈര്യലേപനം, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം എന്നീ ഏഴു കൂദാശകളില്‍ കേന്ദ്രീകൃതമാണ് സഭയുടെ നിലനില്പ്.

6. യേശുവാണ് ഏകമധ്യസ്ഥനെന്നും, പരിശുദ്ധ മറിയം ദൈവപുത്രനായ യേശുവിന്റെ മാതാവും സഹരക്ഷകയുമാണെന്നും, സ്വര്‍ഗീയരായ പരിശുദ്ധ കന്യാമറിയത്തിനും വിശുദ്ധര്‍ക്കും ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കുമെന്നും സഭ വിശ്വസിക്കുന്നു.

7. സഭ ഏകവും, വിശുദ്ധവും, കാതോലികവും (സാര്‍വത്രികം), അപ്പസ്തോലികവുമാകുന്നു.

8. റോമിലെ വത്തിക്കാന്‍ സഭയുടെ കേന്ദ്രവും, സെന്റ്.ജോണ്‍ ലാറ്ററന്‍ ബസിലിക്ക പാപ്പായുടെ ഔദ്യോഗിക കത്തീഡ്രലുമാണ്. ‘ഒസ്സര്‍വത്തോരെ റൊമാനോ’ ആണ് സഭയുടെ ഔദ്യോഗിക പത്രം.

http://romancatholicchurch.in/blog/the-catholic-church

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker