Public Opinion

കുറുക്കനെ തിരിച്ചറിയാനാകാതെ കൂട്ടിയിടിക്കുകയാണോ ആട്ടുകൊറ്റന്മാര്‍

ഫാ. ജോഷി മയ്യാറ്റിൽ

രണ്ട് ആട്ടുകൊറ്റന്മാര്‍ ഉശിരോടെ കുതിച്ചുചാടി കൂട്ടിയിടിക്കുകയാണ്! രണ്ടു വര്‍ഷത്തോളമായി ഇടി തുടങ്ങിയിട്ട്. രണ്ടും ചോര വാര്‍ക്കുന്നുണ്ട്… പാവം വിശ്വാസീസമൂഹവും പൊതുസമൂഹവും ഇതുകണ്ട് മൂക്കത്തു വിരല്‍വച്ചു നില്പാണ്. ക്രിസ്തു പരിഹാസ്യനായിക്കൊണ്ടേയിരിക്കുന്നു… സഭ ശുഷ്‌കിച്ചുകൊണ്ടേയിരിക്കുന്നു… ആട്ടിന്‍കൊറ്റന്മാരുടെ ദ്വന്ദ്വയുദ്ധം കണ്ട് നാവില്‍ വെള്ളവുമൂറി ദൂരെയെവിടെയോ ഒരുവന്‍ പതുങ്ങിയിരിക്കുന്നു. ആ കുറുക്കനെ ആരും മനസ്സിലാക്കുന്നില്ല, കാണുന്നില്ല, തേടുന്നുമില്ല!

വെറുപ്പിന്റെ മനസ്സുകള്‍ക്ക് യുക്തിയുടെ വെളിച്ചം നഷ്ടമാകും. അതിനു നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ജഡത്തിന്റെ വ്യാപാരമെന്നു ബൈബിള്‍ വിശേഷിപ്പിക്കുന്ന വിഭാഗീയതയുടെ ചിന്തകളും ഭാഷയും നിലപാടുകളും പലരും ആഭരണമായി അണിഞ്ഞിരിക്കുന്നതായി പത്രസമ്മേളനങ്ങള്‍, പത്രക്കുറിപ്പുകള്‍, സര്‍ക്കുലറുകള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, സോഷ്യല്‍മീഡിയാ കുറിപ്പുകള്‍ എന്നിവ വെളിപ്പെടുത്തുന്നു. സത്യം, സുതാര്യത എന്നീ വാക്കുകളാണ് ഒരു വിഭാഗത്തിനു പ്രിയങ്കരമെങ്കില്‍, ഗൂഢാലോചനയാണ് മറുവിഭാഗത്തിന്റെ പ്രിയപദം.

ഉത്തരവാദിത്തപ്പെട്ടവരുടെയും തന്റെയും ശ്രദ്ധയില്ലായ്മകൊണ്ട് ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിനു സംഭവിച്ച പിഴവ്, ഏതാനും ചില രേഖകളുടെ അടിസ്ഥാനത്തില്‍, എറണാകുളത്തെ നല്ലൊരു പങ്കു വൈദികര്‍ക്കിടയിലും കര്‍ദിനാളിനെതിരേ ന്യായമായ പ്രതിഷേധമുണരാന്‍ ഇടയാക്കി. നിലവിലുള്ള ലിറ്റര്‍ജിത്തര്‍ക്കം ഇതിന് ആക്കംകൂട്ടി. ചിലരെ താക്കോല്‍സ്ഥാനങ്ങളില്‍നിന്നു മാറ്റിയത് പാരയായിത്തീരുകയുംചെയ്തു. മേല്പറഞ്ഞ രേഖകള്‍ കര്‍ദിനാളിന്റെ വ്യക്തിസമഗ്രതയ്‌ക്കെതിരേയുള്ള തെളിവായി ചിലര്‍ കരുതിയതിന്റെ വെളിച്ചത്തില്‍, ‘കര്‍ദിനാളിന്റെ തെറ്റല്ല, കര്‍ദിനാളാണ് തെറ്റ്’ എന്ന മുദ്രാവാക്യംവരെ ഉയര്‍ന്നുവന്നു.

രേഖകള്‍ വ്യാജമാണെന്നു പോലീസ് പറയുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? പോലീസ് പറയുന്നത് അത് നാലുപേരെങ്കിലും ചേര്‍ന്നു ചമച്ചതാണെന്നാണ്! രണ്ടു പേരുകള്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തു – ആദിത്യനും ടോണിയച്ചനും! രേഖകള്‍ വ്യാജമല്ലെന്ന് അതിരൂപതയുടെ പിആര്‍ഒ പറയുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? കര്‍ദിനാളിനെതിരേയുള്ള തങ്ങളുടെ നിലപാടിന്റെ തെളിവായി അവര്‍ ഇപ്പോഴും ആ രേഖകളെ കണക്കാക്കുന്നു. എന്നാല്‍, ഈ രണ്ടു നിലപാടിലും ഗുരുതരമായ വീഴ്ചകളില്ലേ?

ഒരു അന്തര്‍ദേശീയ വ്യാപാരസ്ഥാപനത്തിന്റെ സെര്‍വറില്‍നിന്ന് താന്‍ സ്‌ക്രീന്‍ഷോട്ട് എടുത്തതാണെന്ന ആദിത്യന്റെ ആദ്യംമുതലേയുള്ള വെളിപ്പെടുത്തല്‍ എന്തുകൊണ്ടാണ് പോലീസ് മുഖവിലയ്‌ക്കെടുക്കാത്തത്? ചില പേരുകളും സ്ഥാപനങ്ങളും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഞടുക്കമുളവാക്കുന്നവയാണ്! അതിനാല്‍ത്തന്നെ, അന്തര്‍ദേശീയ വ്യാപാരസ്ഥാപനത്തിന്റെ സെര്‍വര്‍ തപ്പിപ്പിടിക്കുന്നതിനെക്കാള്‍ എളുപ്പം ആദിത്യന്റെ നഖം പിഴുതെടുക്കുന്നതാണെന്നു കരുതുന്ന കുറ്റാന്വേഷകരുടെ ലോകത്തില്‍ ജാഗ്രത ആവശ്യമാണ്. അഡ്മിനിസ്റ്റ്രേറ്ററുടെ വാക്കുകളിലും പെര്‍മനെന്റ് സിനഡിന്റെ പത്രക്കുറിപ്പിലും ഈ ജാഗ്രതയുണ്ട്. അതുപോലെതന്നെ ജാഗ്രത ആവശ്യമുള്ളതല്ലേ ആ രേഖകളിലെ ഉള്ളടക്കമായി പുറത്തുവരുന്ന കാര്യങ്ങളിലും? ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു മീറ്റിങ്ങിനെപ്പറ്റിയുള്ള കുറിപ്പില്‍ കര്‍ദിനാളിനോടും മറ്റൊരു സമുദായത്തിലെ രണ്ട് വ്യക്തികളോടുമൊപ്പം കേരളത്തിലെ എട്ടോളം ലത്തീന്‍ മെത്രാന്മാരുടെ പേരുകള്‍ ‘മിസ്റ്റര്‍’ എന്ന മുന്‍കുറിപ്പോടെ ചേര്‍ത്തതില്‍നിന്നുതന്നെ അവ വ്യാജരേഖകളാണെന്നു വ്യക്തമല്ലേ? അതിന്റെ അനുബന്ധ അക്കൗണ്ടുകളും വ്യാജംതന്നെയായിരിക്കണമല്ലോ. എന്നാല്‍, ഇവിടെ ‘വ്യാജം’ എന്നതുകൊണ്ട് ‘അയഥാര്‍ത്ഥം’ എന്നു ഞാന്‍ ഉദ്ദേശിക്കുന്നില്ല. കത്തോലിക്കാസഭയിലെ നേതാക്കളുടെ പേരില്‍ ആരോ രേഖകളും അക്കൗണ്ടുകളും ചമച്ചിട്ടുണ്ടാകാം. കള്ളപ്പണത്തിന്റെ ലോകത്ത് അതിനു സാധ്യതയില്ലാതില്ല. അതിനാല്‍, ഇത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. ഒത്തിരി നാളായി ഈ രേഖകള്‍ തങ്ങളുടെ കൈയിലെത്തിയിട്ട് എന്നു പറയുന്നവര്‍ക്ക് അത് വലിയ ബാധ്യതതന്നെയാണ്!

പരസ്പരം ഊക്കനിടികള്‍ സമ്മാനിക്കാനുള്ള തത്രപ്പാടിനിടയില്‍, ഇരുവരുടെയും ചോരകുടിക്കാന്‍ കാത്തുനില്ക്കുന്ന ആ കുറുക്കനെ തിരിച്ചറിയാന്‍ നമുക്കു കഴിയാതെപോകുന്നോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker